Categories
national news

രാഹുൽ അപ്പീൽ നൽകാത്തതിൽ ബിജെപിക്ക് എന്തിനാണ് വേവലാതി; രാഹുൽ ഗാന്ധിക്കെതിരായ കേസുകൾക്ക് പിന്നിൽ പ്രധാനമന്ത്രിയും ആർ.എസ്.എസും: കെ.സി വേണുഗോപാൽ

രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ നാളെ സി.ജെ.എം കോ‍ടതിയിലേക്ക് നീങ്ങുന്നത്.

രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർ. എസ്. എസുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോലാര്‍ പ്രസംഗത്തിലെ അപകീർത്തി പരാമർശ കേസിൽ അപ്പീൽ നൽകുന്നതിനായി നാളെ ഉച്ചക്ക് ശേഷം രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകുമെന്നും വേണുഗോപാൽ സ്ഥിരീകരിച്ചു.

പന്ത്രണ്ടരക്കുള്ള വിമാനത്തിൽ ദില്ലിയിൽ നിന്നും രാഹുൽ സൂറത്തിലേക്ക് പോകും. കോടതി നടപടിയെ മുൻവിധിയോടെ കാണുന്നില്ലെന്നും വേണുഗോപാൽ വിശദീകരിച്ചു. രാഹുൽ അപ്പീൽ നൽകാത്തതിൽ ബി.ജെ.പിക്ക് എന്തിനാണ് വേവലാതിയെന്ന ചോദ്യവും ബി.ജെ.പി നേതാക്കൾക്ക് നേരെ വേണുഗോപാൽ തൊടുത്തു.

കഴിഞ്ഞ മാസം 23 നാണ് കോൺഗ്രസിന് വലിയ തിരിച്ചടിയായി കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശവും നല്‍കി.

രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ നാളെ സി.ജെ.എം കോ‍ടതിയിലേക്ക് നീങ്ങുന്നത്. മനു അഭിഷേക് സിംഗ് വി, പി. ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest