Categories
Kerala news

പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്തല്‍; ശോഭാ സുരേന്ദ്രന് എതിരെ നടപടിക്ക് സാധ്യത, നേതൃത്വത്തെ വിവരമറിയിച്ച് ജാവഡേക്കര്‍

ജയരാജന്‍- ജാവഡേക്കര്‍ ചര്‍ച്ച സ്ഥിരീകരിച്ച കെ.സുരേന്ദ്രൻ്റെ നടപടിയിലും കേരളത്തിൻ്റെ പ്രഭാരി ജാവഡേക്കര്‍ക്ക് അതൃപ്‌തിയുണ്ട്

ഇ.പി ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശോഭാ സുരേന്ദ്രനെതിരെ ബി.ജെ.പി ദേശീയ നേതൃത്വം നടപടിയെടുക്കാന്‍ സാധ്യത. പ്രകാശ് ജാവഡേക്കര്‍ ബി.ജെ.പി ദേശീയ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു. രഹസ്യ ചര്‍ച്ചകളെ പറ്റി പുറത്തു പറയുന്നത് തുടര്‍ന്നുള്ള ചര്‍ച്ചകളെ ബാധിക്കും എന്നാണ് വിലയിരുത്തല്‍.

കേരളത്തിൻ്റെ പ്രഭാരി ചുമതലയൊഴിയാന്‍ ജാവഡേക്കര്‍ താത്പര്യം അറിയിച്ചതായാണ് വിവരം. ദേശീയ നേതൃത്വത്തെയാണ് ജാവഡേക്കര്‍ തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള പുനഃസംഘടനയില്‍ ജാവഡേക്കര്‍ ഉണ്ടായേക്കില്ല. സ്ഥാനമൊഴിഞ്ഞാല്‍ പകരം നളിന്‍കുമാര്‍ കട്ടീലിന് ചുമതല നല്‍കിയേക്കും. നേരത്തെ വോട്ടെടുപ്പിന് മുമ്പ് ഹൈദരാബാദ് തെരഞ്ഞെടുപ്പ് ചുമതല ചൂണ്ടിക്കാട്ടി ജാവ്‌ദേക്കര്‍ കേരളം വിട്ടിരുന്നു.

ഇ.പിയുമായുള്ള കൂടിക്കാഴ്‌ച സംബന്ധിച്ച് ശോഭാ സുരേന്ദ്രൻ്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തന്നെ അവമതിപ്പ് ഉണ്ടാക്കിയെന്ന് ബി.ജെ.പിയില്‍ വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളിലെ രഹസ്യ ചര്‍ച്ചകളെപ്പറ്റി പുറത്തു പറഞ്ഞത് ഇനിയുള്ള ചര്‍ച്ചകളെ ബാധിക്കുമെന്ന ആക്ഷേപം ശക്തമാണ്. നേതാക്കളുടെ വിശ്വാസ്യതയെ വെളിപ്പെടുത്തലുകള്‍ ദോഷകരമായി ബാധിച്ചെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.

ജയരാജന്‍- ജാവഡേക്കര്‍ ചര്‍ച്ച സ്ഥിരീകരിച്ച കെ.സുരേന്ദ്രൻ്റെ നടപടിയിലും കേരളത്തിൻ്റെ പ്രഭാരി ജാവഡേക്കര്‍ക്ക് അതൃപ്‌തിയുണ്ട്. ജാവഡേക്കര്‍ തങ്ങളെ ഒഴിവാക്കി നടത്തിയ ചര്‍ച്ചകളില്‍ സംസ്ഥാന നേതൃത്വത്തിന് നേരത്തേ മുതല്‍ അമര്‍ഷം ഉണ്ടായിരുന്നു. മെയ് ഏഴിന് തിരുവനന്തപുരത്ത് ജാവ്‌ദേക്കര്‍ പങ്കെടുക്കുന്ന സംസ്ഥാന ഭാരവാഹി യോഗം വിഷയം ചര്‍ച്ച ചെയ്യും.

0Shares

Leave a Reply

Your email address will not be published. Required fields are marked *