Trending News
കൊച്ചി: ലൈഫ്‌മിഷന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെണ്ട് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്‌ത പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, കരാറുകാരനായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍, ലൈഫ്‌മിഷന്‍ മുന്‍ സി.ഇ.ഒ യു.വി ജോസ്, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എന്നിവരുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യം. പ്രതികളെ പല തവണ ചോദ്യം ചെയ്‌തെങ്കിലും മൊഴികളില്‍ വ്യക്‌തതയില്ല. കേസിൻ്റെ വിചാരണാ സമയത്ത് മൊഴിയിലെ പൊരുത്തക്കേട് പ്രതികള്‍ക്ക് തുണയാകുമോ എന്ന ആശങ്ക ഇ.ഡിക്കുണ്ട്.
Also Read
സ്വപ്‌നയുമായുള്ള ചാറ്റുകള്‍ തൻ്റെതാണെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും ചാറ്റുകള്‍ എഡിറ്റ് ചെയ്‌തിട്ടുണ്ടെന്നാണ് മൊഴി നല്‍കിയത്.
കോഴപ്പണം വാങ്ങിയതും കൈകാര്യം ചെയ്‌തതും സംബന്ധിച്ച് പ്രതികളുടെ മൊഴികള്‍ തമ്മില്‍ പൊരുത്തക്കേടുണ്ട്. കോഴയല്ല, രാജ്യാന്തര ഇടപാടുകള്‍ക്ക് അനുവദനീയമായ കമ്മീഷനാണെന്നാണ് സന്തോഷ് ഈപ്പൻ്റെ മൊഴി.
സന്തോഷ് ഈപ്പന്‍ കസ്‌റ്റംസിനും ഇ.ഡിക്കും നല്‍കിയ ആദ്യ മൊഴിയില്‍ ഒരിടത്തും ശിവശങ്കറെപ്പറ്റി പരാമര്‍ശമില്ല. 4.5 കോടിയുടെ കോഴപ്പണത്തില്‍ രണ്ടുകോടി കുറച്ചുള്ള തുകയില്‍ ഒരു ഭാഗം ഡോളറാക്കി കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടണ്ട് ഖാലിദിന് കൊടുത്തുവെന്നും ബാക്കി പണം ഡോളറാക്കാന്‍ കഴിയാത്തതിനാല്‍ അയാള്‍ കൊണ്ടുപോയില്ലെന്നുമാണ് സ്വപ്‌നയുടെ മൊഴി. സ്വപ്‌നയുടെ ലോക്കറിലെ പണം തൻ്റെതല്ലെന്നാണ് ശിവശങ്കറുടെ മൊഴി.
ലൈഫ് പദ്ധതിക്കായി ഹാബിറ്റാറ്റ് സമര്‍പ്പിച്ച രഹസ്യരേഖകള്‍ സ്വപ്‌നയുടെ കൂട്ടാളി പി.എസ് സരിത്തിന് ചോര്‍ത്തിയെന്ന ഇ.ഡിയുടെ വാദം യു.വി ജോസ് സമ്മതിച്ചിട്ടില്ല. കൈമാറിയെന്ന് പറയുന്നത് രഹസ്യ സ്വഭാവമുള്ള രേഖകളല്ലെന്നും നിര്‍മ്മാതാക്കളെ നിശ്‌ചയിച്ചത് ലൈഫ് പദ്ധതി ഏറ്റെടുത്തു നടപ്പാക്കിയ റെഡ് ക്രെസൻ്റെണെന്നും അതില്‍ ലൈഫ്‌മിഷന് പങ്കില്ലെന്നുമാണ് ജോസിൻ്റെ വാദം. വടക്കാഞ്ചേരി ലൈഫ്‌മിഷന്‍ പദ്ധതിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ ദുബായിലെ റെഡ് ക്രെസണ്ട് നല്‍കിയ 20 കോടി രൂപയില്‍ 4.5 കോടി കോഴയായി നല്‍കിയെന്ന കേസാണ് ഇ.ഡി. അന്വേഷിക്കുന്നത്.
അതേസമയം, പരാതി തെളിയിക്കേണ്ട ബാധ്യത പ്രതികള്‍ക്കായതിനാല്‍ മൊഴികളിലെ വൈരുധ്യം തടസമാകുക പ്രതികള്‍ക്കായിരിക്കുമെന്ന വിലയിരുത്തലും ഇ.ഡിക്കുണ്ട്. അതിനിടെ, ശിവശങ്കറുടെ ജാമ്യാപേക്ഷ 27ന് ഹൈക്കോടതി പരിഗണിക്കും.
Sorry, there was a YouTube error.