Categories
health Kerala news

സ്‌തനാര്‍ബുദം; ലക്ഷണങ്ങള്‍ നേരത്തേ അറിയാം, ജീവന്‍ രക്ഷിക്കാം, ഇതാണ് വില്ലന്‍

സ്‌തനാര്‍ബുദം തടയാന്‍ ദീര്‍ഘനേരം മുലയൂട്ടല്‍ സഹായകമാണ്

സ്‌തനത്തിലെ ഗ്രന്ഥി കോശങ്ങളിലെ എപ്പിത്തീലിയത്തിലോ ലോബ്യൂളുകളിലോ ഉണ്ടാകുന്ന ഒരുതരം അര്‍ബുദമാണ് സ്‌തനാര്‍ബുദം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്‌, ആഗോള തലത്തില്‍ 2020ല്‍ 2.3 ദശലക്ഷം സ്ത്രീകളില്‍ സ്‌തനാര്‍ബുദ ലക്ഷണവും 685000 മരണങ്ങളും ഇതുമൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 7.8 ദശലക്ഷം സ്ത്രീകളില്‍ സ്‌തനാര്‍ബുദം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അര്‍ബുദമായി ഇതിനെ കണക്കാക്കപ്പെടുന്നു.

ഒക്ടോബര്‍ മാസം സ്‌തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നു. വലിയൊരു വിഭാഗം സ്ത്രീകളെ ബാധിക്കുന്ന ഇത്തരത്തിലുള്ള ക്യാൻസറിനെ കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനായി ഈ മാസത്തില്‍ ലോകമെമ്പാടും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നു.

സ്‌തനാര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും അതിന്‍റെ ചികിത്സാ മാര്‍ഗങ്ങളെ കുറിച്ചും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന പ്രതിരോധ രീതികളെ കുറിച്ചും ആളുകളെ ബോധവാന്മാരാക്കാൻ ഈ ബോധവല്‍ക്കരണത്താല്‍ സാധിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌, ഓരോ വര്‍ഷവും ഏകദേശം 1.38 ദശലക്ഷം പുതിയ കേസുകളും 4,58,000 മരണങ്ങളും സ്‌തനാർബുദത്താല്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു (IARC Globocan, 2008). ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ ഏറ്റവും സാധാരണമായി കണ്ടുവരാറുള്ള ക്യാൻസറാണ് സ്‌തനാര്‍ബുദം.

ആയതിനാല്‍ തന്നെ സ്‌തനാര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനെ കുറിച്ചും അത് എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ചും അറിയേണ്ടതെല്ലാം ഇവിടെ വായിക്കുക.

സ്‌തനാര്‍ബുദത്തിന്‍റെ അപകട സാധ്യതകള്‍

സ്‌തനാര്‍ബുദം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പ്രായം, പൊണ്ണത്തടി, കുടുംബ പശ്ചാത്തലം, റേഡിയേഷൻ എക്സ്പോഷര്‍, പുകയില ഉപഭോഗം, ആര്‍ത്തവ വിരാമത്തിന് ശേഷമുള്ള ഹോര്‍മോണ്‍ തെറാപ്പി എന്നിവയാണ് പ്രധാനപ്പെട്ടവ.

സ്‌തനാര്‍ബുദ ലക്ഷണങ്ങള്‍

മാറിടത്തില്‍ പുതിയ മുഴ, കക്ഷത്തിലെ മുഴ, സ്‌തനത്തിൻ്റെ വീക്കം, സ്‌തനത്തിന് ചുറ്റുമുള്ള ചര്‍മ്മമോ പേശികളോ കട്ടിയാകുന്നു, മുലക്കണ്ണ് പ്രദേശത്തിന് ചുറ്റും നിറവ്യത്യാസം, മുലക്കണ്ണ് പ്രദേശത്ത് ചുവപ്പ്, മുലക്കണ്ണില്‍ വേദന, മുലക്കണ്ണുകളില്‍ നിന്ന് അവ്യക്തമായ ഡിസ്ചാര്‍ജ്, സ്‌തനത്തിന്‍റെ വലിപ്പത്തിലും രൂപത്തിലും മാറ്റം, മുലക്കണ്ണിന്‍റെ വലുപ്പത്തിലും രൂപത്തിലും മാറ്റം,

ആര്‍ക്കാണ് അപകടസാധ്യത?

55 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍, അമിതമായി മദ്യം കഴിക്കുന്നവര്‍, നേരത്തെ അല്ലെങ്കില്‍ വൈകിയ ആര്‍ത്തവ വിരാമം, വൈകിയുള്ള പ്രസവം, ഹോര്‍മോണ്‍ തെറാപ്പി, പാരമ്പര്യം.

നേരത്തെ കണ്ടെത്തലിന്‍റെ പ്രാധാന്യം

പഠനങ്ങള്‍ അനുസരിച്ച്‌, സ്‌തനാര്‍ബുദം നേരത്തെ കണ്ടെത്തുന്നത് രോഗിയുടെ അതിജീവന നിരക്ക് വര്‍ദ്ധിപ്പിക്കും. സ്‌തനാര്‍ബുദത്തിന്‍റെ സൂചനകളും ലക്ഷണങ്ങളും പരിശോധിക്കേണ്ടത് പ്രധാനമാണ്.

രോഗ ലക്ഷണങ്ങളില്‍ ഈ കാര്യങ്ങള്‍ ഉള്‍പ്പെടാം: സ്‌തനത്തില്‍ മുഴയുടെ സാന്നിധ്യം, സ്‌തനത്തില്‍ വേദന, സ്‌തനങ്ങള്‍ക്ക് സമീപമുള്ള ഭാഗങ്ങളില്‍ വീക്കം, മുലപ്പാല്‍ ഒഴികെയുള്ള മുലക്കണ്ണില്‍ നിന്ന് സ്രവങ്ങള്‍, മുലക്കണ്ണിന്‍റെ ആകൃതിയില്‍ മാറ്റം, കൈക്ക് താഴെയുള്ള വീക്കം. ചില സന്ദര്‍ഭങ്ങളില്‍, ഇത് സ്‌തനര്‍ബുദത്തിന്‍റെ ലക്ഷണമായിരിക്കണം എന്നില്ല, എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ കാണപ്പെടുന്നു എങ്കില്‍ ഏതെങ്കിലും ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

സ്‌തനാര്‍ബുദം എങ്ങനെ തടയാം

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ സ്‌തനാര്‍ബുദം തടയാൻ കഴിയും എന്നതില്‍ സംശയമില്ല. ചിട്ടയായ ശാരീരിക വ്യായാമ മുറകള്‍, ശരീരഭാരം നിയന്ത്രിക്കല്‍, മദ്യം, പുകയില എന്നിവയുടെ ഉപയോഗം ഒഴിവാക്കുന്നത് കുടുംബത്തില്‍ മുമ്പ് ആര്‍ക്കെങ്കിലും സ്‌തനാര്‍ബുദം ഉണ്ടെങ്കിലും വരാനുള്ള സാധ്യത കുറയ്ക്കും. ഇതുകൂടാതെ, സ്‌തനാര്‍ബുദം തടയാന്‍ ദീര്‍ഘനേരം മുലയൂട്ടല്‍ സഹായകമാണ്. ഹോര്‍മോണുകളുടെ ദീര്‍ഘകാല ഉപയോഗവും ശ്രദ്ധിക്കണം.

പരിശോധന

മാസത്തിലൊരിക്കല്‍ സ്വയം സ്‌തനാപരിശോധന നടത്തുന്നത് 30- 40% സ്‌തനാര്‍ബുദ രോഗികളുടെ ജീവൻ രക്ഷിക്കും. പതിവായി സ്വയം പരിശോധന നടത്തുന്നത് മുഴകള്‍ നേരത്തേ കണ്ടുപിടിക്കുന്നതിനും നേരത്തെയുള്ള രോഗനിര്‍ണയം നടത്തുന്നതിനും സഹായിക്കുന്നു.

ഓരോ വര്‍ഷവും നിരവധി ജീവൻ അപഹരിക്കുന്നതിന്‍റെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് വൈകിയുള്ള രോഗനിര്‍ണയം. സ്‌തനപരിശോധന എന്ന ലളിതമായ ഒരു ശീലം വഴി ശരിയായ മാര്‍ഗനിര്‍ദേശവും സമയബന്ധിതമായ ചികിത്സയും നല്‍കിക്കൊണ്ട് നിരവധി ജീവൻ രക്ഷിക്കാൻ കഴിയും. Courtesy: Arunkumar Boldsky

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest