Categories
Kerala local news news

ഭാര്യയെ കൊല്ലാൻ മൂർഖനെ കിടപ്പുമുറിയിൽ കൊണ്ടിട്ടു; നടന്നത് വിചിത്രമായ കൊലപാതകം; ഇതുപോലൊരു കേസ് അപൂർവ്വമെന്ന് പോലീസ്; യുവതിയെ കൊല്ലാൻ ഭർത്താവിനെ സഹായിച്ച സുഹൃത്തുക്കളും അഴിയെണ്ണും; യുവാവിൻ്റെ കുറ്റസമ്മതം പുറം ലോകം അറിയുമ്പോൾ

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് അറസ്റ്റില്‍. ഏറം വെള്ളിശ്ശേരി വിജയസേനൻ്റെയും മണിമേഖലയുടെയും മകളായ ഉത്ര(25)യെ മേയ് ഏഴിനാണ് കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇടതുകയ്യില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.

ഉത്രയ്‌ക്ക് കഴിഞ്ഞ മാര്‍ച്ച്‌ രണ്ടിന് ഭർത്താവ്‌ സൂരജിൻ്റെ അടൂർ പറക്കോട്ട് വീട്ടിൽ വച്ച് പാമ്പുകടിയേറ്റിരുന്നു. അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. ഇതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമതും പാമ്പുകടിയേറ്റത്. ഭര്‍ത്താവിൻ്റെ വീട്ടില്‍ വച്ച്‌ പാമ്പു കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാല്‍ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.

ഉത്രയുടെ മരണത്തില്‍ മാതാപിതാക്കളും ബന്ധുക്കളും നേരത്തേതന്നെ സംശയം ഉന്നയിച്ചിരുന്നു. എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്.പി. ഹരിശങ്കറിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

ഇതിൻ്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പാമ്പു പിടുത്തക്കാരനെയും കസ്റ്റഡിയിലെടുത്തു. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്തതോടെയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊന്നതാണെന്ന് തെളിഞ്ഞത്. തലേന്നു വൈകിട്ട് കൊണ്ടുവന്ന പാമ്ബിനെ ഉത്രയുടെ ദേഹത്ത് ഇടുകയായിരുന്നു എന്നാണ് സൂരജ് പറഞ്ഞത്. പാമ്പ് ഉത്രയെ കടിച്ചതായി ഉറപ്പിച്ച ശേഷം
മരണം ഉറപ്പാക്കാനായി നേരം വെളുക്കുന്നത് വരെ കട്ടിലില്‍ തന്നെ ഇരുന്നു. ആസമയം പാമ്ബിനെ ഡ്രസിംഗ് റൂമിന്‍റെ മൂലയിലേക്ക് മാറ്റിയിരുന്നു. രാവിലെ അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കിയത്. ഉത്രയെ അബോധാവസ്ഥയില്‍ കണ്ടതോടെ അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രയിൽ നിന്നാണ് മരണ വിവരം കുടുംബം അറിയുന്നത്.

ഉത്രയും സൂരജും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ഉത്രയുടെ വീട്ടുകാര്‍ പറയുന്നത്. ഇതിൽ സംശയം തോന്നിയതിനാലാണ് പരാതി നൽകിയത്. കുടുംബം പരാതി നൽകിയില്ലായിരുന്നു വെങ്കിൽ സാധാരണ അപകട മരണമായി ഇതും മാറുമായിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ മുർഖനെക്കാളും വിഷമാണ് സുരാജിന് എന്ന് മനസ്സിലായി.

സംഭവുമായി ബന്ധപ്പെട്ട് സുരാജിനെ സഹായിച്ച സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സുരാജിൻ്റെ കുറ്റസമ്മതം പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ വിചിത്രമായ കൊലപാതക ശൈലിയാണ് ഇത്. ഇതുപോലൊരു കേസ് അപൂര്‍വാണെന്ന് റൂറല്‍ എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest