Categories
articles news

കാൾ മാർക്സിന്‍റെ ജന്മദിനവും കോവിഡ് ഭീതിയിലെ ലോകത്തില്‍ മാർക്സിന്‍റെ പ്രസക്തിയും

മുതലാളിത്ത രാജ്യങ്ങൾ കോവിഡിനെ നേരിടുന്ന രീതിയും സോഷ്യലിസ്റ്റ് രാജ്യങ്ങൾ കോവിഡിനെ നേരിടുന്ന രീതിയും വ്യത്യസ്തമാണെന്ന് നമുക്ക് കാണാനാവും.

മഹാനായ കാൾ മാർക്സിന്‍റെ ഇരുന്നൂറ്റി മൂന്നാമത് ജന്മദിനം ലോകമെങ്ങും സമുചിതമായി ആചരിക്കുകയാണ്. ലോകം മുഴുവൻ കോവിഡ് ഭീതിയിലിരിക്കുമ്പോഴാണ് മാർക്സിന്‍റെ ജന്മദിനം കടന്നുപോകുന്നത്. കോവിഡ് പോലുള്ള മഹാമാരികളെ കൈകാര്യം ചെയ്യുന്നതിൽ മുതലാളിത്തത്തിന്‍റെ കഴിവില്ലായ്മ ലോകം അഭിമുഖീകരിക്കുന്ന ഈ വേളയിൽ മാർക്സിന്‍റെ പ്രസക്തി വർദ്ധിക്കുകയാണ്.

ജീവിതം മുഴുവൻ തൊഴിലാളി വർഗത്തിന്‍റെ ഉന്നമനം സാധ്യമാക്കുന്നതിനുള്ള വഴികൾ തേടുകയായിരുന്നു മാർക്സ്. 1848ൽ പുറത്തിറക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെ തൊഴിലാളി വർഗം സംഘടിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ജനങ്ങളോട് മാർക്സും എംഗൽസും ആഹ്വാനം ചെയ്യുകയായിരുന്നു.

മുതലാളിത്ത രാജ്യങ്ങൾ കോവിഡിനെ നേരിടുന്ന രീതിയും സോഷ്യലിസ്റ്റ് രാജ്യങ്ങൾ കോവിഡിനെ നേരിടുന്ന രീതിയും വ്യത്യസ്തമാണെന്ന് നമുക്ക് കാണാനാവും. ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണെന്നും കോവിഡ് ചികിത്സ സൗജന്യമായി നൽകണമെന്നും സോഷ്യലിസ്റ്റ് രാജ്യങ്ങളും കമ്മ്യൂണിസ്റ്റ് പാർടികളും നിലപാട് കൈക്കൊള്ളുമ്പോൾ മുതലാളിത്ത ചേരി മനുഷ്യത്വ പരമായ നിലപാടുകൾ കൈക്കൊള്ളാൻ വിമുഖത കാണിക്കുകയാണ്.

എന്തും വിപണി നിയന്ത്രിക്കും എന്ന മുതലാളിത്ത സമീപനത്തിന്‍റെ ക്രൂരമായ മുഖം ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവുമധികം ആളുകൾ മരണപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയും ഇന്ത്യയും ബ്രസീലുമാണ് മുന്നിൽ. ഈ രാജ്യങ്ങളിലൊക്കെയും നവ ലിബറൽ നയങ്ങളുടെ ഭാഗമായി സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുത്ത കമ്പോളങ്ങളാണ് നമുക്ക് കാണാനാകുക.

ഇന്ത്യയിലേക്ക് നോക്കിയാൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായി, സൗജന്യ കോവിഡ് ചികിത്സക്കൊപ്പം ജനക്ഷേമ നടപടികളും കൈക്കൊള്ളുകയാണ്. എന്നാൽ രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കേണ്ട സൗജന്യ വാക്സിനേഷൻ പോലും നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ.

ഈ ഘട്ടത്തിൽ ചൂഷണാധിഷ്ഠിതമായ സാമൂഹ്യാവസ്ഥ മനുഷ്യജീവിതത്തെ ഉന്നമനത്തിലേക്ക് നയിക്കുകയില്ലെന്നും അത് വളരെ ചെറിയ ഒരു കൂട്ടമാളുകളെ കൂടുതൽ ധനികരാക്കുക മാത്രമാണ് ചെയ്യുകയെന്നുമുള്ള മാർക്സിന്‍റെ വിശകലനം നാം മനസിലാക്കുകയും ചൂഷണ വ്യവസ്ഥക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും വേണം.

ജനക്ഷേമം മുൻനിർത്തിക്കൊണ്ട് ഭരണ നിർവഹണം നടത്തുന്ന കേരള മാതൃക രാജ്യത്താകെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും വേണം. അതിനായി, മാർക്സും മാർക്സിസ്റ്റ് ദർശനങ്ങളും കൂടുതൽ പഠിക്കുകയും ചിന്തിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യണമെന്ന സന്ദേശമാണ് മാർക്സിന്‍റെ ഈ ജന്മദിനം നമുക്ക് നൽകുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest