Categories
business national news

എക്‌സിറ്റ് പോളിന്‍റെ ചിറകിലേറി ഓഹരി വിപണി, റെക്കോര്‍ഡ് ഉയരത്തില്‍; ഒറ്റയടിക്ക് ഉയര്‍ന്നത് 2000 പോയിണ്ട്, നഷ്‌ടത്തില്‍ റിലയന്‍സും ടി.സി.എസും മുമ്പന്തിയില്‍

സെന്‍സെക്‌സ് 75,500 പോയിണ്ടും കടന്ന് പുതിയ ഉയരം കുറിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍. സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് മുന്നേറിയത്.

വ്യാപാരത്തിൻ്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 75,500 പോയിണ്ടും കടന്ന് പുതിയ ഉയരം കുറിച്ചു.

Courtesy: Money Control

ഒറ്റയടിക്ക് രണ്ടായിരത്തോളം പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിലവില്‍ 75874 പോയിന്റിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്.

നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23000 പോയിണ്ട് മറികടന്ന് റെക്കോര്‍ഡ് ഉയരത്തിലാണ് നിഫ്റ്റി. പ്രധാനപ്പെട്ട 13 സെക്ടറുകളും നേട്ടത്തിലാണ്. എനര്‍ജി, പൊതുമേഖല ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

നഷ്ടത്തില്‍ റിലയന്‍സും ടിസിഎസും മുമ്പന്തിയില്‍

രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിൻ്റെയും വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്‌ച 2,08,207.93 കോടി രൂപയാണ് എട്ട് കമ്പനികള്‍ക്ക് ഒന്നടങ്കം നഷ്ടമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ടി.സി.എസിനുമാണ് ഏറ്റവുമധികം മൂല്യം ഇടിഞ്ഞത്.

കഴിഞ്ഞയാഴ്‌ച സെന്‍സെക്സ് 1,449 പോയിന്റ് ആണ് ഇടിഞ്ഞത്. 75,000 എന്ന നാഴികക്കല്ല് പിന്നിട്ട് കുതിച്ച സെന്‍സെക്‌സ് ആണ് കഴിഞ്ഞയാഴ്‌ച 74,000ല്‍ താഴെ എത്തിയത്. പത്തു മുന്‍നിര കമ്പനികളില്‍ എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.

ഒരാഴ്‌ച കൊണ്ട് റിലയന്‍സിൻ്റെ വിപണി മൂല്യത്തില്‍ 67,792 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ വിപണി മൂല്യം 19,34,717 കോടിയായി. 65,577 കോടി രൂപയുടെ നഷ്ടത്തോടെ ടി.സി.എസിൻ്റെ വിപണി മൂല്യം 13,27,657 കോടിയായി താഴ്ന്നു. കഴിഞ്ഞയാഴ്‌ച ഇന്‍ഫോസിസിന് 24,338 കോടിയും ഐ.ടി.സിക്ക് 12,422 കോടിയും എല്‍.ഐ.സിക്ക് 10,815 കോടിയുമാണ് മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നിവ യഥാക്രമം 10,954 കോടിയുടെയും എസ്ബിഐ 1,338 കോടിയുടെയും നേട്ടം ഉണ്ടാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest