Categories
local news

ഓഹരി ഉടമകളായി ടീം ബേഡകം; സ്വന്തമാക്കിയത് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഓഹരികള്‍

ആദ്യഘട്ടത്തില്‍ 2500 പേരെ ഓഹരി ഉടമകളാക്കാനാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡും പഞ്ചായത്ത് ഭരണ സമിതിയും, സി.ഡി.എസും നിശ്ചയിച്ചിട്ടുള്ളത്.

കാസർകോട്: ബേഡഡുക്ക പഞ്ചായത്തിൻ്റെ കീഴിലുള്ള കുടുംബശ്രീ മിഷൻ്റെ പുത്തന്‍ സംരംഭമായ ടീം ബേഡകം ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയില്‍ ബേഡഡുക്ക ഹരിത സേനയിലെ മുഴുവന്‍ അംഗങ്ങളും ഓഹരി ഉടമകളായി. ഹരിത കര്‍മ സേനയുടെ നാലാം വാര്‍ഷിക പരിപാടിയില്‍
ഹരിത കര്‍മസേന ലീഡര്‍മാരായ ശ്രീജ കല്ലളി, ദാക്ഷായണി, ബിന്ദു, എന്നിവര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി. ടി സുരേന്ദ്രന് ഓഹരിത്തുക കൈമാറി.

പ്രസിഡന്റ് എം. ധന്യ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗുലാബി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് മാത്രമാണ് ഷെയര്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 2500 പേരെ ഓഹരി ഉടമകളാക്കാനാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡും പഞ്ചായത്ത് ഭരണ സമിതിയും, സി.ഡി.എസും നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി 28നകം ഓഹരി വില്‍പന പൂര്‍ത്തിയാക്കി
ഏപ്രില്‍ ആദ്യം കമ്പനിയുടെ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്.

ഇതിനകം എല്ലാ അയല്‍ക്കൂട്ടങ്ങളിലും നിക്ഷേപ സമാഹരണത്തില്‍ വലിയ മുന്നേറ്റമാണ് പ്രകടമാവുന്നതെന്ന് കമ്പനി സെക്രട്ടറി പ്രസന്ന മുന്നാടും, പ്രസിഡന്റ് എ. ടി സരസ്വതിയും, ട്രഷറര്‍ ഗുലാബിയും പറഞ്ഞു.

എല്ലാ കുടുംബശ്രീ അംഗങ്ങളും ഈ സംരംഭത്തെ പിന്തുണയ്ക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ഗുലാബി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കമ്പനി യാഥാര്‍ത്ഥ്യമാകുന്നതോടെ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളും വരുമാനവും ലഭിക്കുമെന്നും ഉല്‍പാദന സേവന മേഖലകളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, ത്രിതല പഞ്ചായത്തുകള്‍, നബാര്‍ഡ് ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണ കൂടി കമ്പനിക്ക് ലഭ്യമാക്കുമെന്നും ചുമതലയുള്ള എ.ഡി.എം.സി സി. എച്ച് ഇഖ്ബാല്‍, ഡി.പി.സി സര്‍ക്കാര്‍ പ്രതിനിധി അഡ്വ. സി. രാമചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest