Categories
articles news

ആറ് വർഷത്തെ സേവനം; ജസ്റ്റിസ് അരുൺ മിശ്ര സുപ്രീം കോടതിയുടെ പടിയിറങ്ങുമ്പോള്‍

എതിര്‍പ്പുകൾ മുഖവിലക്കെടുക്കാതെ സര്‍ക്കാരുകളെ മുൾമുനയിൽ നിര്‍ത്തി പല കോടതി വിധികളും ജസ്റ്റിസ് അരുണ്‍ മിശ്ര നടപ്പാക്കി.

ആറ് വർഷത്തെ സേവനത്തിന് ശേഷം സുപ്രീം കോടതിയിൽ നിന്നും ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചു. തന്‍റെ പരുഷമായ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പൊറുക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്ഐ ബോബ്ഡെ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ധൈര്യത്തിന്‍റെയും പോരാട്ടത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും വെളിച്ചം എന്നാണ് ചീഫ് ജസ്റ്റിസ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

അരുൺ മിശ്ര സുപ്രീം കോടതിയിലെ ഉരുക്കു ജഡ്ജിയായിരുന്നുവെന്ന് അറ്റോണി ജനെറൽ കെ.കെ വേണുഗോപാൽ യാത്രയപ്പ് ചടങ്ങിൽ പറഞ്ഞു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വിർച്വൽ യാത്രയയപ്പാണ് അരുൺ മിശ്രയ്ക്കായി ഒരുക്കിയത്. കേസുകളിൽ തീരുമാനമെടുക്കുമ്പോൾ മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മിശ്ര പറഞ്ഞു. സുപ്രീം കോടതിയിൽ അരുൺ മിശ്രയെ പോലെ അചഞ്ചലനായ ജഡ്‌ജിയെ കണ്ടിട്ടില്ലെന്ന് അറ്റോർണി ജനറൽ പറഞ്ഞു.

കോടതി അലക്ഷ്യകേസിൽ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കാതിരുന്നുവെങ്കിൽ വ്യക്തിപരമായി താൻ ഏറെ സന്തോഷിക്കുമായിരുന്നുവെന്നും അറ്റോർണി ജനറൽ പറഞ്ഞു. ഇക്കാര്യം ഒരുപാട് ആലോചിച്ചതായിരുന്നുവെന്ന് അരുൺ മിശ്ര പറഞ്ഞു. സ്ഥാപനത്തിന്‍റെ നിലനിൽപ്പാണ് പ്രധാനം. തന്‍റെ തീരുമാനത്തിന് അഭിഭാഷകരും സഹ ജഡ്ജിമാരും പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവെയും ചടങ്ങിൽ പങ്കെടുത്തുവെങ്കിലും സംസാരിക്കാൻ അനുവദിച്ചില്ല. ബോധപൂർവം തന്നെ ഒഴിവാക്കിയെന്ന് ദവെ ആരോപിച്ചു.

എതിര്‍പ്പുകൾ മുഖവിലക്കെടുക്കാതെ സര്‍ക്കാരുകളെ മുൾമുനയിൽ നിര്‍ത്തി പല കോടതി വിധികളും ജസ്റ്റിസ് അരുണ്‍ മിശ്ര നടപ്പാക്കി. പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസിലടക്കം വിധി പ്രസ്താവിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര കാലാവധി പൂർത്തിയാക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest