Categories
articles education Kerala

കാന്ത ശക്തിയുള്ള വ്യക്തിത്വം; സഖാവ് പി.കൃഷ്ണപിള്ളയുടെ ഓർമ്മകൾക്ക് 74 വർഷം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക അംഗം, സഖാവിനെ അനുസ്മരിക്കുമ്പോൾ

കൃഷ്‌ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല

കാസർകോട് / കണ്ണൂർ: കാന്തശക്തിയുള്ള കൃഷ്ണപിള്ളയുടെ വ്യക്തിത്വവും ഇ.എം.എസിൻ്റെ ദീർഘവീക്ഷണമുള്ള ചിന്താധാരയും എ.കെ.ജിയുടെ സമരപാടവവും കേരളത്തിലെ കമ്മ്യൂണിസ്റ് കർഷക പ്രസ്ഥാനത്തിന് വേരോട്ടം ഉണ്ടാക്കുന്നതിന് ഊർജം പകർന്നു. 1937ല്‍ കോഴിക്കോട്ട്‌ രൂപീകൃതമായ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാർട്ടി ഗ്രൂപ്പിൻ്റെ സെക്രട്ടറി കൃഷ്ണപിള്ള ആയിരുന്നു. 1930 ജനുവരിയില്‍ ഉപ്പുസത്യഗ്രഹം നടത്താന്‍ വടകരയിൽ നിന്നും പയ്യന്നൂരിലേക്ക് പോയ ജാഥയുടെ പതാക വാഹകനായിരുന്നു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ കൃഷ്ണപിള്ളയെ പോലീസ് അതിഭീകരമായി തല്ലിച്ചതക്കുകയും അറസ്റ്റു ചെയ്തു ജയിലിലടക്കുകയും ചെയ്തു.

നിയമലംഘന കേസിൽ കുറ്റം ചാർത്തപ്പെട്ട ആറു പ്രതികളിൽ ഒരാളായിരുന്നു കൃഷ്ണപിള്ള. ജയിലിൽ ബി- ക്ലാസ്സ് തടവുകാരായിരുന്നെങ്കിലും, ജയിലധികൃതർ വളരെ മോശമായാണ് ഈ തടവുകാരോട് പെരുമാറിയിരുന്നത്. കൃഷ്ണപിള്ള വളരെയധികം പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം ജയിലിലുണ്ടായിരുന്ന കെ.പി ഗോപാലൻ രേഖപ്പെടുത്തിയിരുന്നു. തടവുകാരെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും മേലധികാരികളുമായി മല്ലിടാൻ തൻ്റെടത്തോടെ തയ്യാറായത് സഖാവ് മാത്രമായിരുന്നു.

തടവുകാർക്കെതിരെ നടക്കുന്ന അക്രമങ്ങളെ ചോദ്യം ചെയ്തതിനെ തുടർന്ന് ജയിലധികൃതർ അദ്ദേഹത്തെ കോൽചങ്ങലയിൽ ബന്ധിച്ചിടുകയുണ്ടായി. ഇതിനെതുടർന്ന് നിരാഹാരം ആരംഭിച്ച കൃഷ്ണപിള്ളയെ വെല്ലൂർ ജയിലിലേക്കു മാറ്റുവാൻ ജയിൽ മേധാവികൾ തീരുമാനിച്ചു. വെല്ലൂരിൽ നിന്നും കൃഷ്ണപിള്ളയെ പിന്നീട് സേലം ജയിലിലേക്കു മാറ്റി. സേലം ജയിലിൽ വെച്ച് ലാഹോർ ഗൂഢാലോചന കേസിൽ ഭഗത് സിംഗിൻ്റെ സഹപ്രവർത്തകനായ ബദ്കേശ്വർ ദത്തിനെ അടുത്തു പരിചയപ്പെടാൻ ഇടയായി.

സേലം ജയിലിലും അന്യായങ്ങൾക്കെതിരെ കൃഷ്ണപിള്ളയും ദത്തും കടുത്ത സമരങ്ങൾ നടത്തുകയും വീണ്ടും കോൽച്ചങ്ങലകളിൽ തളക്കപ്പെടുകയും ചെയ്തു. അവിടുന്ന് പല വിപ്ലവകാരികളുമായി അടുത്തു പരിചയപ്പെടാൻ സഖാവിന് കഴിഞ്ഞു .അത് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിച്ചു.

ജയിലിൽ നിന്നും മോചിതനായ കൃഷ്ണപിള്ള നേരെ പോയത് ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാനാണ്.അവർണ്ണർ എന്നു മുദ്രകുത്തി ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന മറ്റു ജാതിയിലുള്ളവർക്കുകൂടി ക്ഷേത്രപ്രവേശനം സാധ്യമാക്കണം എന്നതായിരുന്നു സത്യാഗ്രഹത്തിൻ്റെ ആവശ്യം. സവർണ്ണ മേധാവിത്വത്തെ പ്രകോപിച്ചു കൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കി. സവർണ്ണ മേധാവികൾ തങ്ങളുടെ കിങ്കരന്മാരെ വിട്ട് മർദ്ദിച്ചു.

“ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽ പെറുക്കി നായർ അവൻ്റെ പുറത്തടിക്കും” എന്ന് കൂലിത്തല്ലുകാരെ പരിഹസിച്ചു. അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൊടിയ മർദ്ദനം മുഴുവൻ അക്ഷോഭ്യനായി കൃഷ്ണപിള്ള ഏറ്റുവാങ്ങി.

ആലപ്പുഴയിലെ കയര്‍ തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി- നെയ്‌ത്ത്‌ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലും മുമ്പന്തിയിലുണ്ടായിരുന്നു. തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലും, പുന്ന-പ്രവയലാർ സമരത്തിലും, കൊച്ചിയിലെ ദേശീയ പ്രസ്ഥാന രംഗത്തും മലബാറിലെ കാർഷിക സമരങ്ങളിലും മിൽത്തൊഴിലാളി സമരങ്ങളിലും സാന്നിദ്ധ്യവും നേതൃത്വവും വളരെ പ്രധാനമായിരുന്നു.

പിണറായി-പാറപ്പുറം രഹസ്യ സമ്മേളനത്തില്‍ പങ്കെടുത്ത കൃഷ്ണപിള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകത്തിൻ്റെ പ്രഥമ സെക്രട്ടറിയായി. കേരളത്തില്‍ കൃഷ്‌ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. ഗ്രാമങ്ങള്‍തോറും സഞ്ചരിച്ചാണ്‌ കേഡര്‍മാരെ റിക്രൂട്ട്‌ ചെയ്യുകയും ഒളിവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഷെല്‍ട്ടറുകള്‍ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നത്‌.

തൻ്റെ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ 1948 ആഗസ്‌റ്റ്‌ 19-ന്‌ ആലപ്പുഴയിലെ കണ്ണര്‍കാട്ടെ ഒളിത്താവളത്തില്‍ സര്‍പ്പ ദംശമേറ്റ്‌ മരിക്കുന്നതിനിടയിലും കൃഷ്‌ണപിള്ള പെരുമാറിയത്‌ ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ഒരിക്കലും തോൽക്കാത്ത ഇച്ഛാശക്തിയുടെ അഗ്നിനാളമായാണ്‌. തൻ്റെ വിറയ്‌ക്കുന്ന കൈകള്‍കൊണ്ട്‌ അവസാനമായി കൈമാറിയ ‘സഖാക്കളെ മുന്നോട്ട്‌’ എന്ന വാക്കുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ അന്നും ഇന്നും ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

‘വിമർശനമുണ്ടെങ്കിലും സ്വയം വിമർശനം വേണ്ടത്രയില്ല’ എന്ന കൃഷ്ണപിള്ളയുടെ അവസാനത്തെ കരട് റിപ്പോർട്ടിലെ നീരീക്ഷണവും എക്കാലവും കമ്മ്യൂണിസ്റ്റ് പോരാളികൾക്ക് ഓർമ്മപ്പെടുത്തലും താക്കീതുമാണ്. ഇതിഹാസ തുല്യമായിരുന്നു ആ ജീവിതം. മരണം പോലും ഒളിവിലിരിക്കെ ആയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest