Categories
channelrb special local news news

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പതിനഞ്ചു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; രണ്ട് വീടുകളില്‍ കവര്‍ച്ചാശ്രമം, പോലീസ് അന്വേഷണം ആരംഭിച്ചു

മോഷ്ടാവിൻ്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്

ബദിയടുക്ക / കാസർകോട്: ബദിയടുക്ക ചേടിക്കാനയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പതിനഞ്ചു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌തു. ചേടിക്കാനയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഷാഫി ചൊവാഴ്‌ച രാത്രി വീട് പൂട്ടി കുടുംബസമേതം ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ബുധനാഴ്‌ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്.

വീടിൻ്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിനകത്ത് അലമാരകള്‍ കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് പതിനഞ്ചു പവന്‍ സ്വര്‍ണ്ണം മോഷണം പോയെന്ന സംശയം ഉയര്‍ന്നത്. പണം നഷ്ടമായിട്ടില്ല. മറ്റെന്തൊക്കെ നഷ്ടപ്പെട്ടെന്ന് അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്. മുഹമ്മദ് ഷാഫിയുടെ വീട്ടിലെ സി.സി.ടി.വി ക്യാമറ പി.വി.സി പൈപ്പ് ഉപയോഗിച്ച് മറച്ച ശേഷമാണ് മോഷണം നടത്തിയത്.

എന്നിട്ട് പോലും മോഷ്ടാവിൻ്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യത്തിൻ്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുഹമ്മദ് ഷാഫിയുടെ ബന്ധുവായ മുഹമ്മദ് കലന്തര്‍, അബ്‌ദുൾ ഖാദര്‍ എന്നിവരുടെ വീടുകളില്‍ ചൊവാഴ്‌ച രാത്രി കവര്‍ച്ചാശ്രമം നടന്നു.

രണ്ട് കുടുംബങ്ങളും ഗള്‍ഫിലായതിനാല്‍ ഇവരുടെ വീടുകള്‍ പൂട്ടിയിട്ട നിലയിലാണ്. എന്നാല്‍ ഈ വീടുകളില്‍ സ്വര്‍ണ്ണമോ പണമോ വിലപിടിപ്പുള്ള മറ്റ് വസ്‌തുക്കളോ ഇല്ലാതിരുന്നതിനാല്‍ മോഷണശ്രമം പരാജയപ്പെടുക ആയിരുന്നു. മുഹമ്മദ് ഷാഫി, മുഹമ്മദ് കലന്തര്‍, അബ്‌ദുൾ ഖാദര്‍ എന്നിവരുടെ വീടുകള്‍ ഒരേ കോമ്പൗണ്ടിലാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest