Categories
പേരും പെരുമയും സ്വന്തമാക്കിയ പ്രതിഭ; ദേശീയ കായിക താരം കണ്ണന് പാലക്കുന്നിൻ്റെ വിയോഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അനുശോചിച്ചു
ദേശീയ ഫെഡറേഷന് കപ്പ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
ബേക്കൽ / കാസർകോട്: അറിയപ്പെടുന്ന ബോഡി ബില്‍ഡിംഗ് താരവും സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ നിരവധി വിജയങ്ങള്‍ സ്വന്തമാക്കിയ തിരുവക്കോളി കളത്തില്‍ ഹൗസില്‍ കണ്ണന് പാലക്കുന്ന് (66) അന്തരിച്ചു. 1990 കാലഘട്ടത്തില്‍ ഉദുമയിലെ കബഡി രംഗത്തും സജീവമായിരുന്നു കണ്ണന്. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീട് കവാടത്തിന് സമീപത്തെ അംബിക ലോട്ടറി സ്റ്റാള്‍ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന്- കോട്ടിക്കുളം യൂണിറ്റ് ജോയിണ്ട് സെക്രട്ടറിയാണ്.
Also Read
പരേതരായ കളത്തില്‍ അപ്പുവിൻ്റെയും മാണിക്കത്തിൻ്റെയും മകനാണ്. പാര്‍വതിയാണ് ഭാര്യ. അശ്വതി, അശ്വിന് (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി സി.ഇ.ടി. തിരുവനന്തപുരം) മക്കളാണ്. അപ്പക്കുഞ്ഞി വൈദ്യര് കളത്തില്‍, അഡ്വ. ബാബു ചന്ദ്രന് കളത്തില്‍, പരേതയായ ജാനകി എന്നിവർ സഹോദരങ്ങളാണ്.
ജില്ലയുടെ ‘സ്ട്രോങ്ങ് മാന്‍’
വിഷുദിനത്തിൽ അന്തരിച്ച കണ്ണന് പാലക്കുന്നിൻ്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. ‘അയേണ്‍ ഗെയിംസ്’ വിഭാഗത്തില്‍ പേരും പെരുമയും സ്വന്തമാക്കിയ പ്രതിഭയായിരുന്നു കണ്ണന്. ഏതാനും മാസമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കുന്നിലെ ‘ജിമ്മ് കണ്ണ’ൻ്റെ വിയോഗം കായിക പ്രേമികളും നാട്ടുകാരും അഗാധ ദുഃഖത്തിലാക്കി. മിതഭാഷിയും സൗമ്യസ്വഭാവ കാരനുമായിരുന്നു കണ്ണന്.
പാലക്കുന്ന് ടെമ്പിള്‍ റോഡില്‍ വര്‍ഷങ്ങളായി ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തി വരികയായിരുന്നു. 1998ല്‍ ചങ്ങനാശേരിയില്‍ നടന്ന ദേശീയ ഫെഡറേഷന് കപ്പ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റര്‍ വിഭാഗത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിരുന്നു.
മൂന്ന് തവണ ജില്ലാ സ്ട്രോങ്ങ്മാനായും രണ്ട് തവണ മിസ്റ്റര്‍ കാസര്കോടായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1986 മുതല്‍ 30 വര്‍ഷം ജില്ലയില്‍ ശരീര സൗന്ദര്യ മത്സര രംഗത്തുണ്ടായിരുന്ന കണ്ണന് ജില്ലാതലത്തില്‍ 21 തവണ ഒന്നാം സ്ഥാനവും അഞ്ചു തവണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 2002 മുതല്‍ തുടര്‍ച്ചയായി 13 വര്‍ഷം മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിൻ്റെ കുത്തക കണ്ണനായിരുന്നു. 1987ല്‍ ജില്ലാതലത്തില്‍ ‘മോസ്റ്റ് മസ്ക്കുലര്‍മാന്‍’ മത്സരത്തില്‍ കണ്ണനായിരുന്നു ജേതാവ്. മൂന്ന് വര്‍ഷം മിസ്റ്റര്‍ കാസര്‍കോട് പട്ടവും മൂന്ന് തവണ സംസ്ഥാന സൗന്ദര്യ മത്സരത്തില്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സ്വന്തം പേരില്‍ കുറിക്കപ്പെട്ടു.
ജില്ല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച മൂന്ന് തവണയും ‘സ്ട്രോങ്ങ് മാന്‍ കാസര്‍കോട്’ പട്ടവും കണ്ണൻ്റെ പേരില്‍ ആയിരുന്നു. ഇത് ഒരു അപൂര്‍വ നേട്ടമാണെന്ന് ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പള്ളം നാരായണന് പറഞ്ഞു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകുന്നേരം മലാങ്കുന്ന് സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. കണ്ണൻ്റെ നിര്യാണത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അനുശോചിച്ചു. പ്രസിഡണ്ട് പി.ഹബീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. പള്ളം നാരായണന്, മുജീബ് മാങ്ങാട്, പ്രിയേഷ് കാഞ്ഞങ്ങാട്, എം.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Sorry, there was a YouTube error.