Categories
articles entertainment Kerala news tourism

ഐതിഹ്യ പെരുമയിൽ മധുർ ക്ഷേത്രം അഷ്ടബന്ധ ബ്രഹ്മകലശ ഉത്സവത്തിന് ഒരുങ്ങുന്നു; മൂന്നുനിലകളുള്ള താഴികക്കുടവും സങ്കീർണ്ണമായ കൊത്തു പണികളുടെ ദാരുശില്പങ്ങളും അഭൗമ സൗന്ദര്യം

രാമായണത്തിലെ രംഗങ്ങളും കൊത്തുപണികളാൽ തനിമയിൽ പുതുക്കി പണിതിട്ടുണ്ട്

‘കലർപ്പില്ലാത്ത വാർത്തകൾ’ അറിയാൻ വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്:https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

പീതാംബരൻ കുറ്റിക്കോൽ

മധൂർ / കാസർകോട്: അത്യുത്തര കേരളത്തിൽ പ്രത്യേകിച്ചും തുളുനാട്ടിൽ ചരിത്ര പ്രാധാന്യമുള്ള ആരാധനാലയമാണ് മധുർ ശ്രീ മദനന്തേശ്വര- സിദ്ധിവിനായക ക്ഷേത്രം. ഈ ക്ഷേത്രത്തിൻ്റെ രൂപവും പ്രവർത്തനവും വളരെ വ്യത്യസ്തമാണ്. ഉത്തരേന്ത്യയിൽ നിന്നടക്കമുള്ള ശില്‌പികളുടെ മേൽനോട്ടത്തിൽ കാലപ്പഴക്കം കൊണ്ട് തകർച്ചയിലായ ക്ഷേത്ര പുനരുദ്ധാരണം പൂർത്തിയായി വരികയാണ്. അഷ്ടബന്ധ ബ്രഹ്മ കലശോത്സവത്തിൻ്റെ മുഹൂർത്തം തീരുമാനിക്കുന്നതിന് ഡിസംമ്പർ രണ്ടിന് വെള്ളിയാഴ്‌ച രാവിലെ 9.30ന് ജനകീയ യോഗം നടക്കും.

നവീകരണ സമിതി അധ്യക്ഷൻ എടനീർ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി സംബന്ധിക്കും. ശ്രിധാമ മാണില ശ്രീ മോഹന ദാസ പരമഹംസ സ്വാമിജി, കേരളം പ്രാന്ത്യ ചിന്മയ മിഷൻ അധ്യക്ഷൻ ശ്രീ വിവിക്താനന്ദ സരസ്വതി സ്വാമിജി ഉപസ്ഥിതിയിൽ യോഗം നടക്കും. ക്ഷേത്ര പവിത്രപാണി ശ്രീ രതൻ കുമാർ കാമഡ, എട്ടില്ലം പ്രതിനിധികൾ, നാൽഗുത്ത് തറവാട് പ്രമാണിമാർ, നാട്ടിലെയും പുറനാട്ടിലെയും വ്യക്തികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.

ക്ഷേത്രത്തിൽ ഒന്നിലധികം ദേവതകളുടെ ‘ഭവനം’ ആണുള്ളത്. ആനയുടെ പിൻഭാഗത്തോട് സാമ്യമുള്ള മൂന്ന് തട്ടുകളുള്ള ഗജപൃഷ്ട രീതിയിലാണ് അദ്‌ഭുതകരമായ ഈ ക്ഷേത്രത്തിൻ്റെ വാസ്തുവിദ്യ. രാമായണത്തിലെ രംഗങ്ങൾ ചിത്രീകരിക്കുന്ന മനോഹരമായ കൊത്തുപണികളും തനിമ നിലനിർത്തി അതേപോലെ പുതുക്കിപണിതിട്ടുണ്ട്. വിശാലമായ ഗോപുരങ്ങൾ ഭക്തർക്ക് നല്ല അന്തരീക്ഷം പ്രധാനം ചെയ്യുന്നു. ക്ഷേത്രത്തിന് മൂന്ന് നിലകളുള്ള താഴികക്കുടമാണ്. അതിൽ മുകളിലെ രണ്ട് നിലകളിൽ ചെമ്പ് തകിട് മേൽക്കൂരയും താഴത്തെ ഭാഗത്ത് ടൈൽ മേൽക്കൂരയുമാണ്. ക്ഷേത്രത്തിൻ്റെ ചുമരുകളും മേൽക്കൂരകളും ഇന്ത്യൻ പുരാണങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കൗതുകകരമാണ്. മരങ്ങളിൽ തീർത്ത സങ്കീർണ്ണമായ കൊത്തുപണികളുടെ ദാരു ശില്പങ്ങളും തടി തൂണുകളും പുരാതന കാലഘട്ടത്തിലെ കരകൗശല വിദഗ്ധരുടെ കലാവൈഭവം വിളിച്ചോതുന്നു.

തുളുനാട്ടിലെ പ്രാചീനമായ ആറ് ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് മധൂരിലേത്. മംഗലാപുരത്തെ ശരവു മഹാഗണപതി, ആനെഗുഡ്ഡെയിലെ മഹാഗണപതി (കുംബശി), ഹട്ടിയങ്ങാടിയിലെ സിദ്ദി വിനായക (കുന്ദാപുര), ഇടഗുഞ്ചിയിലെ ദ്വിഭുജ ഗണപതി, ഗോകർണയിലെ ഗണപതി എന്നിവയാണ് മറ്റുള്ള ക്ഷേത്രങ്ങൾ.

മധൂർ ശ്രീ മദനന്തേശ്വര- സിദ്ധിവിനായക ക്ഷേത്രം കാസർകോട് നഗരത്തിൽ നിന്ന് ഏഴ് കിലോമീറ്റർ (4.3 മൈൽ) അകലെ മൊഗ്രാൽ നദിയുടെ (മധുവാഹിനി) തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ശിവ, ഗണപതി ക്ഷേത്രമാണ്. പ്രാദേശികമായി മധുവാഹിനി എന്നറിയപ്പെടുന്നു.

കാമദേവനെ വധിച്ച ദേവൻ എന്ന അർത്ഥത്തിൽ മദനന്തേശ്വരൻ എന്നറിയപ്പെടുന്ന ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രധാന ശ്രീകോവിലിൽ തന്നെ തെക്ക് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്ന ഗണപതിക്കാണ് കൂടുതൽ പ്രാധാന്യം. ശിവല്ലി ബ്രാഹ്മണ സമുദായത്തിൽ ഉള്ളവവരാണ് ഈ ക്ഷേത്രത്തിലെ പൂജാരിമാർ. കാശി വിശ്വനാഥൻ, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാ പരമേശ്വരി, വീരഭദ്രൻ, ഗുളികൻ എന്നിവരാണ് ഉപദേവതകൾ. പ്രധാന ശ്രീകോവിലിനുള്ളിൽ പാർവതി ദേവിയുടെ സാന്നിധ്യവുമുണ്ട്.

മധൂർ ക്ഷേത്രം ഐതിഹ്യമനുസരിച്ച് യഥാർത്ഥത്തിൽ ശ്രീ മദനന്തേശ്വര (ശിവ) ക്ഷേത്രമായിരുന്നു. പ്രാദേശിക തുളു മോഗർ സമുദായത്തിൽ നിന്നുള്ള മദാരു എന്ന വൃദ്ധയാണ് ശിവലിംഗത്തിൻ്റെ ‘ഉദ്ഭവമൂർത്തി’ (മനുഷ്യൻ നിർമ്മിക്കാത്ത പ്രതിമ) കണ്ടെത്തിയത് എന്നാണ് വിശ്വാസം.

ഗർഭഗൃഹത്തിൻ്റെ തെക്കേ ഭിത്തിയിൽ കളിച്ചു കൊണ്ടിരുന്ന ഒരു ആൺകുട്ടിയാണ് ആദ്യം ഗണപതി ചിത്രം വരച്ചത്. നാൾക്കുനാൾ അത് വലുതായി, തടിച്ചു; അതിനാൽ ആൺകുട്ടി ഗണപതിയെ ‘ബോഡ്ഡജ്ജ’ അല്ലെങ്കിൽ ‘ബൊദ്ദ ഗണേശൻ’ എന്ന് വിളിച്ചുവെന്നും ഐതിഹ്യ കഥകൾ. കൂർഗ്, തുളുനാട്, മലബാർ എന്നിവിടങ്ങളിൽ അധിനിവേശം നടത്തിയപ്പോൾ അടൂർ മഹാലിംഗേശ്വര ക്ഷേത്രം പോലെയുള്ള ക്ഷേത്രം തകർക്കാൻ ടിപ്പു സുൽത്താൻ ആഗ്രഹിച്ചിരുന്നതായി കുംബ്ലെ സെമെയുടെ ഐതിഹ്യത്തിലും പറയുന്നു.

ക്ഷേത്രത്തിലെ കിണറ്റിൽ നിന്ന് വെള്ളം കുടിച്ച ശേഷം ഗർഭഗുഡി ആക്രമിച്ച് പൊളിക്കാമെന്ന നിലപാട് മാറ്റി മലബാറിലേക്ക് നീങ്ങി. എന്നാൽ തൻ്റെ സൈനികരെയും ഇസ്ലാമിക പണ്ഡിതന്മാരെയും തൃപ്തിപ്പെടുത്താൻ അദ്ദേഹം തൻ്റെ വാൾ കൊണ്ട് മുറിവുണ്ടാക്കിയെന്നും പറയപ്പെടുന്നു. ക്ഷേത്ര കിണറിന് ചുറ്റും പണിത കെട്ടിടത്തിൽ ഇപ്പോഴും ആ അടയാളം കാണാം.

പ്രാർത്ഥനകളും വഴിപാടുകളും

മധൂർ ക്ഷേത്രത്തിനടുത്തുള്ള മധുവാഹിനി തീരത്ത് ഭക്തർ മഹാഗണപതിക്ക് ‘ഉദയാസ്തമന’ പ്രാർത്ഥനകൾ അർപ്പിക്കുന്നു. മധുരയുടെ പ്രശസ്തമായ പ്രസാദമായ ‘അപ്പാ’ വളരെ രുചികരമായ ഒരുക്കമാണ്. ഇത് ദിവസേന തയ്യാറാക്കുന്നു. പ്രാർഥനകൾ അർപ്പിക്കുന്ന ആർക്കും ഇത് കൗണ്ടറുകളിൽ ലഭിക്കും. പ്രത്യേക പൂജകളിൽ ‘സഹസ്രപ്പ’ (ആയിരം അപ്പം) വളരെ പ്രധാനമാണ്. മഹാഗണപതി പ്രതിമയെ അപ്പം കൊണ്ട് മൂടുന്ന ‘മൂടപ്പ സേവ’യാണ് മറ്റൊരു പ്രത്യേക പൂജ. ഗണേശ ചതുർത്ഥിയും മധുർ ബേദിയുമാണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. എല്ലാ പ്രധാന ഉത്സവങ്ങളിലും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്താറുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest