Categories
articles business Kerala

സോളാര്‍ വേണ്ട; ചെലവ് കുറവും കൂടുതല്‍ വൈദ്യുതിയും, വീടിന് സമീപം കാറ്റ് അടിച്ചാൽ മതി

ഒരു കിലോവാട്ടിൻ്റെ ടര്‍ബൈന് 80,000 രൂപയാകും

കൊച്ചി: തിരുവനന്തപുരം വെട്ടുകാട് പള്ളി വളപ്പിലെ കെട്ടിടത്തിൻ്റെ മട്ടുപ്പാവില്‍ മിനി വിന്‍ഡ് ടര്‍ബൈന്‍ സ്ഥാപിച്ചു കൊണ്ട് തിരുവനന്തപുരം സ്വദേശി അരുണ്‍ ജോര്‍ജ് പറഞ്ഞു- ‘വീടുകളില്‍ വൈദ്യുതിക്ക് ഇതാണ് അനുയോജ്യം’. ഗുജറാത്ത് അതുകേട്ടു. അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങളും അതുള്‍ക്കൊണ്ടു. ‘അവതാര്‍’ എന്ന പേരില്‍ അരുണ്‍ അവതരിപ്പിച്ച ആദ്യ മിനി വിന്‍ഡ് ടര്‍ബൈന് ഗുജറാത്തില്‍ ഡിമാന്‍ഡായി. ഇന്ത്യന്‍ ആര്‍മിയും നേവിയും ടര്‍ബൈന്‍ തേടിയെത്തി. വിദേശത്തും ആവശ്യക്കാര്‍ ഏറെയാണ്.

ഡിസംബറും ജനുവരിയും ഒഴിച്ചുള്ള മാസങ്ങളില്‍ കേരളത്തില്‍ നല്ല കാറ്റുണ്ട്. വീടുകളില്‍ സോളാറിനെക്കാള്‍ ഫലപ്രദമായി കാറ്റില്‍ മിനി ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് അരുണ്‍ ജോര്‍ജ് കമ്പനി സ്ഥാപിച്ചത്. സര്‍ക്കാര്‍ സബ്സിഡി ഇല്ലാത്തതിനാല്‍ മലയാളികള്‍ വില കൽപിച്ചില്ല.

2015ലാണ് സഹോദരന്‍ അനൂപ് ജോര്‍ജിനൊപ്പം അരുണ്‍ ഈ രംഗത്തെത്തുന്നത്. കോവളം മുന്‍ എം.എല്‍.എ പരേതനായ ജോര്‍ജ് മെഴ്‌സിയറിൻ്റെ മക്കളാണിവര്‍. പാരമ്പര്യേതര വൈദ്യുതി പ്രയോജനപ്പെടുത്തണമെന്ന മാര്‍പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് വെട്ടുകാട് പള്ളി അധികൃതര്‍ ഇവര്‍ക്ക് അവസരം കൊടുത്തത്. പിന്നെ, തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഗുജറാത്തില്‍ സ്വന്തം പ്ലാണ്ട് സ്ഥാപിച്ചു.

കൊച്ചി നാവിക ആസ്ഥാനത്ത് അവതാറുണ്ട്. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചു.

വിളക്കണയുന്ന കാറ്റ് മതി

1.ഒരു വിളക്കണയുന്ന ചെറിയ കാറ്റിലും ടര്‍ബൈന്‍ കറങ്ങി വൈദ്യുതി ഉത്പ്പാദിപ്പിക്കും.

  1. സാധാരണ വീടിന് ദിവസം വേണ്ടത് മൂന്നര യൂണിറ്റ് കറണ്ടാണ്.
  2. മിനി വിന്‍ഡ് ടര്‍ബൈനില്‍ അഞ്ച് യൂണിറ്റ് ഉത്പാദിപ്പിക്കാം.

10- 16 അടിയാണ് പങ്കകളുടെ നീളം

ടര്‍ബൈന് 80,000

ഒരു കിലോവാട്ടിൻ്റെ ടര്‍ബൈന് 80,000 രൂപയാകും. അനുബന്ധ സാമഗ്രികള്‍ക്ക് ഒരു ലക്ഷത്തിന് മുകളിലും. ഒന്ന്, മൂന്ന്, അഞ്ച് കിലോവാട്ടിൻ്റെ ടര്‍ബൈനുകള്‍ ലഭ്യമാണ്. ബാറ്ററികളുടെ ശേഷിക്കനുസരിച്ച്‌ വൈദ്യുതി സംഭരിക്കാം.

സോളാര്‍ പദ്ധതിക്ക് സസബ്‌സിഡി ഉള്ളതിനാലാണ് ഒരു ലക്ഷത്തിലേറെ രൂപയ്ക്ക് നടപ്പാക്കാനാവുന്നത്.

24 മണിക്കൂറും വൈദ്യുതി, ഇരുപത്തിനാല് മണിക്കൂറും ഉൽപാദനം. മഴക്കാലത്ത് ഇരട്ടിയാകും.

സോളാറില്‍ ദിവസം 4- മണിക്കൂര്‍ മാത്രമാണ് ഉത്പാദനം. മഴക്കാലത്ത് കുറയുകയും ചെയ്യും.

കയറ്റുമതി ചെയ്യുന്നത്

അമേരിക്ക, സ്‌പെയിന്‍, യു.കെ, ഇക്വഡോര്‍, കൊളംബിയ, ബൊളീവിയ, ചിലി, കോസ്റ്റാറിക്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. പാശ്ച്യാത്യ രാജ്യങ്ങള്‍ വീടുകളില്‍ വിന്‍ഡ് മെഷീന്‍ സ്ഥാപിക്കാന്‍ സബ്‌സിഡി നല്‍കുന്നുണ്ട്. എന്നാൽ കേരളം ചിന്തിച്ചിട്ടേയില്ല.

-അരുണ്‍ ജോര്‍ജ്
സി.ഇ.ഒ, അവാന്ത് ഗാര്‍ഡ്

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest