Categories
national news

റോഡ്‌ സുരക്ഷ ഉറപ്പാക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ണായകം; ഡ്രൈവർമാർ ഇനി ചൂടേറ്റ് തളരേണ്ട, ട്രക്കുകളിൽ എ.സി കാബിൻ നിർബന്ധം, കരട് വിജ്ഞാപനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം

ദീര്‍ഘദൂര യാത്രകളില്‍ കാബിനിലെ ചൂടും ദുരിതവും

ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവർമാർക്ക് എ.സി കാബിനുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരി അറിയിച്ചു. റോഡ്‌ സുരക്ഷ ഉറപ്പാക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും ഗഡ്‌കരി പറഞ്ഞു.

2025 ജനുവരി മുതല്‍ ഇത് നടപ്പാക്കും. ദീര്‍ഘദൂര യാത്രകളില്‍ കാബിനിലെ ചൂടും ദുരിതവും കാരണം പ്രയാസപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകരമായ തീരുമാനമാണിത്. ട്രക്കുകളില്‍ എ.സി കാബിനുകള്‍ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞമാസം മന്ത്രി പറഞ്ഞിരുന്നു.

പുതിയ വ്യവസ്ഥ വരുന്നതോടെ എ.സി കാബിനോടെ വേണം വാഹന നിര്‍മാതാക്കള്‍ ട്രക്കുകള്‍ വില്‍പ്പനക്ക് എത്തിക്കാനെന്നാണ് വിവരം. നിലവില്‍ ലോറിയുടെ ബോഡി നിര്‍മാതാക്കളാണ് കാബിനുകളും നിര്‍മിക്കുന്നത്.

രാജ്യത്തിൻ്റെ ചരക്ക് ഗതാഗത മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നടപ്പാക്കുന്നതെന്നാണ് വിശദീകരണം. കാലാവസ്ഥ വ്യതിയാനവും വിശ്രമ കേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തിരുമാനം. ഡ്രൈവര്‍മാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതല്‍ കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്.

ലോറികളില്‍ ഉള്‍പ്പെടെ എ.സി കാബിനുകള്‍ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട റോഡ് സുരക്ഷയും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഗമനം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തലുകള്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *