Categories
channelrb special Kerala news

നിക്ഷേപ തട്ടിപ്പ് കേസ്; കാനറാ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ അറസ്റ്റിലായ പ്രധാന പ്രതി റിമാണ്ടില്‍, റോയൽ ട്രാൻവൻകൂർ സ്ഥാപത്തിലും തട്ടിപ്പ് നടന്നതായി പരാതി

പതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ സമ്പാദ്യങ്ങളാണ് പലർക്കും നഷ്ടപ്പെട്ടത്

കാസര്‍കോട്: കമ്പനികൾ തുടങ്ങി സാധാരണക്കാരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്‌തു. കാസര്‍കോട്ടെ കാനറാ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ കണ്ണൂര്‍ സിറ്റി സ്വദേശി രാഹുല്‍ ചക്രപാണി(43)യെ ആണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാണ്ട് ചെയ്‌തത്. ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതികൾ വന്നു കൊണ്ടിരിക്കുകയാണ്. രാഹുല്‍ ചക്രപാണിയുടെ നിയന്ത്രണത്തിൽ ഉള്ള മറ്റ് സ്ഥാപനങ്ങളിൽ ഇടപാടുമായി സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കാസർകോട് സർക്കിൾ ഇൻസ്‌പെക്ടർ ചാനൽ ആർ.ബിയോട് പറഞ്ഞു.

മധൂര്‍ സ്വദേശി സാബ് ഇഷാക്കിൻ്റെ പരാതിയില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസമാണ് രാഹുലിനെ അറസ്റ്റ് ചെയ്‌തത്. അതിനിടെ നിക്ഷേപ തട്ടിപ്പിനിരയായ മറ്റൊരാളുടെ പരാതിയില്‍ രാഹുല്‍ ചക്രപാണിക്കും മാനേജര്‍ രജനിക്കുമെതിരെ പൊലീസ് കേസെടുത്തു. ചെമ്മനാട് പരവനടുക്കത്തെ ഫാത്തിമയുടെ പരാതിയിലാണ് കേസ്. കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിക്ഷേപിച്ച 1.99 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ് ഫാത്തിമയുടെ പരാതിയില്‍ പറയുന്നത്. ടൗണ്‍ എസ്.ഐ പി.അനൂപിൻ്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.

റോയൽ ട്രാൻവൻകൂർ എന്ന സ്ഥാപത്തിൽ സ്ത്രീകളെയും യുവാക്കളെയും ഏജണ്ടുമാരായി നിയോഗിച്ച് നിക്ഷേപം സ്വീകരിക്കുകയും പിന്നീട് പണം തിരികെ നൽകാതെ വഞ്ചിച്ചതായും മാസങ്ങൾക്ക് മുമ്പ് തന്നെ പരാതികൾ ഉണ്ടായെങ്കിലും കൂടുതൽ അന്വേഷണം പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

കുമ്പള, ബദിയടുക്ക, വിദ്യാനഗർ തുടങ്ങിയ സ്ഥലങ്ങളിലെ റോയൽ ട്രാൻവൻകൂർ സ്ഥാപനങ്ങളിൽ ഇടപാടുകാർ കയറി ബഹളം ഉണ്ടാക്കുകയും തുടർന്ന് ജീവനക്കാർ പണമിടപാട് കേന്ദ്രങ്ങൾ പൂട്ടി സ്ഥലം വിടുകയും ചെയ്‌തിരുന്നു. പതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ സമ്പാദ്യങ്ങളാണ് പലർക്കും നഷ്ടപ്പെട്ടത്. ചെറുകിട വ്യാപാരികളിൽ നിന്നും സാധാരണക്കാരായ വ്യക്തികളിൽ നിന്നുമാണ്‌ ഏജണ്ടുമാർ പണം പിരിച്ചെടുത്തത്. കൂടുതൽ ലാഭം വാഗ്‌ദാനം ചെയ്‌തതാണ്‌ പണം നിക്ഷേപിക്കാൻ ആളുകൾ തയ്യാറായതെന്നും പറയുന്നു.

കാസർകോട് പോലീസിൻ്റെ അറസ്റ്റിനെ തുടർന്ന് റിമാണ്ടി ൽ കഴിയുന്ന രാഹുൽ ചക്രപാണിയുടെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്ഥാപനങ്ങളും നിരീക്ഷണത്തിൽ ആണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. മാഹി പോലീസിലും പ്രതിക്കെതിരെ പരാതി ലഭിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

Report: Peethambaran

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest