Categories
health news

കൊറോണ: ചൈനയില്‍ ഇതുവരെയുള്ള മരണസംഖ്യ 1486; ലോകമൊട്ടാകെ 65,209 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.

വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. കേരളത്തില്‍ പാലക്കാടും മലപ്പുറത്തും വയനാട്ടിലും നിരീക്ഷണം തുടരുകയാണ്. നിലവില്‍ ആശങ്കപ്പെടാനില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ പുതിയ കൊറോണാ രോഗികളുടെ എണ്ണം ഏറ്റവും കുറവ് രേഖപ്പെടുത്തിയ ശേഷമാണ് മരണനിരക്ക് വര്‍ദ്ധിച്ചത്.

ഏപ്രില്‍ മാസത്തോടെ പകര്‍ച്ചവ്യാധി അവസാനിക്കുമെന്നാണ് രാജ്യത്തെ മുതിര്‍ന്ന മെഡിക്കല്‍ അഡ്‌വൈസര്‍ പ്രവചിക്കുന്നത്. ചൈനയിലെ മറ്റിടങ്ങളില്‍ 2015 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വ്യാഴാഴ്ച 14,480 പുതിയ കേസുകളാണ് ഹുബെയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

റൈബോന്യൂക്ലിക് ആസിഡ് പരിശോധനകളിലൂടെയാണ് ഹുബെയില്‍ നേരത്തെ രോഗങ്ങള്‍ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഇതിന് ദിവസങ്ങള്‍ വേണ്ടിവരുന്നതിനാല്‍ ചികിത്സയും വൈകിയിരുന്നു. ഇതിന് പകരം സി.ടി സ്‌കാനുകളുടെ സഹായം തേടിയതോടെ ശ്വാസകോശ ഇന്‍ഫെക്ഷന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നതായി ഹുബെയ് ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest