Categories
channelrb special local news news

മധൂർ മദനന്തേശ്വര ക്ഷേത്രം ഉത്സവത്തിന് കൊടി ഉയർന്നു, അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം

ശിവക്ഷേത്രമായാണ് നിർമ്മിക്കപ്പെട്ടതെങ്കിലും പിന്നീട് ഗണപതി സാന്നിധ്യം കണ്ടെത്തി

മധൂർ / കാസർകോട്: ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മധൂർ മദനന്തേശ്വര ക്ഷേത്രം ഉത്സവ ലഹരിയിലാണ് വരും ദിനങ്ങൾ. വിശ്വാസികൾ കാത്തിരിക്കുന്ന ക്ഷേത്രത്തിലെ വാർഷികോത്സവത്തിന് ഏപ്രിൽ 13ന് ശനിയാഴ്‌ച (ധ്വജാരോഹണം) കൊടിയുയർന്നു. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കർണ്ണാടകയിൽ നിന്നുമെല്ലാം വിശ്വാസികൾ എത്തിച്ചേരുന്ന മഹാക്ഷേത്രമാണിത്.

സഹസ്ര കുംഭാഭിഷേകം, മഹാപൂജ, ദീപോത്സവം, ഉളിയത്തടുക്ക ദേവൻ്റെ മൂലസ്ഥാനത്തേക്ക് ഘോഷയാത്ര,അവഭൃതസ്‌നാനം, ബട്ടലു കാണിക്ക തുടങ്ങി നിരവധി ചടങ്ങുകളാണ് ഉത്സവ ദിവങ്ങളിൽ ഉള്ളത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം 17ന് ബുധനാഴ്‌ച സമാപിക്കും.

13ന് ശനിയാഴ്‌ച രാവിലെ 6.30ന് വേദ പാരായണത്തോടെ വാർഷികോത്സവ ചടങ്ങുകൾക്ക് തുടക്കമായി. 9.00 മണിക്ക് ധ്വജാരോഹണം, 10ന് സഹസ്ര കുംഭാഭിഷേകം, ഉച്ചയ്ക്ക് 12.30ന് മഹാപൂജ, തുടർന്ന് പ്രസാദ വിതരണം, വൈകുന്നേരം അഞ്ചിന് തായമ്പക, ദീപാരാധന, എട്ടിന് ഉത്സവബലി എന്നിവയാണ് ഒന്നാം ദിവസത്തെ ചടങ്ങുകൾ.

14ന് ഞായറാഴ്‌ച വിഷുദിനത്തിൽ ദീപോത്സവം, വിഷുക്കണിയുടെ വിശേഷബലി, 7.30ന് പഞ്ചവാദ്യം എന്നിവയും, 15ന് തിങ്കളാഴ്‌ച പുലർച്ചെ അഞ്ചുമണിക്ക് ദീപോത്സവം, ഉച്ചയ്ക്ക് 12ന് തുലാഭാരം, പൂജ, പ്രസാദ വിതരണം, രാത്രി എട്ടിന് നടുദീപോത്സവം, സേവാചുറ്റ് എന്നിവയുണ്ടാകും. 16ന് ചൊവ്വാഴ്‌ച 12.30ന് പൂജ, ഒന്നിന് അന്നദാനം, വൈകീട്ട് അഞ്ചിന്‌ തായമ്പക, ഉളിയത്തടുക്ക ദേവന്റെ മൂലസ്ഥാനത്തേക്ക് ഘോഷയാത്ര, രാത്രി 8.30ന് മൂലസ്ഥാനത്ത് കട്ടപൂജ, 10 മണിക്ക് മധൂർ വെടിത്തറയിൽ ദേവനെ എഴുന്നള്ളിച്ച് പൂജ എന്നിവ നടക്കും.

അവസാന ഉത്സവ ദിനമായ 17ന് ബുധനാഴ്‌ച 12.30ന് പൂജ, 10.00 മണിക്ക് വൈദ്യുത ദീപാലങ്കാരത്തോട് കൂടി ക്ഷേത്രക്കുളത്തിൽ ദേവൻ്റെ അവഭൃതസ്‌നാനം, ബട്ടലു കാണിക്ക തുടർന്ന് രാജാങ്കണ പ്രസാദം എന്നിവയോട് കൂടി ചടങ്ങുകൾ അവസാനിക്കും.

മധൂർ ശ്രീ അനന്തേശ്വര- സിദ്ധിവിനായക ക്ഷേത്രം

ജില്ലയിൽ ഏറ്റവുമധികം തീർത്ഥാടകർ എത്തുന്ന ക്ഷേത്രമാണ്. ശിവക്ഷേത്രമായാണ് നിർമ്മിക്കപ്പെട്ടതെങ്കിലും പിന്നീട് ഗണപതി സാന്നിധ്യം കണ്ടെത്തി. ശിവക്ഷേത്രത്തേക്കാൾ അതറിയപ്പെടുന്നത് ഗണപതിയുടെ പേരിലാണ്.പുഴയുടെ തീരത്തെ് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ മഹാഗണപതിക്ക് ഒരുപാട് പ്രത്യേകതകളുണ്ട്.

അനുദിനം വളരുന്ന വിഗ്രഹമാണ് ഇവിടുത്തെ ഗണപതിയുടേത് എന്നാണ് വിശ്വാസം. ആദ്യകാലത്ത് ഈ വിഗ്രഹം നീളത്തിൽ വളരുകയായിരുന്നുവെന്നും ഒരിക്കൽ ദര്‍ശനത്തിനെത്തിയ കന്നഡക്കാരിയായ സ്ത്രീ ‘ഉയരത്തിൽ വളരരുത്, വീതിയിൽ വളരൂ’ എന്നു പറഞ്ഞുവത്രെ. ഇതിനുശേഷം ഈ ഗണപതി ഇന്നും വീതിയിൽ വളരുന്നുണ്ടെന്നാണ് വിശ്വാസം. കാസർകോട് നിന്ന് മധൂർ മദനേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് 7.6 കിലോമീറ്ററാണ് ദൂരം. ഏകദേശം അരമണിക്കൂറിനുള്ളിൽ സമയം മതി ഇവിടേക്ക് വാഹനത്തിൽ എത്താൻ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest