Categories
channelrb special education local news

സ്‌കൂളുകളില്‍ സ്പെഷ്യലിസ്റ്റ് പഠനം അന്യമാകുമോ; അധ്യാപകരുടെ നിയമന അനിശ്ചിതത്വം തുടരുന്നു; സർക്കുലർ എസ്.എസ്.കെ ഡയറക്ടർ പിൻവലിച്ചു

ചിത്രകല, സംഗീതം, പ്രവൃത്തിപരിചയം, കായിക പഠനം എന്നീ വിഭാഗങ്ങളിൽ സമഗ്ര ശിക്ഷ കേരളയാണ് യോഗ്യതയുള്ളവരിൽ നിന്നും അഭിമുഖം നടത്തി നിയമനം നടത്തുന്നത്

പീതാംബരൻ കുറ്റിക്കോൽ

കാസർകോട് / തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ- എയ്‌ഡഡ്‌ സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിൽ അനിശ്ചിതത്വം തുടരുന്നു. നിയമനം നടത്താനായി അതാത് ജില്ലാ അധികാരികൾക്ക് രണ്ടുമാസം മുമ്പ് എസ്.എസ്.കെ ഡയറക്ടർ അയച്ച സർക്കുലർ പിൻവലിച്ചു. പുതിയ അധ്യായനവർഷം തുടങ്ങുന്നതോടെ കലാ- കായിക വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകൾ നികത്താനുളള തീരുമാനമുണ്ടായിരുന്നു.

ചിത്രകല, സംഗീതം, പ്രവൃത്തിപരിചയം, കായിക പഠനം എന്നീ വിഭാഗങ്ങളിൽ സമഗ്ര ശിക്ഷ കേരളയാണ് യോഗ്യതയുള്ളവരിൽ നിന്നും അഭിമുഖം നടത്തി നിയമനം നടത്തുന്നത്. 1988 ന് ശേഷം കേന്ദ്ര- കേരള സർക്കാരിൻ്റെ ഫണ്ട് ഉപയാഗിച്ച്‌ 2017 ലാണ് സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനം നടന്നത്. അഞ്ചുവർഷത്തിനുശേഷം ഇപ്പോൾ നിയമനത്തിനുള്ള സർക്കുലർ ആണ് പിൻവലിക്കപ്പെട്ടത്. നിയമന നടപടി തടസ്സപ്പെട്ടത് വിദ്യാർത്ഥികളെ നിരാശയിലാക്കി.

എല്ലാവിധ അധ്യാപകരെയും ബാധിക്കുന്നതാണ് സ്ക്കൂള്‍ ടൈംടേബിള്‍. ശാസ്ത്ര- സാമൂഹ്യ- ഭാഷാ വിഷയങ്ങള്‍ക്കൊപ്പം ആര്‍ട്ടിനും ക്രാഫ്റ്റിനും ഫിസിക്കല്‍ എഡ്യൂക്കേഷനുമെല്ലാം പിരീഡ് നല്‍കിയിട്ടുണ്ട്. എന്നാൽ എല്ലാ സ്‌കൂളുകളിലും ഇതൊന്നും കൈകാര്യം ചെയ്യാനുള്ള സ്പെഷ്യലിസ്റ്റ് ടീച്ചര്‍മാരില്ല. കെ.ഇ.ആറില്‍ പറയുന്ന കുട്ടികളുടെ എണ്ണം ഇപ്പോള്‍ എല്ലാ സ്‌കൂളുകളിലും ഉണ്ടാവണമെന്നില്ല. ക്രമേണ സ്‌കൂളുകളില്‍ നിന്നും ഈയിനത്തിലെ പോസ്റ്റുകള്‍ നഷ്ടമായി. സാധാരണക്കാരൻ്റെ മക്കള്‍ക്കും ചിത്രകലയും പ്രവൃത്തിപരിചയവും കായിക പഠനവും വേണ്ടേ എന്നതാണ് ചോദ്യം? സാമ്പത്തിക സ്ഥിതിയുള്ളവന്‍ സ്വന്തം നിലയ്ക്ക് കുട്ടിയെ ഇത്തരം പഠനത്തിന് അയക്കുമെങ്കിലും അല്ലാത്തവർക്ക് ഇല്ല. അതിനാൽ കുട്ടികളുടെ ജന്മസിദ്ധമായ പല വാസനകളും പരിപോഷിപ്പിക്കപ്പെടാതെ മുളയടഞ്ഞു പോവുകയാണ്. ഒരു വ്യക്തിയുടെ കഴിവുകളും മികവുകളും രൂപപ്പെടേണ്ടത് സ്‌കൂൾ വിദ്യാഭ്യാസകാലമാണ്.

അരനൂറ്റാണ്ട് മുമ്പുവരെ കലാപഠനം വിദ്യാഭ്യാസത്തിൻ്റെ മുഖ്യഘടകമായിരുന്നു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിൽ കഥക്, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങള്‍, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍, സംഗീതം, വാദ്യം, ചിത്രം തുടങ്ങിയവ, അയ്യപ്പന്‍പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയയെല്ലാം സ്കൂളിൽ വിഷയമായി പരിഗണിക്കപ്പെട്ടിരുന്നു. പ്രസിദ്ധരായ കലാകാരന്മാരെല്ലാം ഈ പഠന വഴികളിലൂടെ കടന്നുവന്നവരാണ്. പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ക്രമേണയായി ഈ വക പഠനങ്ങൾ അവഗണിക്കപ്പെട്ടു.

1960കളില്‍ സ്കൂളുകളില്‍ ചിത്രകലാധ്യാപകന്‍, തുന്നല്‍ ടീച്ചര്‍, നെയ്ത്ത് മാഷ് തുടങ്ങി പ്രവൃത്തിപരിചയ അധ്യാപകൻ, സംഗീതാധ്യാപകന്‍, (ഒന്നോ രണ്ടോ സ്‌കൂളുകളില്‍ മാത്രം കഥകളി, വാദ്യം, ചുട്ടി) എന്നിങ്ങനെ അധ്യാപക ജോലിയിൽ വലിയൊരു വിഭാഗമുണ്ടായിരുന്നു. വിദ്യാഭ്യാസ പദ്ധതികളില്‍ ഇപ്പോഴും കലാ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രവൃത്തിപരിചയം, ആരോഗ്യ വിദ്യാഭ്യാസം എന്നിവയെ കുറിച്ചും ഉന്നതമായ സങ്കല്‍‌പ്പങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.

വിദ്യാർത്ഥിക്ക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തിന് സഹായമാകയും ചെയ്യുന്ന പരിപാടികള്‍ കലാപഠന പരിശീലനങ്ങളിലുണ്ട്. എന്നാൽ പീരിയഡുകളിലും നിയമനങ്ങളിലും ഈ പഠനത്തെ ദുര്‍ബലപ്പെടുത്തുന്നതിനാൽ സ്പെഷല്‍ വിഷയങ്ങള്‍ അപ്രധാനങ്ങളായി. ക്രമേണ ഇതൊക്കെയും ഇല്ലാതാവുന്ന കാലം അതിവിദൂരമല്ല. കുട്ടികളിൽ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും സ്‌കൂളുകളില്‍ കലാ- കായിക, പ്രവൃത്തിപരിചയ ക്ലാസുകള്‍ക്ക് പുനര്‍ജ്ജന്മം കൂടിയേ തീരൂ. അതിനായി പ്രാവീണ്യമുള്ള അധ്യാപകർ സ്‌കൂളുകളില്‍ ഉണ്ടാകണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest