Categories
Kerala news

സി.പി.എം ക്ഷണം മുസ്ലിം ലീഗ് തള്ളി; ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ല, ഭരണഘടനാപരമായി ചൂണ്ടിക്കാണിച്ച്‌ ഇ.എം.എസ് പറഞ്ഞത് കൃത്യം: എം.വി ഗോവിന്ദൻ

സമസ്‌ത പങ്കെടുക്കുന്നത് വിവാദം ആക്കേണ്ട

കോഴിക്കോട് / കോട്ടയം: ഏക സിവിൽ കോഡിനെതിരെ സി.പി.എം 15ാം തീയതി കോഴിക്കോട് നടത്താനിരിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസിനെ മാറ്റിനിര്‍ത്തി മുന്നോട്ടു പോകാനാകില്ലെന്ന് ലീഗ് വ്യക്തമാക്കി.

ഏക സിവിൽ കോഡ് വിഷയത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. അത് ഒരു ദേശീയ വിഷയമാണ്. മുസ്ലിം സമുദായത്തെ മാത്രമല്ല ബാധിക്കുന്നത്. ബില്ലിനെ പരാജയപ്പെടുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ വേണ്ടി വരും എന്ന് ആണ് മുസ്ലിം സംഘടനകളുടെ തീരുമാനം, പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.

ലീഗ് യു.ഡി.എഫിൻ്റെ ഏറ്റവും വലിയ കക്ഷി. ശക്തമായി ഇതിൽ പ്രതികരിക്കാൻ കഴിയുക യു.ഡി.എഫിനാണ്. സി.പി.എം ക്ഷണിച്ചത് ലീഗിനെ മാത്രമാണ്. മറ്റ് പാർട്ടികളെ ക്ഷണിച്ചില്ല. കോൺഗ്രസിനെ മാറ്റി നിർത്തി മുന്നോട്ട് പോകാൻ കഴിയില്ല. സംഘടനകൾക്ക് പങ്കെടുക്കാൻ അധികാരം നൽകിയിട്ടുണ്ട്. അത് കൊണ്ട് സമസ്‌ത പങ്കെടുക്കുന്നത് വിവാദം ആക്കേണ്ട.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മാറ്റി നിർത്തി ഉള്ള ഒരു പ്രതിഷേധത്തിൽ ലീഗ് പങ്കെടുക്കില്ല. സെമിനാറിൽ പങ്കെടുക്കുക അല്ല, ബില്ലിനെ പരാജയപ്പെടുത്തുക ആണ് പ്രധാനം. ബില്ലിനെ പരാജയപ്പെടുത്താൻ പാർലമെണ്ടിൽ കോൺഗ്രസ് വേണമെന്നും ലീഗ് വ്യക്തമാക്കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഒരു മണിപ്പൂർ സന്ദർശിക്കാനും യോഗത്തിൽ തീരുമാനമായി.

തീരുമാനമെടുക്കുന്നതിന് മുമ്പേ സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്‌ത പ്രഖ്യാപിച്ചതും ലീഗിനെ വെട്ടിലാക്കിയിരുന്നു. ലീഗിൻ്റെ അടിത്തറയാണ് സമസ്‌തയുടെ അണികളായ ഇ.കെ വിഭാഗം. സി.പി.എം ബന്ധത്തിൻ്റെ പേരിൽ സമസ്‌ത നേതൃത്വവും ലീഗും തമ്മിൽ തർക്കങ്ങളുണ്ട്.

ഭരണഘടനാപരമായിട്ട് തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏക സിവിൽ കോഡിനെ കുറിച്ചുള്ള കാഴ്‌ചപ്പാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ‘ഇ.എം.എസ് എടുത്ത നിലപാടിനെ കുറിച്ച് ഇവര്‍ പറയുന്നത് ശരിയല്ല. പക്ഷേ ഏക സിവിൽ കോഡിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണം. അതില്ലാത്തതിടത്തോളും കാലം ഇത് നടപ്പാക്കാന്‍ കഴിയില്ല. അതാണ് ഇ.എം.എസും പറഞ്ഞത്. ഇ.എം.എസ് പറഞ്ഞതില്‍ കൃത്യതയുണ്ട്. ഏക സിവിൽ കോഡിലേക്കെത്താണ് ഉതകുന്ന രീതിയിലുള്ള വിവിധ ജാതി മത വിഭാഗങ്ങളിലുള്ള സ്ത്രീ പരുഷ സമത്വത്തെ കുറിച്ചുള്‍പ്പടെ വളരെ ഗുരുതരമായ ചര്‍ച്ച ഇന്ത്യയില്‍ നടന്ന് വരണം. ഇന്നത്തെ പരിസ്ഥിതിയില്‍ ഏക സിവില്‍കോഡ് നടപ്പാലാക്കാനാകില്ല എന്നതാണ് പൊതുവായ നിലപാട്’ – അദ്ദേഹം പറഞ്ഞു.

സെമിനാറിന് ക്ഷണിച്ച നിരവധി സംഘടനകളില്‍ ഒന്നാണ് മുസ്ലിം ലീഗ്. ഒരു പാര്‍ട്ടി ക്ഷണം നിരസിച്ചാല്‍ അത് തിരിച്ചടിയാകില്ല. മുസ്ലിം ലീഗ് യുഎഡിഎഫിൻ്റെ ഭാഗമാണെന്നും സെമിനാറില്‍ പങ്കെടുക്കില്ലെന്ന തീരുമാനം പാര്‍ട്ടിയെന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള സംഘടനകളെ വീണ്ടും ക്ഷണിക്കുമെന്നും സെമിനാര്‍ ക്ഷണം നിരസിച്ച മുസ്ലിം ലീഗ് തീരുമാനത്തില്‍ പ്രതികരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ സാഹചര്യത്തിലാണ് സെമിനാറില്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസിൻ്റെ നിലപാട് എന്താണെന്നുള്ളതില്‍ കോണ്‍ഗ്രസിന് വ്യക്തത ഇല്ലല്ലോ. കോണ്‍ഗ്രസിന് വ്യക്തതയില്ലാത്തത് കൊണ്ടാണ് അവരെ ഒഴിവാക്കി നിര്‍ത്തി ബാക്കിയുള്ളവരെ വിളിച്ചത്- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest