Categories
articles

പള്ളികളില്‍ നിന്ന് മിനാരങ്ങളും താഴികക്കുടങ്ങളും എത്രയും വേഗം നീക്കണം; മുസ്‌ലീങ്ങള്‍ക്കെതിരെ ചൈന നടപടികള്‍ കടുപ്പിക്കുന്നു

പള്ളികളുടെ പുനര്‍ നിര്‍മാണത്തിനൊപ്പം ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നുണ്ട്.

മുസ്‌ലീങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കമ്മ്യൂണിസ്റ്റ് ചൈന. പള്ളികളില്‍ നിന്ന് ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും എത്രയും വേഗം നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. വടക്കുപടിഞ്ഞാറന്‍ നഗരമായ സിനിംഗിലെ ഡോങ്ഗുവാന്‍ മസ്ജിദാണ് ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ പുനര്‍ നിര്‍മ്മിച്ചത്.

മസ്ജിദിലെ പച്ച നിറത്തിലുള്ള താഴികക്കുടങ്ങളും മിനാരങ്ങളും പൂര്‍ണമായി നീക്കി കാഴ്ചയില്‍ ഒരു സാധാരണ കെട്ടിടം പോലെയാക്കുകയായിരുന്നു. ഇതിനൊപ്പം മസ്ജിദിലുണ്ടായിരുന്ന ഇസ്‌ലാമിക ചിഹ്നങ്ങള്‍ എല്ലാം മാറ്റി പകരം ബുദ്ധമത ചിഹ്നങ്ങള്‍ ആലേഖനം ചെയ്യുകയും ചെയ്തു. മതകേന്ദ്രങ്ങളെ ചൈനീസ് മാതൃകയിലേക്ക് കൊണ്ടുവരുന്നതിൻ്റെ ഭാഗമാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം.

പള്ളികളുടെ പുനര്‍ നിര്‍മാണത്തിനൊപ്പം ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നുണ്ട്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയാണ് ഇമാമുമാരായി നിയമിക്കുന്നത്. സാധാരണ ഇമാമുമാര്‍ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് പള്ളികളില്‍ പ്രഭാഷണം നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഇമാമുമാര്‍ മതവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളായിരിക്കും പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തുക.

പലപ്പോഴും സര്‍ക്കാരിൻ്റെ ഗുണഗണങ്ങളായിരിക്കും ഇവര്‍ വാഴ്ത്തുക എന്നാണ് വിശ്വാസികള്‍ പറയുന്നത്. മസ്ജിദുകളിലെ ഇസ്ലാമിക നിര്‍മിതികളും ചിഹ്നങ്ങളും വിദേശ സ്വാധീനത്തിൻ്റെ അടയാളമാണെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്.ഇത്തരം ചിഹ്നങ്ങള്‍ നീക്കംചെയ്യുന്നതിലൂടെ വംശീയ വിഭാഗങ്ങളെ പൂര്‍ണമായും ചൈനീസ് ആക്കിമാറ്റാനാവുമെന്നാണ് ഭരണകൂടം വിശ്വസിക്കുന്നത്.

എന്നാല്‍ മുസ്‌ലിം മതത്തെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ചൈനീസ് സര്‍ക്കാരിൻ്റെ ശ്രമത്തിൻ്റെ ഭാഗമാണ് പുതിയ നടപടി എന്നാണ് വിശ്വാസികള്‍ പറയുന്നത്. ഉയ്ഗുര്‍ ഇസ്‌ലാങ്ങള്‍ക്കെതിരായ നടപടികളുടെ തുടര്‍ച്ചയാണ് ലോകം ഈ നടപടിയെ നോക്കിക്കാണുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest