Categories
articles news

കെ.ടി ജലീല്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക് പോകുന്ന അഞ്ചാമത്തെ മന്ത്രി

സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കെ.ടി ജലീല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.

2016 മേയ് 25-നാണ് പിണറായി മന്ത്രിസഭ അധികാരമേറ്റത്. എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് കയറിയ സര്‍ക്കാരിന് വിവാദങ്ങള്‍ ഒഴിഞ്ഞിട്ട് നേരമുണ്ടായിരുന്നില്ല. അതുകൊണ്ട് എന്തായി അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ അഞ്ച് പേരാണ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. ആരോപണങ്ങള്‍ക്ക് ഒട്ടും പിന്നിലല്ലെങ്കിലും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് രാജിവെച്ചത് മൂന്നുമന്ത്രിമാര്‍ മാത്രമാണ്.

ഗാര്‍ഹികമപീഡനപരാതിയില്‍ കെ.ബി. ഗണേഷ്‌കുമാറും ബാര്‍കോഴക്കേസില്‍ കെ.എം.മാണിയും പുറത്തായി. ബാര്‍കോഴയില്‍ ആരോപണവിധേയനായ കെ.ബാബു രാജിവെച്ചെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജി ഗവര്‍ണര്‍ക്ക് കൈമാറിയില്ല. അതോടെ ബാബു തിരിച്ചെത്തുകയായിരുന്നു.

സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കെ.ടി ജലീല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ജലീലിന്‍റെ രാജി.

പിണറായി സര്‍ക്കാര്‍ മന്ത്രസഭില്‍ നിന്നും രാജിവെച്ച മന്ത്രിമാര്‍ ആരെല്ലാമാണെന്ന് നോക്കാം.

അധികാരമേറ്റ് മാസങ്ങള്‍ക്കകം മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജന് ബന്ധുനിയമനത്തിന്‍റെ പേരില്‍ രാജിവെയ്‌ക്കേണ്ടി വന്നു. പിന്നാലെ ഫോണ്‍ കെണിയില്‍ കുടുങ്ങി എ.കെ. ശശീന്ദ്രനും. മൂന്നാമന്‍ തോമസ് ചാണ്ടി ആയിരുന്നു. പിന്നീട് മാത്യു ടി.തോമസും ഒടുവില്‍ ജലീലിലും മന്ത്രസഭയില്‍ നിന്നും പുറത്തേക്ക് പോയി. ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി.

വ്യവസായ വകുപ്പിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ ഭാര്യാസഹോദരി പി.കെ ശ്രീമതിയുടെ മകന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ നിയമിച്ചെന്ന വിവാദത്തിന് പിന്നാലെയായിരുന്നു ജയരാജന്‍റെ രാജി പ്രഖ്യാപനം. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രാജി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇപി ജയരാജന്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് ജയരാജനെ വിജിലന്‍സ് കുറ്റവിമുക്തനാക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തതോടെ അദ്ദേഹം മന്ത്രിസഭയിലേക്ക് തിരിച്ചെത്തി.

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ 2017 മാര്‍ച്ച് 26നാണ് മന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കുന്നത്. മന്ത്രിയുടെ വിവാദ ഫോണ്‍ സംഭാഷണം ഒരു ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നായിരുന്നു രാജി. ചാനല്‍ ഒരുക്കിയ കെണിയില്‍ മന്ത്രി അകപ്പെടുകയായിരുന്നെന്ന് പിന്നീട് വ്യക്തമായതിനെത്തുടര്‍ന്ന് ഇദ്ദേഹം മന്ത്രിസഭയിലേക്ക് തിരിച്ചെത്തി.എ.കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലേക്ക് എന്‍.സി.പിയുടെ മന്ത്രിയായെത്തിയ തോമസ് ചാണ്ടിയാണ് പിണറായി മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മൂന്നാമത്തെയാള്‍.

2017 നംവബര്‍ 15 നായിരുന്നു അദ്ദേഹത്തിന്‍റെ രാജി. കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉണ്ടായതിന് പിന്നാലെയാണ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്നും പുറത്ത് പോയത്.ജെ.ഡി.എസ് അംഗമായ മാത്യു ടി. തോമസ് പിണറായി മന്ത്രിസഭ വിടുന്നത് പാര്‍ട്ടിക്കകത്തെ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയെത്തുടര്‍ന്ന് അദ്ദേഹം 2018 നവംബര്‍ 26നാണ് ജലവിഭവ വകുപ്പു മന്ത്രിസ്ഥാനം ഒഴിഞ്ഞത്.

പിന്നീട് ചിറ്റൂരംഗം എ. കെ കൃഷ്ണന്‍കുട്ടി മന്ത്രിസഭയിലെത്തുകയും ചെയ്തു. വിവാദങ്ങളും ആരോപണങ്ങളും ഇല്ലാത്ത ഏക രാജിയും മാത്യു ടി. തോമസിന്റേതായിരുന്നു.2021 ഏപ്രില്‍ 13നാണ് കെടി ജലീല്‍ പിണറായി മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകുന്നത്. ബന്ധുനിയമനത്തില്‍ മന്ത്രി കുറ്റക്കാരനെന്ന ലോകായുക്ത വിധിക്ക് പിന്നാലെയാണ് രാജി. എ.കെ.ജി സെന്ററിലെത്തിയ ശേഷമാണ് ജലീല്‍ രാജി തീരുമാനിച്ചത്. ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്‍റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം രാജിവെച്ചന്ന പ്രഖ്യാപനം വരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest