Categories
health national news

ചായയും മഞ്ഞളും ഇന്ത്യന്‍ ഭക്ഷണരീതിയും; കൊവിഡ് മരണങ്ങള്‍ പിടിച്ചു നിര്‍ത്തിയെന്ന് ഐ.സി.എം.ആര്‍

മറ്റ് വൈറസുകളെ ഇല്ലാതാക്കാനും മരണത്തിൻ്റെ തോത് കുറയ്ക്കാനും സഹായിച്ചിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍

ഇന്ത്യയില്‍ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പുതിയ പഠന റിപ്പോര്‍ട്ടുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍).

ഇന്ത്യന്‍ ജേണല്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. അയോണും സിങ്കും ഫൈബറും അടങ്ങുന്ന ഭക്ഷണരീതിയും ചായകുടിയും മഞ്ഞള്‍ ചേര്‍ത്ത ഭക്ഷണങ്ങളും കൊവിഡ് മരണങ്ങള്‍ കുറച്ചുനിര്‍ത്താന്‍ സഹായിച്ചുവെന്നാണ് പഠന റിപ്പോര്‍ട്ട്.

ജനസംഖ്യ കൂടുതലുള്ള പാശ്ചാത്യ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ അഞ്ച് മുതല്‍ എട്ടുമടങ്ങ് വരെ മരണങ്ങളുടെ തോത് ഇന്ത്യയില്‍ കുറവാണ്. ഇന്ത്യ ബ്രസീല്‍, ജോര്‍ദ്ദാന്‍ സ്വിറ്റ്സര്‍ലന്‍ഡ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരാണ് പഠനം നടത്തിയത്.പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും കൊവിഡ് 19ൻ്റെ തീവ്രതയിലും മരണ നിരക്കിലും ഭക്ഷണ ശീലങ്ങള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാനായിരിന്നു പഠനം.

ഇന്ത്യന്‍ ഭക്ഷണത്തിലെ പദാര്‍ത്ഥങ്ങള്‍ സൈറ്റോക്കിന്‍ സ്‌റ്റോം എന്ന അവസ്ഥ ഒഴിവാക്കാനും കൊവിഡ് 19 പോലുള്ള മറ്റ് വൈറസുകളെ ഇല്ലാതാക്കാനും മരണത്തിൻ്റെ തോത് കുറയ്ക്കാനും സഹായിച്ചിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

കൂടാതെ, സ്ഥിരമായി ചായ കുടിക്കുന്ന ഇന്ത്യക്കാര്‍ക്ക് അവരുടെ എച്ച്‌.ഡി.എല്‍ (ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍), അല്ലെങ്കില്‍ ‘നല്ല’ കൊളസ്‌ട്രോള്‍, ഉയര്‍ന്ന അളവില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു. കൂടാതെ, ചായയിലെ കാറ്റെച്ചിനുകള്‍ സ്വാഭാവിക അറ്റോര്‍വാസ്റ്റാറ്റിന്‍ (ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ മരുന്ന്) ആയി പ്രവര്‍ത്തിച്ച്‌ രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുന്നു. ഇന്ത്യക്കാരുടെ ഭക്ഷണത്തില്‍ മഞ്ഞള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് അവരുടെ മികച്ച പ്രതിരോധശേഷിക്ക് കാരണമായെന്നും പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മഞ്ഞളിലെ കുര്‍ക്കുമിന്‍, കൊവിഡ് 19 അണുബാധയെ തടഞ്ഞിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *