Categories
articles Kerala local news news

ചെമ്പരിക്ക ഖാസിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ്; വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങളുടെ ഭരണ സാരഥ്യത്തിൻ്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ചില വന്‍തോക്കുകളാണ് ഘാതകർ; പ്രതികളെ പിടികൂടും വരെ സമരരംഗത്തു വേണം; സംഭവം വിശദീകരിച്ച് സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്​വി

ചെമ്പരിക്ക ഖാസിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും പ്രതികളെ പിടികൂടുന്നതുവരെ സമര രംഗത്തുണ്ടാകേണ്ടതുണ്ടെന്നും സമസ്ത കേരള മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്​വി. തൻ്റെ ഫേസ്ബുക് പേജിലൂടെയാണ് ബഹാവുദ്ദീന്‍ മുഹമ്മദ് നദ്​വി കാര്യങ്ങൾ വിശദീകരിച്ചത്. ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉപാധ്യക്ഷനും മംഗാലാപുരം-കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാദിയും സമൂഹത്തിന്റെ ആദരപാത്രവുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്‌ലിയാരുടെ വിയോഗത്തിന്ന് പതിനൊന്നാണ്ട് പിന്നിടുകയാണ്.

കാലമിത്രയായിട്ടും ഇരുട്ടിന്റെ മറവില്‍ നിഷ്ഠുര വധം നടപ്പിലാക്കിയ ഘാതകരെ പിടികൂടാന്‍ നമ്മുടെ അന്വേഷണ-നിയമ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ല എന്നത് ഖേദകരും പ്രതിഷേധാര്‍ഹവുമാണ്.

ഉത്തരമലബാറില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക രംഗത്ത് അതുല്യനായി നിലകൊണ്ട സി.എം അബ്ദുല്ല മുസ്‌ലിയാര്‍ ജാതി-മത ഭേദമന്യേ സര്‍വരാലും ആദരിക്കപ്പെട്ടിരുന്ന വിശിഷ്ട വ്യക്തിയായിരുന്നു. അദ്ദേഹത്തെ അനുഭവിച്ചവരും അന്വേഷിച്ചറിഞ്ഞവരുമൊക്കെ ഖാദിയുടെ തിരോധാനം ആത്മഹത്യയല്ലെന്ന് വിശ്വസിക്കുന്നവരാണ്.

എന്നാല്‍, പരേതന്റെ ഭൗതിക ശരീരം ചെമ്പരിക്ക കടുക്കക്കല്ല് തീരക്കടലില്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ തന്നെ തീര്‍ത്തും അസ്വാഭാവികമായ രീതിയിലാണ് അന്വേഷണങ്ങള്‍ മുന്നോട്ടുപോയത്. കൊലപാതകത്തിനു പകരം സംഭവം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമങ്ങളായിരുന്നു തുടക്കം മുതലേ അന്വേഷണ സംഘങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ലോക്കല്‍ പോലീസ് മുതല്‍ ക്രൈം ബ്രാഞ്ചും പിന്നീട് സി.ബി.ഐയും വരെ ഈ രീതിയല്‍ തന്നെയാണ് കേസിനെ സമീപിച്ചതും.

സമസ്തയുടെ സമുന്നതനായ ഒരു പണ്ഡിതനെ ഇരുട്ടിന്റെ മറവില്‍ നിഷ്‌ക്കാസനം ചെയ്തു പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ അത് ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ദുഃശ്ശക്തികള്‍ ഇന്നും നടത്തികൊണ്ടിരിക്കുന്നത്. അദ്ദേഹം വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങളുടെ ഭരണ സാരഥ്യത്തിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ചില വന്‍തോക്കുകളാണ് ഘാതകരെന്നാണ് കാസര്‍ഗോഡ് മേഖലയിലെ ചില അഭിജ്ഞവൃത്തങ്ങളുടെ നിഗമനം. എന്തായാലും മാപ്പര്‍ഹിക്കാത്ത ഈ കൊലപതകത്തിനു നേതൃത്വം നല്‍കിയ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതുവരെ നാം സമര രംഗത്തുണ്ടാകേണ്ടതുണ്ട്.

സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരിക തന്നെ ചെയ്യും. സത്യത്തിന്റെയും നീതിയുടെയും വിജയത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നാഥന്‍ അനുഗ്രഹിക്കട്ടെ.

https://www.facebook.com/Dr.BahauddeenMuhammedNadwi/posts/4018029854895361

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest