Categories
local news

പ്രാദേശിക വികസനത്തിന്‍റെ മികച്ച മാതൃകകള്‍ അനുസ്മരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ വിടവാങ്ങല്‍ യോഗം

പെരിയ എയര്‍സ്ട്രിപ്പിന് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തി. സംസ്ഥാന സര്‍ക്കാറിന്‍റെയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെയും പ്രാഥമിക അംഗീകാരം നേടാനായി.

കാസര്‍കോട്: ജില്ലയുടെ സന്തുലിതമായ പ്രാദേശിക വികസനത്തിന് അഞ്ചു വര്‍ഷം ചാരിതാര്‍ത്ഥ്യത്തോടെ നേതൃത്വം നല്‍കിയതിന്റെ അഭിമാനത്തോടെ ജില്ലാ ആസൂത്രണ സമിതിയുടെ അവസാനയോഗം സമാപിച്ചു. രാഷ്ട്രീയ കക്ഷിഭേദമില്ലാതെ ജില്ലയുടെ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിങ് ഓഫീസ് ജീവനക്കാര്‍ എന്നിവരെ യോഗം അഭിനന്ദിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ. ജി .സി ബഷീര്‍ അധ്യക്ഷത വഹിച്ചു.

കേരള മുഖ്യമന്ത്രിയ്ക്കു മുന്നില്‍ ആദ്യമായി വിശദമായ ജില്ലാ പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടാനായതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രണ ബോര്‍ഡിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ച് വികസന സെമിനാര്‍ നടത്തി. ജില്ലയുടെ ഭൂജല ശോഷണം തടയാന്‍ ജലനയത്തിന് രൂപം നല്‍കാന്‍ സാധിച്ചു. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ജില്ലയുടെ പൊതുവായ വികസനത്തിന് പരിശ്രമിച്ചു. പെരിയ എയര്‍സ്ട്രിപ്പിന് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തി. സംസ്ഥാന സര്‍ക്കാറിന്‍റെയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെയും പ്രാഥമിക അംഗീകാരം നേടാനായി.

കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനത്തിനുള്ള ബൃഹദ് പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം ഇക്കാലയളവില്‍ നേടാന്‍ സാധിച്ചിട്ടില്ല’.എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഡി പി സി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ നല്‍കിയ ഉറച്ച പിന്തുണ ഒരിക്കലും മറക്കാനാവാത്തതാണെന്ന് പ്രസിഡണ്ട് പറഞ്ഞു.

ജില്ലയുടെ പൊതുവായ അടിസ്ഥാന സൗകര്യ വികസനത്തില്‍ ജനപ്രതിനിധികള്‍ കാണിക്കുന്ന താത്പര്യം സാമൂഹിക വികസനത്തിലും പ്രകടിപ്പിച്ചാല്‍ ജില്ലയുടെ പിന്നോക്കാവസ്ഥയക്ക് ശാശ്വത പരിഹാരം കാണാന്‍ സഹായകമാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു. കുടിവെള്ളം ലഭ്യമാക്കുന്നതിനും തൊഴില്‍ അവസരങ്ങള്‍ സൃഷടിക്കുന്നതിനും ശിശുക്കളുടെയും വനിതകളുടെയും വയോജനങ്ങളുടേയും ക്ഷേമത്തിനും സുഭിക്ഷ കേരളം പോലെ കാര്‍ഷിക വികസനത്തിനും കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

അഞ്ചു വര്‍ഷത്തിനകം മാതൃക പദ്ധതികള്‍ നടപ്പിലാക്കുന്നതിനും സംസ്ഥാന ശ്രദ്ധ നേടുന്നതിനും ജില്ലക്ക് സാധിച്ചത് ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്ന് ഡി. പി. സി അംഗം (സര്‍ക്കാര്‍ നോമിനി ) കെ.ബാലകൃഷ്ണന്‍ പറഞ്ഞു.ജില്ലാ പദ്ധതി മുഖ്യമന്ത്രിയ്ക്കു മുന്നില്‍ ആദ്യം അവതരിപ്പിക്കാന്‍ സാധിച്ചതിലൂടെ ജില്ലയുടെ പൊതുവായ വികസന കാഴ്ചപാട് സര്‍ക്കാറിനു മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്തുകള്‍ക്ക് മികച്ച വികസന കാഴ്ചപ്പാട് സൃഷ്ടിക്കാന്‍ ആസൂത്രണ സമിതിക്ക് സാധിച്ചുവെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എ. എ ജലീല്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അസാസിയേഷനു വേണ്ടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. പി ജാനകി നന്ദി പറഞ്ഞു.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് നെനോജ് മേപ്പയില്‍ സ്വാഗതം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ഒടുവിലത്തെ യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങള്‍ നേരിട്ടും പഞ്ചായത്ത് നഗരസഭ അധ്യക്ഷന്മാരും സെക്രട്ടറിമാരും ജില്ലാതല നിര്‍വ്വഹണഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഓണ്‍ലൈനിലും പങ്കെടുത്തു. നാടിന്‍റെ പൊതു വികസനത്തിന് സഹായകമായ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയാണ് ജില്ലാ ആസൂത്ര ണ സമിതിയുടെ ഒടുവിലത്തെ യോഗവും അജണ്ട പൂര്‍ത്തിയാക്കിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest