Categories
articles international

ഫലസ്തീനികള്‍ എല്ലാം ഉറപ്പിച്ചിരിക്കുന്നു; ഹമാസ് നടത്തിയ ആക്രമണത്തിൻ്റെ ലക്ഷ്യം ഒട്ടും രഹസ്യമല്ല

ഫലസ്തീനിയൻ ചെറുത്തുനില്‍പ്പിനെ ഇല്ലാതാക്കാൻ അവര്‍ക്കാവില്ല?

ഇസ്രായേലിനെയും അവരുടെ പങ്കാളികളെയും കേന്ദ്രീകരിച്ച്‌ രൂപം കൊടുക്കാൻ പോകുന്ന പുതിയ പശ്ചിമേഷ്യയെ കുറിച്ച്‌ ഐക്യരാഷ്ട്രസഭയില്‍ വീമ്പിളക്കി പ്രസംഗിക്കവെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീര്‍ത്തും വിട്ടുകളഞ്ഞ ഫലസ്തീനികളില്‍ നിന്ന് ഏതാനും ദിവസത്തിനകം രാഷ്ട്രീയമായും തന്ത്രപരമായും ഇസ്രായേലിന് മാരകമായ തിരിച്ചടി ഏല്‍ക്കേണ്ടി വന്നിരിക്കുന്നു.

ഫലസ്തീനിയൻ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് ഗസ്സയില്‍ നിന്ന് കടലും കരയും ആകാശവും വഴി കൃത്യമായി ആസൂത്രണം ചെയ്‌ത മിന്നലാക്രമണമാണ് സമര്‍ഥമായി നടപ്പാക്കിയത്. ആയിരക്കണക്കിന് മിസൈലുകള്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതിനൊപ്പം നൂറുകണക്കിന് ഫലസ്തീൻ പോരാളികള്‍ ഇസ്രായേലി സൈനിക, സിവിലിയൻ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ചുരുങ്ങിയത് 100 ഇസ്രായേലികളുടെ ജീവഹാനിക്ക് ഇത് കാരണമായി. ഡസൻ കണക്കിന് ഇസ്രായേലി സൈനികരെയും സിവിലിയന്മാരെയും ബന്ദിയാക്കി പിടികൂടുകയും ചെയ്‌തു.

ഹമാസ് നടത്തിയ ആക്രമണത്തിൻ്റെ ലക്ഷ്യം ഒട്ടും രഹസ്യമല്ല: ഒന്നാമതായി, ഇസ്രായേല്‍ നടത്തുന്ന അധിനിവേശം, അടിച്ചമര്‍ത്തല്‍, നിയമ വിരുദ്ധ കുടിയേറ്റം എന്നിവക്കെതിരെയുള്ള തിരിച്ചടിയാണിത്. ഒപ്പം ഫലസ്തീനികളുടെ മതചിഹ്നങ്ങളെ, പ്രത്യേകിച്ച്‌ ജറൂസലമിലെ അല്‍-അഖ്‌സ മസ്‌ജിദിനെ അവഹേളിച്ചതിനുള്ള പ്രതികാരവും.

രണ്ടാമത്തെ കാരണം, വിവേചനം നിറഞ്ഞ ഇസ്രായേലി ഭരണകൂടവുമായി സാധാരണബി വത്കരണം പാലിക്കുന്ന മേഖലയിലെ രാജ്യങ്ങളെ ഉന്നമിട്ടുള്ളതാണ്. അവസാനമായി, ഇസ്രായേലി ജയിലുകളില്‍ നിന്ന് കഴിയുന്നത്ര ഫലസ്തീൻ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ഉതകുന്ന കൈമാറ്റം സാധ്യമാക്കുക.

രണ്ട് പതിറ്റാണ്ട് ഇസ്രായേലി തടവറയില്‍ കഴിഞ്ഞ ഗസ്സ മുനമ്പില്‍ നിന്നുള്ള ഹമാസ് നേതാവ് യഹ് യാ അല്‍ സിൻവറിനെ മോചിപ്പിച്ചെടുത്തത് ഇതുപോലൊരു കൈമാറ്റ പദ്ധതി വഴിയായിരുന്നു എന്നോര്‍ക്കുക. മറ്റനേകം ഫലസ്തീനികള്‍ക്കെന്ന പോലെ ഹമാസിൻ്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ദൈഫിനും ഇസ്രായേലി അതിക്രമങ്ങളില്‍ ഉറ്റവരെ- പിഞ്ചുമകൻ, മൂന്നു വയസ്സുള്ള മകള്‍, ഭാര്യ എന്നിവരെ നഷ്ടമായിരുന്നു. ആകയാല്‍ ഇപ്പോഴത്തെ കടന്നാക്രമണത്തിന് വ്യക്തമായും ഒരു പകപോക്കലിൻ്റെ വശം തന്നെയുണ്ട്.

അങ്ങനെ നോക്കുമ്പോള്‍ ഈ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെങ്കിലും അപ്രതീക്ഷിതമല്ല. അജയ്യരെന്ന് സ്വയം കരുതുകയും ശത്രുക്കളെ പതിവായി വിലകുറച്ച്‌ കാണുകയും ചെയ്‌ത ഇസ്രായേലിനെയും അതിൻ്റെ നേതാക്കളെയും അമിത ആത്മവിശ്വാസം ചതിച്ചിരിക്കുന്നു.

1973 ഒക്ടോബറിലെ ‘ആശ്ചര്യപ്പെടുത്തുന്ന’ ആക്രമണത്തിന് ശേഷം, തങ്ങള്‍ അടിച്ചമര്‍ത്തിയ ജനതയുടെ പ്രാപ്‌തിയെ കുറിച്ചോര്‍ത്ത് ഇസ്രായേലി നേതാക്കള്‍ തുടരെത്തുടരെ ഞെട്ടുകയും നടുങ്ങുകയും ചെയ്യുന്നു.

ഹമാസ് ഇതുപോലെ ചെയ്യുമെന്ന് ഇസ്രായേലി സൈനിക- സിവിലിയൻ നേതൃത്വം സ്വപ്നേപി വിചാരിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെ ഇസ്രായേലി രഹസ്യാന്വേഷണ സംഘത്തിൻ്റെയും സൈന്യത്തിൻ്റെയും കനത്ത പരാജയമായി മാറി ഈ കടന്നാക്രമണം. അതി വിപുലവും നൂതനവുമായ ചാരവലയങ്ങളും ഡ്രോണുകളും നിരീക്ഷണ സാങ്കേതിക വിദ്യയുമെല്ലാം കൈവശമുണ്ടായിട്ടും ആക്രമണം മുൻകൂട്ടി കാണാനോ തടയാനോ അവര്‍ക്കായില്ല.

രഹസ്യാന്വേഷണ- സൈനിക വീഴ്‌ചകള്‍ക്കപ്പുറം ഈ കേടുപാടുകള്‍ ആ രാജ്യത്തിന് രാഷ്ട്രീയവും മാനസികവുമായ ഒരു ദുരന്തമായി മാറും. അജയ്യമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഭരണകൂടം ദുര്‍ബലമാണെന്ന് വെളിപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യയുടെ നേതാവായി മാറാനുള്ള പദ്ധതികള്‍ക്ക് അനുഗുണമല്ലാത്തത്ര ബലഹീനമാണെന്ന് വ്യക്തമായിരിക്കുന്നു.

പ്രാണരക്ഷാര്‍ഥം വീടുകളും പട്ടണങ്ങളും വിട്ട് പലായനം ചെയ്യുന്ന ഇസ്രായേലികളുടെ ചിത്രം വരും കാലങ്ങളിലൊന്നും മാഞ്ഞുപോകാത്ത വിധം അവരുടെ സംഘടിത ഓര്‍മയില്‍ പതിഞ്ഞു കിടക്കും. ഇസ്രായേലി ചരിത്രത്തിലെ ഏറ്റവും മോശം ദിവസമായിരിക്കും കഴിഞ്ഞുപോയത്, അത്രമാത്രം മാനക്കേട് പറ്റിയ ദിവസം. ശനിയാഴ്‌ച ലോകം കണ്ട കാഴ്‌ചകളെ മായ്ക്കാൻ അവര്‍ക്ക് സാധിക്കില്ല.

ഹമാസ് നേടിയ മേല്‍ക്കൈയെ കനത്ത സൈനിക പ്രഹരം കൊണ്ട് ഇല്ലാതാക്കാൻ ഇസ്രായേല്‍ ശ്രമിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മുൻകാലങ്ങളിലെന്ന പോലെ അതീവ രക്തരൂഷിതമായ ബോംബാക്രമണങ്ങളും കൂട്ടക്കൊലകളും അതിലുണ്ടാവും. അസംഖ്യം ഫലസ്തീനികളുടെ ജീവഹാനിയിലേക്കും മാരക പരിക്കുകളിലേക്കും അറ്റമില്ലാത്ത വേദനകളിലേക്കും അതുകൊണ്ടെത്തിക്കും. പക്ഷേ, ഫലസ്തീനിയൻ ചെറുത്തുനില്‍പ്പിനെ ഇല്ലാതാക്കാൻ അവര്‍ക്കാവില്ല.

അതുകൊണ്ട് തന്നെ ഹമാസിനെയും മറ്റ് ഫലസ്തീനിയൻ സംഘങ്ങളെയും ഉന്മൂലനം ചെയ്യാൻ എന്ന നാട്യേന ഫലസ്തീനിയൻ പട്ടണങ്ങളിലേക്കും ഗസ്സ മുനമ്പിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്കുമെല്ലാം പട്ടാളത്തെ പുനര്‍വിന്യസിക്കാനും സാധ്യതയുണ്ട്. അത്തരമൊരു സമ്പൂര്‍ണ ഏറ്റെടുപ്പാണ് ഇസ്രായേലി ഭരണസഖ്യത്തിലെ തീവ്രവിഭാഗങ്ങളുടെ ഉള്ളിലിരിപ്പ്. ഫലസ്തീൻ അതോറിറ്റിയുടെ സമ്പൂര്‍ണ നശീകരണവും അവിടുത്തെ ജനതയുടെ വംശീയ ഉന്മൂലനവും അവര്‍ ആഗ്രഹിക്കുന്നു, ഒപ്പം ഇസ്രായേല്‍ മഹാദേശം എന്ന് അവര്‍ വിളിക്കുന്ന ഫലസ്തീൻ്റെ സമ്പൂര്‍ണ നിയന്ത്രണവും.

അതുപക്ഷേ, വല്ലാത്ത ഒരു അബദ്ധമായി മാറും. തീര്‍ത്തും സമമായ യുദ്ധത്തിലേക്ക് നയിക്കുന്ന ആ പ്രക്രിയ ഇസ്രായേലിനെ മുമ്പെങ്ങുമില്ലാത്ത വിധം ഒറ്റപ്പെടുത്തും. ഇക്കാലമത്രയും നെതന്യാഹുവിനെ പിന്തുണച്ചു പോരുന്ന പാശ്ചാത്യ നേതാക്കള്‍ പോലും സര്‍ക്കാറില്‍ നിന്ന് അകന്നേക്കും.

തൻ്റെ വ്യക്തിപരമായ പരാജയം മറികടക്കാനും ദുര്‍ബലമായ സഖ്യം നിലനിര്‍ത്താനുമായി നെതന്യാഹു മിതമായി പ്രതികരിക്കുമെന്ന് ഉറപ്പാണ്, അത് കൂടുതല്‍ പ്രാദേശിക പങ്കാളികളെ അകറ്റുന്നതിന് കാരണമാവും. ഏതുവഴിക്ക് പോയാലും നെതന്യാഹുവിൻ്റെ പൈതൃകം പരാജയമായി മാറുക തന്നെ ചെയ്യും. തൻ്റെ ഫലസ്തീനിയൻ പ്രതിപുരുഷൻ മഹ്മൂദ് അബ്ബാസും ഒരു രാഷ്ട്രീയ പരാജയമാണ്. അധിനിവേശത്തെ അപലപിക്കുകയും ഇസ്രായേലുമായി ചേര്‍ന്ന് സുരക്ഷ സംവിധാനം സൃഷ്ടിക്കുകയും ചെയ്യുന്ന ഞാണിൻമേല്‍ കളി ഇനി വിലപ്പോവില്ല.

വരാനിരിക്കുന്ന മാറ്റം ഏതെങ്കിലും രണ്ട് വ്യക്തികളില്‍ ഒതുങ്ങുന്നതല്ല, മറിച്ച്‌ രണ്ട് ജനതകള്‍ സമാധാനത്തോടെ ജീവിക്കണോ പോരടിച്ച്‌ മരിക്കണോ എന്നത് സംബന്ധിച്ചാണ്, അതിനിടയിലെ സമയവും സ്ഥലങ്ങളുമെല്ലാം അപ്രസക്തമായിരിക്കുന്നു.

ഫലസ്തീനികളിപ്പോള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. അവഹേളിതരായി മുട്ടുകുത്തി മരിച്ചുവീഴാനല്ല, നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വന്തം കാലില്‍ ഉറച്ചു നിന്ന് പൊരുതാൻ തന്നെയാണ് അവരുടെ തീരുമാനം. ഇസ്രായേലികള്‍ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാൻ സമയം അതിക്രമിച്ചിരിക്കുന്നു.

(പാരിസിലെ അമേരിക്കൻ യൂനിവേഴ്‌സിറ്റിയില്‍ ഇൻ്റെര്‍നാഷനല്‍ റിലേഷൻസ് പ്രഫസറായിരുന്ന മര്‍വാൻ ബിഷാറ അല്‍ ജസീറയുടെ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകനാണ്.) Courtesy: Madyamam

0Shares

Leave a Reply

Your email address will not be published. Required fields are marked *