Categories
national news

ട്രെയിനിൻ്റെ വാതിലില്‍ നില്‍ക്കുന്നതിനിടെ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമം; തടയുന്നതിനിടെ പുറത്തേയ്ക്ക് വീണ യുവതി മരിച്ചു

പ്ളാറ്റ്‌ഫോമിൽ ഉണ്ടായിരുന്നവര്‍ പെട്ടെന്നുതന്നെ ആംബുലൻസ് വിളിച്ചില്ലെന്ന് സഹോദരൻ ആരോപിക്കുന്നു

ചെന്നൈ: മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ യുവതി മരിച്ചു. ജൂലായ് രണ്ടിന് ഇന്ദിരാ നഗര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രീതി എന്ന യുവതി ചെന്നൈയിലെ ആശുപത്രിയില്‍ ശനിയാഴ്‌ചയാണ്‌ മരിച്ചത്.

പ്രീതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു മോഷണശ്രമം നടന്നത്. കോട്ടൂര്‍പുരത്തില്‍ നിന്ന് തിരുവൻമിയൂരിലേയ്ക്ക് പോകാൻ എം.ആര്‍.ടി.എസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു പ്രീതി. ട്രെയിനില്‍ നല്ല തിരക്കായിരുന്നതിനാല്‍ വാതിലിൻ്റെ വശത്തായിരുന്നു പ്രീതി നിന്നിരുന്നത്. ഇതിനിടെ രണ്ട് യുവാക്കള്‍ പ്രീതിയുടെ ഫോണ്‍ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും തടയുന്നതിനിടെ പ്രീതി ഇന്ദിരാ നഗര്‍ റെയില്‍വേ സ്റ്റേഷൻ പ്ളാറ്റ്‌ഫോമിലേയ്ക്ക് വീഴുകയുമായിരുന്നു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

അതേസമയം, പ്രീതി വീണ സമയം പ്ളാറ്റ്‌ഫോമിൽ ഉണ്ടായിരുന്നവര്‍ പെട്ടെന്നുതന്നെ ആംബുലൻസ് വിളിച്ചില്ലെന്ന് സഹോദരൻ ആരോപിക്കുന്നു. ഏറെ സമയത്തിന് ശേഷം ഒരു യാത്രക്കാരനാണ് പ്രീതിയുടെ മാതാപിതാക്കളെ വിളിച്ച്‌ വിവരമറിയിച്ചത്. തുടര്‍ന്ന് അവരെത്തിയാണ് പ്രീതിയെ ആശുപത്രിയിൽ എത്തിച്ചതെന്നും സഹോദരൻ പറഞ്ഞു.

പ്രീതി ട്രെയിനില്‍ നിന്ന് വീഴുന്നത് കണ്ടിട്ടും മോഷ്‌ടാക്കള്‍ ഫോണുമായി സ്ഥലം വിട്ടിരുന്നു. സൈബര്‍ ക്രൈം യൂണിറ്റിൻ്റെ സഹായത്തോടെ പ്രീതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കണ്ടെത്തിയാണ് പൊലീസ് മോഷ്‌ടാക്കളിലേയ്ക്ക് എത്തിയത്. ബസന്ത് നഗര്‍ സ്വദേശി രാജുവില്‍ നിന്ന് ഫോണ്‍ പൊലീസ് കണ്ടെടുത്തു. രണ്ടുപേരില്‍ നിന്ന് 2000 രൂപ കൊടുത്ത് ഫോണ്‍ വാങ്ങിയതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ മണിമാരൻ, വിഘ്‌നേഷ് എന്നിവര്‍ അറസ്റ്റിലായി. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *