Categories
national news sports

ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണയ്ക്ക് അഭ്യുനന്ദന പ്രവാഹം; റെക്കോഡ് മാത്രമല്ല ബൊപ്പണ്ണയുടെ ആസ്‌തി; 2024ലെ കണക്ക് അനുസരിച്ച് അഞ്ചു മില്യണ്‍ ഡോളർ

സിംഗിള്‍സില്‍ നിന്ന് 230,490 ഡോളര്‍ മാത്രമേ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ

ഇന്ത്യന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ കഴിഞ്ഞ ദിവസമാണ് പുരുഷ ഡബിള്‍സിലെ ഏറ്റവും പ്രായം കൂടിയ ഗ്രാന്‍ഡ് സ്ലാം ജേതാവായി ചരിത്രം സൃഷ്ടിച്ചത്. 2024ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ മാത്യു എബ്ഡനൊപ്പം പുതിയ ചരിത്രം രചിക്കുകയാണ് രോഹന്‍ ബൊപ്പണ്ണ ചെയ്‌തത്‌.

റോഹൻ ബൊപ്പണ്ണയ്ക്ക് അഭിനന്ദനങ്ങളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. 43ആം വയസില്‍ ഓസ്ട്രേലിയൻ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയത് അവിശ്വസനീയമായ നേട്ടമെന്നാണ് കേരള നിയമ മന്ത്രി പി.രാജീവ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പില്‍ പറയുന്നത്. ഈ കിരീടനേട്ടം വളർന്നുവരുന്ന യുവകായിക താരങ്ങള്‍ക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

തൻ്റെ കരിയറിൻ്റെ തുടക്കത്തില്‍ സിംഗിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബൊപ്പണ്ണ വളരെ വേഗമാണ് ഡബിള്‍സിലേക്ക് സ്വിച്ച്‌ ചെയ്‌തത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ മൂന്നാം തവണയാണ് ഫൈനലിലെത്തുന്നത്. സാനിയ മിര്‍സക്കൊപ്പം മിക്‌സഡ് ഡബിള്‍സിലും ബൊപ്പണ്ണ അവിസ്മരണീയമായ നേട്ടങ്ങള്‍ രാജ്യത്തിനായി സമ്മാനിച്ചിട്ടുണ്ട്.

2023ല്‍ ബൊപ്പണ്ണ രണ്ട് ഡബിള്‍സ് കിരീടങ്ങള്‍ നേടുകയും റോട്ടര്‍ഡാം ഓപ്പണ്‍, മാഡ്രിഡ് ഓപ്പണ്‍, യു.എസ് ഓപ്പണ്‍, ഷാങ്ഹായ് മാസ്റ്റേഴ്‌സ് എന്നിവയുടെ ഫൈനലിൽ എത്തുകയും ചെയ്‌തു. മാത്യു എബ്ഡനൊപ്പം വിംബിള്‍ഡണിൻ്റെ സെമിഫൈനലിലും എത്തി.

2024ലെ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ രോഹന്‍ ബൊപ്പണ്ണയുടെ ആസ്‌തി അഞ്ചു മില്യണ്‍ ഡോളറാണ്. 2023ല്‍ മാത്യു എബ്ഡനൊപ്പം ഖത്തര്‍ എക്സോണ്‍ മൊബില്‍ ഓപ്പണും ഇന്ത്യന്‍ വെല്‍സും ഉള്‍പ്പെടെ രണ്ട് ഡബിള്‍സ് കിരീടങ്ങള്‍ അദ്ദേഹം നേടിയിരുന്നു. ബൊപ്പണ്ണ തൻ്റെ കരിയറില്‍ ഇതുവരെ 4.5 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായി നേടിയിട്ടുണ്ട്. 2024ല്‍ ഇതുവരെ 9,000 ഡോളര്‍ സമ്മാനത്തുകയായി അദ്ദേഹം നേടിയിട്ടുണ്ട്.

സിംഗിള്‍സില്‍ നിന്ന് 230,490 ഡോളര്‍ മാത്രമേ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് അദ്ദേഹത്തിൻ്റെ പ്രധാന സ്‌പോണ്‍സര്‍. വെഗന്‍ ഫുഡ് ആന്‍ഡ് പ്ലാണ്ട് അധിഷ്ഠിത ഇറച്ചി കമ്പനിയായ ഗുഡ്ഡോട്ടിൻ്റെ അംബാസഡര്‍ കൂടിയാണ് അദ്ദേഹം. 2013ല്‍ ഒരു കോഫി കമ്പനി ആരംഭിച്ച്‌ ബൊപ്പണ്ണ ബിസിനസ്സ് ലോകത്തേയ്ക്കും കടന്നു.

2016ല്‍ രോഹന്‍ ബൊപ്പണ്ണ ടെന്നീസ് അക്കാദമിയും സ്വന്തം നഗരത്തില്‍ സ്ഥാപിച്ചിരുന്നു. 2012ല്‍ ആണ് രോഹന്‍ ബൊപ്പണ്ണ വിവാഹിതനാകുന്നത്. മനശാസ്ത്രജ്ഞയായ സുപ്രിയ അന്നയ്യയാണ് ഭാര്യ. ഭാര്യക്കൊപ്പം ബെംഗളൂരുവിലാണ് ബൊപ്പണ്ണ താമസിക്കുന്നത്. മികച്ച ടെന്നീസ് കളിക്കാരന്‍ എന്നതിലുപരി സാമൂഹിക പ്രവര്‍ത്തനങ്ങളിലും രോഹന്‍ ബൊപ്പണ്ണ വളരെ സജീവമാണ്.

തൻ്റെ ജന്മനാടായ കൂര്‍ഗില്‍, ശാരീരിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ഓപ്പര്‍ച്യുണിറ്റി സ്‌കൂളിനായി ഫണ്ട് ശേഖരിക്കാന്‍ രോഹന്‍ ബൊപ്പണ്ണ സഹായം നല്‍കുന്നുണ്ട്. പാവപ്പെട്ട ആളുകള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ ദന്തചികിത്സ നല്‍കുന്നതിനും സൗജന്യ ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പുകളിലൂടെ ആളുകളെ സഹായിക്കുന്നതിനും അദ്ദേഹം മുന്‍കൈ എടുക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest