Categories
national news

ഇരട്ടവോട്ടിലും ആള്‍മാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കണ്‍തുറന്ന് എ.എസ്.ഡി ആപ്പുണ്ട്, വോട്ടര്‍മാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ ഈ ആപ്പ് ഉപയോഗിക്കാനാവുക

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

‘എ.എസ്.ഡി മോണിട്ടര്‍ സി.ഇ.ഒ കേരള’ എന്ന ആപ്പാണ് എന്‍.ഐ.സി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തില്‍ ഈ ആപ്പ് ഉപയോഗിച്ച്‌ ഉദ്യോഗസ്ഥര്‍ എ.എസ്.ഡി വോട്ടര്‍മാരെ നിരീക്ഷിക്കുന്നതിനാല്‍ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളില്‍ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്‍.ഐ.സി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്ത ‘എ.എസ്.ഡി മോണിട്ടര്‍ സി.ഇ.ഒ കേരള’ ആപ്പ് വഴി ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കഴിയും. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചപ്പോള്‍ ഫലപ്രദമെന്ന് കണ്ടാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഈ ആപ്പ് ഉപയോഗിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്.

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ മാത്രം ഉപയോഗിക്കേണ്ട ഈ ആപ്പിൻ്റെ ഉപയോഗം സംബന്ധിച്ച വിശദനിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് പ്രിസൈഡിങ് ഓഫീസര്‍, ആദ്യ പോളിങ് ഓഫീസര്‍ എന്നിവര്‍ക്ക് മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക.

വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രവുമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക. പോള്‍മാനേജര്‍ ആപ്പില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പര്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയാണ് എ.എസ്.ഡി മോണിറ്റര്‍ ആപ്പില്‍ ലോഗിന്‍ അനുവാദം ലഭിക്കുക. അധിക സുരക്ഷയുടെ ഭാഗമായി ലോഗിന്‍ ചെയ്യുന്നതിന് ഒ.ടി.പി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടര്‍പട്ടിക ശുദ്ധീകരണ കാലയളവില്‍ ആബ്‌സന്റീ, ഷിഫ്റ്റഡ്, ഡെഡ് (ഹാജരില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരണപ്പെട്ടവര്‍) എന്ന് രേഖപ്പെടുത്തി ബി.എല്‍.ഒ മാര്‍ തയ്യാറാക്കിയ പുതുക്കിയ പട്ടിക സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തിലെയും പ്രിസൈഡിങ് ഓഫീസര്‍, ആദ്യ പോളിങ് ഓഫീസര്‍ എന്നിവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

എ.എസ്.ഡി പട്ടികയിലുള്ള വോട്ടര്‍ വോട്ട് ചെയ്യുന്നതിന് ബൂത്തിലെത്തിയാല്‍ ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വോട്ട് ചെയ്യാന്‍ അനുവാദം നല്‍കുകയാണെങ്കില്‍ എ.എസ്.ഡി മോണിട്ടര്‍ ആപ്പ് വഴി ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും.

വോട്ടറുടെ സീരിയല്‍ നമ്പര്‍, റിമാര്‍ക്ക് എന്നിവ രേഖപ്പെടുത്തിയ ശേഷം ആപ്പ് ഉപയോഗിച്ച്‌ തന്നെ വോട്ടറുടെ ചിത്രവും എടുക്കും. തുടര്‍ന്ന് സബ്‌മിറ്റ് ചെയ്‌തു കഴിഞ്ഞാല്‍ ഈ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ തിരുത്താനോ കഴിയില്ല. ഓരോ ബൂത്തിലും വോട്ട് ചെയ്‌ത ആകെ എ.എസ്.ഡി വോട്ടര്‍മാരുടെ വിവരങ്ങളും ആപ്പ് വഴി അറിയാനാവും. എ.എസ്.ഡി ആപ്പ് വഴിയുള്ള നിരീക്ഷണത്തിലൂടെ ഇരട്ടവോട്ട് തടയാനും തര്‍ക്കങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനും കഴിയുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *