Categories
local news

പദ്ധതി രൂപീകരണത്തില്‍ പങ്കാളിയാകാം; പ്രവാസികള്‍ക്കായി ഇ- ഗ്രാമസഭ നടത്തി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളായ വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.

കാസർകോട്: പ്രവാസികള്‍ക്കും ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതി രൂപീകരണത്തില്‍ പങ്കാളിയാകാനുള്ള അവസരമൊരുക്കി തൃക്കരിപ്പൂര്‍ പഞ്ചായത്തിൻ്റെ ഇ-ഗ്രാമസഭ . 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ മുന്നൊരുക്കമായാണ് പ്രവാസികള്‍ക്കായി ഇ- ഗ്രാമസഭ നടത്തിയത്.

നാട്ടില്‍ വാര്‍ഡ്തല ഗ്രാമസഭകള്‍ നടത്തി അഭിപ്രായ സ്വരൂപണം നടത്തുമ്പോള്‍ ജീവിക്കാനായി പ്രവാസ ലോകത്ത് എത്തിയ ഗ്രാമവാസികള്‍ക്ക് പദ്ധതി രൂപീകരണത്തില്‍ പങ്കാളിയാവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ പ്രവാസികളുടെ ഈ പ്രയാസവും, പരിഭവവും മനസിലാക്കിയാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രവാസികള്‍ക്ക് വേണ്ടി ഇ-ഗ്രാമസഭ നടത്താന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് പറഞ്ഞു.

പ്രത്യേക ലിങ്കിലൂടെ മുന്‍കൂട്ടി അപേക്ഷ ക്ഷണിച്ചാണ് ഗ്രാമസഭയില്‍ പങ്കെടുത്തവരെ തിരഞ്ഞെടുത്തത്. പ്രവാസികളുടെ ഒഴിവ് സമയം നോക്കി ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് ഗ്രാമസഭ നടത്തിയത്. ഗ്രാമസഭ രണ്ട് മണിക്കൂറോളം നീണ്ടു നിന്നു . പഞ്ചായത്തിൻ്റെ വികസനത്തിനും ഉന്നമനത്തിനും സഹായകരമാകുന്ന ഒട്ടേറെ അഭിപ്രായങ്ങള്‍ ഗ്രാമസഭയില്‍ ഉയര്‍ന്നു വന്നു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളായ വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു. പ്രവാസികളുടെ അഭിപ്രായം തേടിയ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിനെ ഗ്രാമസഭയില്‍ പങ്കെടുത്ത പ്രവാസികള്‍ പ്രത്യേകം അഭിനന്ദിച്ചു.

കേരള ഹൗസിംഗ് കമ്മീഷണര്‍ എന്‍. ദേവീദാസ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ.ബാവ, എം സൗദ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഫായിസ് ബീരിച്ചേരി, കെ.രജീഷ് ബാബു, ഏ.കെ.ഹാഷിം, കെ.എന്‍ ഭാര്‍ഗവി, സാജിത സഫറുള്ള, സെക്രട്ടറി ഇ.വി.വേണുഗോപാല്‍, പ്ലാന്‍ കോര്‍ഡിനേറ്റര്‍ പി.വി.തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *