Categories
channelrb special Kerala news

സംസ്ഥാനത്ത് കടയടപ്പ് സമരം പൂര്‍ണ്ണം; കാസര്‍കോട് ജില്ലയിലും വ്യാപാരികള്‍ പ്രകടനം നടത്തി, ചെറുതും വലുതുമായ കടകൾ അടഞ്ഞു

ഹര്‍ത്താലിൻ്റെ പ്രതീതിയാണ് പല ജില്ലയിലും

തിരുവനന്തപുരം / കാസര്‍കോട്: വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ കടയടപ്പ് സമരം പൂർണ്ണം. പച്ചക്കറി- പലചരക്കുകടകള്‍, ഹോട്ടലുകള്‍, ബേക്കറി കടകള്‍, ജ്വല്ലറികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, വസ്ത്രസ്ഥാപനങ്ങള്‍, ക്രഷര്‍ യൂണിറ്റുകള്‍ തുടങ്ങിയവയെല്ലാം അടഞ്ഞു കിടക്കുകയാണ്. കടയടപ്പ് സമരത്തെ തുടര്‍ന്ന് പൊതുജനങ്ങൾ ദുരിതത്തിലായി.

ഹര്‍ത്താലിൻ്റെ പ്രതീതിയാണ് പല ജില്ലയിലും ഉണ്ടായത്. വ്യാപാരികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എല്ലാ മേഖലയിലും വ്യാപാരികള്‍ കടയടപ്പ് സമരത്തില്‍ അണിനിരക്കുന്നുണ്ട്. വ്യാപാരികളുടെ ആവശ്യം അടങ്ങിയ നിവേദനം അഞ്ചുലക്ഷം പേരുടെ ഒപ്പോടുകൂടി മുഖ്യമന്ത്രിക്ക് നൽകി.

കാസര്‍കോട് ജില്ലയിലും സമരം പൂര്‍ണ്ണമായി. കടയടപ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് യൂണിറ്റിൻ്റെ നേതൃത്വത്തില്‍ ചൊവാഴ്‌ച രാവിലെ നഗരത്തില്‍ പ്രകടനം നടത്തി. നേതാക്കളായ കെ.ശശിധരന്‍, അന്‍വര്‍ സാദത്ത്, എന്‍.എം സുബൈര്‍, കബീര്‍ നവരത്‌ന, അഷ്റഫ്, പര്‍വേഷ്, വേണുഗോപാല്‍, ജി.എസ് ശശിധരന്‍, ഐഡിയല്‍ മുഹമ്മദ്, അസ്ലാം സ്റ്റാര്‍, അഷ്‌റഫ് ഐവ, മഹേഷ് മാളവിക, നൗഫല്‍ റിയല്‍, ബാലകൃഷ്‌ണ ഷെട്ടി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

കാസര്‍കോട്ട് നിന്ന് ആരംഭിച്ച വ്യാപാരി സംരക്ഷണ യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. രാവിലെ മുതല്‍ ആരംഭിച്ച സമരം രാത്രി എട്ട് മണിവരെയാണ്. ഹോട്ടലുകളും പഴക്കടകളും അടഞ്ഞു കിടന്നതിനാൽ ശബരിമല തീർത്ഥാടകരും ദീർഘദൂര യാത്രക്കാരും ആശുപത്രി ചികിത്സയ്ക്ക് എത്തിയവരും ബുദ്ധിമുട്ടിലായി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest