Categories
national news

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ മതിയായ സാഹചര്യം ഒരുക്കണം; ചൈനയോട് വിദേശകാര്യ മന്ത്രാലയം

സാധാരണ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും വേറിട്ടുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന നിബന്ധന മാത്രമാണ് ഇന്ത്യ മുന്നോട്ടു വെക്കുന്നതെന്നും ബാഗ്ചി പറഞ്ഞു.

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ മതിയായ സാഹചര്യം ഒരുക്കണമെന്ന് ചൈനയോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ വിവേചനപരവും ന്യായരഹിതയുമായ പെരുമാറ്റത്തിന് ഇരയായെന്നും ചെനയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ചില നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.

ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയിലെ ചൈനീസ് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യം പൂജ്യത്തിലേക്ക് വീഴാനൊരുങ്ങുകയാണെന്നും ചൈന ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ വിവേചനം നേരിടുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ചൂണ്ടിക്കാട്ടി.

ചൈനയിലെയടക്കം വിദേശ മാധ്യമ പ്രതിനിധികള്‍ തടസങ്ങളൊന്നുമില്ലാതെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. തദ്ദേശ റിപ്പോര്‍ട്ടര്‍മാരെ ജോലിക്കെടുക്കാനും അവര്‍ക്ക് അനുമതിയുണ്ട്. നേരെ മറിച്ച് ചൈനയില്‍ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരെ ജോലിക്കെടുക്കാന്‍ വിദേശ മാധ്യമങ്ങളെ അനുവദിക്കുന്നില്ല.

ചൈനയിലൂടെ സഞ്ചരിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ വിവിധ തടസങ്ങള്‍ നേരിടുന്നുണ്ടെന്നും ബാഗ്ചി ചൂണ്ടിക്കാട്ടി. സാധാരണ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും വേറിട്ടുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന നിബന്ധന മാത്രമാണ് ഇന്ത്യ മുന്നോട്ടു വെക്കുന്നതെന്നും ബാഗ്ചി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest