Categories
news

കാസ്രോട് കഫേ പദ്ധതി: ചെങ്കളയില്‍ ടൂറിസം ഉദ്യാനം വരുന്നു; പാണാര്‍കുളം നവീകരിക്കും

കാസർകോട്: ടൂറിസം മേഖലയില്‍ പുത്തന്‍ കാല്‍വെപ്പുകളുമായി മുന്നോട്ട് കുതിക്കുന്ന ജില്ലയുടെ പാതയോരങ്ങള്‍ക്ക് നവോന്മേഷം പകരുന്നതിനായി ആവിഷ്‌കരിച്ച കാസ്രോട് കഫേ പദ്ധതിയിലെ പാണാര്‍ക്കുളം കേന്ദ്രത്തില്‍ ടൂറിസം ഉദ്യാനം വരുന്നു. പ്രവര്‍ത്തി ഉദ്ഘാടനം ചെങ്കളയിലെ പാണാര്‍കുളത്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. കഫെയോടനുബന്ധിച്ച് റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് കൈമാറിയ 50 സെന്റ് സ്ഥലത്ത് ചെങ്കള ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് ടൂറിസം ഉദ്യാനം നിര്‍മ്മിക്കുന്നത്.

നാഷണല്‍ ഹൈവേക്കരികില്‍ വിദേശികളടക്കമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഉദ്യാനവും കുട്ടികളുടെ കളിസ്ഥലവും ആംഫി തിയേറ്ററുമടങ്ങിയ ടൂറിസം ഹട്ടാണ് ഉയരാന്‍ പോകുന്നത്. പാര്‍ക്കിങ് ഏരിയ, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, പൂന്തോട്ടം, നടപ്പാത, മിനിമാസ്റ്റ്, കുട്ടികള്‍ക്കുള്ള വിനോദോപകരണങ്ങള്‍ തുടങ്ങിയവയും ഉദ്യാനത്തിലുണ്ടാവും. പദ്ധതിയുടെ ഭാഗമായി പാണാര്‍ക്കുളം നവീകരിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു. ടൂറിസം വകുപ്പ് എംപാനല്‍ഡ് ആര്‍ക്കിടെക്റ്റ് പി.സി റഷീദ് തയ്യാറാക്കിയ പദ്ധതിയുടെ പ്രവൃത്തി ജില്ലാ നിര്‍മ്മിതി കേന്ദ്രമായിരിക്കും പൂര്‍ത്തീകരിക്കുക. 1.53 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയും ചെങ്കള പഞ്ചായത്ത് 25 ലക്ഷം രൂപയും, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ വികകസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും അനുവദിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ടൂറിസം വകുപ്പില്‍ നിന്ന് 98 ലക്ഷം രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിൻ്റെ പ്രത്യേക താല്‍പര്യപ്രകാരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിൻ്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കാസ്രോട് കഫേയുടെ ആദ്യകേന്ദ്രം തലപ്പാടിയില്‍ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിനു പുറമേ കുമ്പള, ബട്ടത്തൂര്‍, പെരിയ, ചെമ്മട്ടം വയല്‍, കാലിക്കടവ് എന്നിവടങ്ങളിലും കഫേ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ പാതകളിലൂടെ കടന്നു പോകുന്നവര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിശ്രമ കേന്ദ്രമൊരുക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.

ലഘു ഭക്ഷണം, വിശ്രമ സ്ഥലം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ കഫേകളില്‍ ലഭ്യമാകും. ഒരു യൂണിറ്റില്‍ മികച്ച പരിശീലനം ലഭിച്ച യൂണിഫോമോടുകൂടിയ ആറു ജിവനക്കാരാണ് ജോലി ചെയ്യുന്നത്. റസ്‌റ്റോറന്റുകള്‍ നടത്തി പരിചയസമ്പന്നരായവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തിപ്പിന് നല്‍കുമെങ്കിലും ഓരോ കാസ്രോട് കഫേയുടെയും പ്രവര്‍ത്തനം ഡി.ടി.പി.സി യുടെ കര്‍ശ്ശന നിയന്ത്രണത്തിലും ഗുണമേന്മ പരിശോധനയ്ക്കും വിധേയമാക്കി ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പു വരുത്തിയായിരിക്കും നടപ്പിലാക്കുക. ആറു മാസത്തിനകം ബാക്കിയുള്ള കഫേകളും പ്രവര്‍ത്തനമാരംഭിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു മുഖ്യാതിഥികളായി. ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, വൈസ് പ്രസിഡണ്ട് ശാന്തകുമാരി ടീച്ചര്‍, ഡി.ടി.പി.സി മാനേജര്‍ പി.സുനില്‍ കുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ എ അഹമ്മദ് ഹാജി, ഹാജറ മുഹമ്മദ് കുഞ്ഞി, ഷാഹിദ മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, കദീജ മഹ്മൂദ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി, പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest