Categories
articles news

ഇടതുമുന്നണിയില്‍ പുതിയ ആശയ പ്രതിസന്ധി; വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ എം.വി ഗോവിന്ദന്‍റെ നിലപാട് തള്ളി കാനം രാജേന്ദ്രൻ

ജനാധിപത്യവിപ്ലവം നടക്കാത്ത ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ലാത്ത ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നായിരുന്നു എം. വി ഗോവിന്ദന്‍റെ പരാമർശം.

വൈരുദ്ധ്യാത്മക ഭൗതികവാദം നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രായോഗികമല്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍റെ നിലപാട് തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു ആരെങ്കിലും പറഞ്ഞാൽ അർത്ഥം മാർക്‌സിസം അപ്രസക്തമായി എന്നാണ് എന്നും അതുകൊണ്ട് തന്നെ എം.വി ഗോവിന്ദൻ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ജനാധിപത്യവിപ്ലവം നടക്കാത്ത ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ലാത്ത ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നായിരുന്നു എം. വി ഗോവിന്ദന്‍റെ പരാമർശം. ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്‍റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല. ഇങ്ങനെയായിരുന്നു എം. വി ഗോവിന്ദന്‍റെ വാക്കുകൾ.

വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് എം. വി ഗോവിന്ദൻ പിന്നീട് വ്യക്തമാക്കിയിരുന്നു. വിശ്വാസികളെയും അവിശ്വാസികളെയും വർഗത്തിന്‍റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കണമെന്നാണ് പറഞ്ഞതെന്നും എം. വി ഗോവിന്ദൻ പറഞ്ഞു. വിശ്വാസികളെ അംഗീകരിച്ചു മാത്രമേ ഇന്ത്യയിൽ ഏത് വിപ്ലവ പാർട്ടിക്കും മുന്നോട്ട് പോകാനാവൂവെന്നായിരുന്നു വിവാദ പ്രസംഗം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest