Categories
Kerala news trending

രാഹുലിനേക്കാൾ കൂടുതല്‍ തവണ വയനാട്ടിൽ എത്തിയത് കാട്ടാന; ആനിരാജയും രാഹുലും ടൂറിസ്റ്റ് വിസക്കാരെന്ന് കെ.സുരേന്ദ്രന്‍

വികസന വിരുദ്ധ രാഷ്ട്രീയത്തിന് എതിരായ ഉജ്ജ്വലമായ ഒരു പോരാട്ടം കാഴ്‌ചവെക്കാന്‍ അവസരം

കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഹുലിനേക്കാള്‍ കൂടുതല്‍ തവണ വയനാട്ടിലെത്തിയത് കാട്ടാനയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.

രാഹുൽ വയനാട്ടിൽ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണ്.അഞ്ചു കൊല്ലം രാഹുല്‍ വയനാട്ടിൽ എന്ത് ചെയ്‌തു? രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എം.പിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ ഇത്തവണ ബി.ജെ.പി ശക്തമായ മത്സരം കാഴ്‌ച വെക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായി കേന്ദ്ര നേതൃത്വം കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇത്തവണ മത്സരിക്കാതെ തെരഞ്ഞെടുപ്പ് ഏകോപന ചുമതലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നായിരുന്നു കെ.സുരേന്ദ്രന്‍ മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ വയനാട്ടില്‍ രാഹുലിനെതിരെ പോരാട്ടം കടുപ്പിക്കുന്നതിന് വേണ്ടിയാണ് സുരേന്ദ്രനെ ബി.ജെ.പി വയനാട്ടില്‍ മത്സരിക്കാന്‍ നിയോഗിച്ചത്.

വയനാട് വ്യക്തിപരമായി വളരെ ബന്ധമുള്ള മണ്ഡലമാണ്. വയനാട് ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡണ്ടായാണ് പൊതുജീവിതം ആംരംഭിച്ചത്. മറ്റു രണ്ട് സ്ഥാനാര്‍ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. എനിക്ക് ഇവിടെ പെര്‍മെനണ്ട് വിസയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം രാഹുല്‍ ഗാന്ധി ഒരു വിസിറ്റിങ് എം.പിയായണ് വയനാട്ടില്‍ പ്രവര്‍ത്തിച്ചത്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്‌തിട്ടില്ല. മോദി വയനാട്ടിലെ വികസനത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

വളരെ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നത്. ഞാന്‍ പൂര്‍ണ സന്തോഷത്തോടെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വികസന വിരുദ്ധ രാഷ്ട്രീയത്തിന് എതിരായ ഉജ്ജ്വലമായ ഒരു പോരാട്ടം കാഴ്‌ചവെക്കാന്‍ അവസരം തന്ന പ്രധാനമന്ത്രി മോദി അടക്കമുള്ളവരോട് നന്ദിയുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest