Categories
Kerala news

‘ബിഹാര്‍ റോബിന്‍ഹുഡ്’; അതീവ സുരക്ഷയുള്ള വീടുകളിലും കവർച്ച നടത്തും, മോഷണം സംവിധാനം ചെയ്യുന്നത് ഗൂഗില്‍ സെര്‍ച്ചിലൂടെ

ഇര്‍ഫാന്‍റെ കാര്‍ നാലുഭാഗത്ത് നിന്നു വളഞ്ഞു പിടികൂടുകയായിരുന്നു

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നിന്ന് ഒരുകോടി രൂപയോളം വിലവരുന്ന വജ്ര, സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് ‘ബിഹാര്‍ റോബിന്‍ഹുഡ്’ എന്നറിയപ്പെടുന്ന ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ പ്രതി മോഷ്ടിക്കാനായി ആഡംബര ഏരിയയിലെ വീടുകള്‍ കണ്ടെത്തിയിരുന്നത് ഗൂഗിള്‍ സെര്‍ച്ചിലൂടെ ആണെന്ന് പോലീസ്.

അന്യ സംസ്ഥാനങ്ങളിലെ ആഡംബര ഏരിയ ഗൂഗിള്‍ സെര്‍ച്ചിലൂടെ കണ്ടെത്തും. തുടര്‍ന്ന് സ്വന്തം കാറില്‍ കിലോ മീറ്ററുകള്‍ താണ്ടി ഈ സ്ഥലങ്ങളിലെത്തും. പകല്‍ സമയത്ത് വീട് കണ്ടെത്തിയ ശേഷം പുലര്‍ച്ചെ ഒന്നോടെയാണ് മോഷണം നടത്തുന്നത്. അതീവ സുരക്ഷയുള്ള വീടുകളില്‍ പോലും വീട്ടുകാര്‍ അവിടെ ഉറങ്ങിക്കിടക്കുന്ന സമയം നോക്കി അതിവിദഗ്‌ധമായി മോഷണം നടത്തി മടങ്ങുന്നതാണ് ബിഹാര്‍ റോബിന്‍ഹുഡിന്‍റെ രീതി.

ശനിയാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംവിധായകന്‍ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ ‘അഭിലാഷം’ വീട്ടില്‍ കവര്‍ച്ച നടന്നത്. മുകള്‍ നിലയില്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു സെറ്റ് വജ്ര നെക്‌ലസ്, 10 വജ്ര മോതിരങ്ങള്‍, 12 വജ്ര കമ്മലുകള്‍, രണ്ട് സ്വര്‍ണ വങ്കി, 10 സ്വര്‍ണ മാലകള്‍, 10 സ്വര്‍ണ വളകള്‍, 10 വാച്ചുകള്‍ എന്നിവയാണ് മോഷ്ടിച്ചത്. സംഭവത്തില്‍ ജോഷിയുടെ മകന്‍ അഭിലാഷിന്‍റെ പരാതിയില്‍ കേസെടുത്ത എറണാകുളം സൗത്ത് പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചിരുന്നു.

ആദ്യം സി.സി.ടി.വി ദൃശ്യങ്ങള്‍

എറണാകുളം സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദ കൃഷ്ണന്‍, എസ്‌.ഐ സി.ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം മോഷ്ടാവിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പിന്നാലെ പ്രതി സഞ്ചരിച്ചിരുന്ന കാറിന്‍റെ ദൃശ്യങ്ങളും പരിശോധിച്ചു. മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാര്‍ ആണെന്ന് വ്യക്തമായതോടെ മോഷ്ടാവിന്‍റെയും കാറിന്‍റെയും വിവരങ്ങള്‍ സൗത്ത് പോലീസ് മഹാരാഷ്ട്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ പോലീസിന് കൈമാറി.

ശനിയാഴ്‌ച വൈകുന്നേരം 4.45ന് ഉഡുപ്പി സംസ്ഥാന്‍ ടോള്‍ പ്ലാസയിലെത്തിയ കാര്‍ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഇര്‍ഫാന്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് കോട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തേജസിന്‍റെ നേതൃത്വത്തില്‍ കാറിനെ പിന്തുടര്‍ന്ന് ഇര്‍ഫാന്‍റെ കാര്‍ നാലുഭാഗത്ത് നിന്നു വളഞ്ഞു പിടികൂടുകയായിരുന്നു.

ഇര്‍ഫാനെ കസ്റ്റഡിയിലെടുത്ത ശേഷം കാര്‍ പരിശോധിച്ച പോലീസ് ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. ഇത് ജോഷിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ ഞായറാഴ്‌ച വൈകുന്നേരം എറണാകുളത്ത് നിന്നെത്തിയ പോലീസ് സംഘത്തിന് കര്‍ണാടക പോലീസ് കൈമാറി. തുടര്‍ന്ന് എറണാകുളം സൗത്ത് ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദ കൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള സംഘം ഇര്‍ഫാനെ കൊച്ചിയിലെത്തിച്ചു.

13 ജില്ലകളിലായി 40 കേസുകള്‍

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് ഇര്‍ഫാന്‍. 13 ജില്ലകളിലായി 40 കേസുകള്‍ ഇയാളുടെ പേരിലുണ്ട്. സംവിധായകന്‍ ജോഷിയുടെ വീട് മോഷണത്തിനായി തെരഞ്ഞെടുത്തതില്‍ ഇയാള്‍ക്ക് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. മുമ്പ് തിരുവനന്തപുരത്തെ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടില്‍ നിന്ന് ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു.

പ്രതിയെ തിരിച്ചറിഞ്ഞ് വിവരം നല്‍കിയ പ്രകാരം ഗോവ പോലിസ് അന്ന് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും കോവിഡ് ആയതിനാല്‍ പ്രതിയെ തിരുവനന്തപുരം സിറ്റി പോലീസിന് കൈമാറിയിരുന്നില്ല. തുടര്‍ന്ന് ഗോവന്‍ ജയിലിലെ ശിക്ഷക്ക് ശേഷം ജാമ്യം നേടി പുറത്തിറങ്ങിയാണ് ഇയാള്‍ വീണ്ടും കൊച്ചിയില്‍ മോഷണം നടത്തിയത്.

വലിയ ഹോട്ടലുകളില്‍ താമസം, ഭക്ഷണം, ആരെയും പറഞ്ഞു വീഴ്ത്താനുള്ള മിടുക്ക് ഇവയെല്ലാം ഇര്‍ഷാദിന്‍റെ പ്രത്യേകതയാണ്. സ്‌ക്രൂ ഡ്രൈവര്‍ പോലുള്ള ചെറിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. മോഷ്ടിച്ച്‌ കിട്ടുന്ന പണത്തില്‍ നിന്ന് ഒരു പങ്ക് ചികിത്സാ, വിവാഹം തുടങ്ങിയവയ്ക്കും ഇയാള്‍ നല്‍കിയിരുന്നു. ബിഹാറില്‍ എട്ട് റോഡുകള്‍ പണിത് നല്‍കിയിട്ടുണ്ട്. ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ സീതാമര്‍ഹി ജില്ലാ പരിഷത്ത് അംഗമാണ്. മോഷണത്തിനായി ഇയാള്‍ എത്തിയ കാര്‍ ഭാര്യയുടെ പേരിലുള്ളതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest