Categories
articles national news

തമിഴ്‌നാട്ടിൽ സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ തലപ്പത്ത്; കനിമൊഴിക്ക് പുതിയ പദവി; ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങൾ ഇങ്ങിനെ

കരുണാനിധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പണത്തിന് എത്തിയത്.

ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി രണ്ടാംതവണയും തിരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് സ്റ്റാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന്‍ ജനറല്‍ സെക്രട്ടറിയായും ടി. ആര്‍ ബാലു ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ഇരുവരും രണ്ടാം തവണയാണ് ഈ സ്ഥാനം വഹിക്കുന്നത്. പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി കനിമൊഴി എം.പി തിരഞ്ഞെടുക്കപ്പെട്ടതാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തിലെ സുപ്രധാന തീരുമാനം. മുതിര്‍ന്ന നാല് നേതാക്കള്‍ കൂടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുണ്ട്.

ജനറല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ എം. കെ സ്റ്റാലിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. കരുണാനിധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പണത്തിന് എത്തിയത്. 2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ ഡി.എം.കെ അധ്യക്ഷനായി ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.

ഡി.എം.കെയുടെ രണ്ടാമത്തെ അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. നേരത്തെ ഡി.എം.കെ ട്രഷറര്‍, യൂത്ത് വിങ് സെക്രട്ടറി സ്ഥാനങ്ങള്‍ സ്റ്റാലിന്‍ വഹിച്ചിട്ടുണ്ട്. 1949-ല്‍ സ്ഥാപിതമായ ഡി.എം.കെയില്‍ 1969ലാണ് പ്രസിഡന്റ് സ്ഥാനം സൃഷ്ടിക്കപ്പെട്ടത്. കരുണാനിധിയായിരുന്നു ആദ്യ പ്രസിഡന്റ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *