Categories
education Gulf international Kerala news

യു.എ.ഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനിമുതൽ ഒരേതരം യൂണിഫോം; കേരളത്തിൽ ജെന്‍ഡര്‍ ന്യൂട്രല്‍ അംഗീകരിക്കില്ല, സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് മുസ്ലീം സംഘടനകള്‍

മാതാപിതാക്കൾ, വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികൾ, എമിറാത്തി ഡിസൈനർമാർ എന്നിവരുടെ കമ്മിറ്റി

കോഴിക്കോട് / ദുബായ്: യു.എ.ഇ.യിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ലിംഗസമത്വ ചിന്തയനുസരിച്ച് യു.എ.ഇ. പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ യൂണിഫോം ഏകീകരിക്കും. രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്‌കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്‌കൂൾ എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു.

പുതിയ തീരുമാനം അനുസരിച്ച് വിദ്യാർത്ഥികൾക്ക് ടീഷർട്ടും പാന്‍റും ആയിരിക്കും യൂണിഫോം. ടീഷർട്ടിൽ സ്‌കൂൾ ലോഗോ ഒട്ടിക്കും. നേരത്തെ ആൺകുട്ടികളുടെ യൂണിഫോമിൽ ഉൾപ്പെടുത്തിയിരുന്ന ടൈ നീക്കം ചെയ്തു. ഹൈസ്‌കൂളിലെ പെൺകുട്ടികൾക്കുള്ള യൂണിഫോമിൽ പാവാടയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കിന്‍റർ ഗാർട്ടൻ വിദ്യാർത്ഥികൾക്കായി കഴിഞ്ഞയായാഴ്‌ച പുറത്തിറക്കിയ സ്‌കൂൾ യൂണിഫോമിൽ മാതാപിതാക്കൾ നിർദ്ദേശിച്ച മാറ്റങ്ങൾ അംഗീകരിച്ചാണ് തീരുമാനം. ഭാവിയിൽ സ്‌കൂൾ യൂണിഫോം രൂപകൽപ്പന ചെയ്യുന്നതിന് മാതാപിതാക്കൾ, വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികൾ, എമിറാത്തി ഡിസൈനർമാർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ഇ.എസ്.ഇ അറിയിച്ചു. പുതിയ സ്‌കൂൾ യൂണിഫോം വിതരണം തിങ്കളാഴ്‌ച ആരംഭിച്ചു.

കേരളത്തിൽ ഒരേതരം വേണ്ട

പ്രബുദ്ധ കേരളത്തിൽ സ്‌കൂൾ യൂണിഫോമിൽ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാൻ ആവില്ലെന്ന് മുസ്ലീം സംഘടനകള്‍. ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മാര്‍ഗം ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആണെന്ന സിദ്ധാന്തം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല.

ഇടത് സര്‍ക്കാരിന്‍റെ നീക്കം പ്രതിഷേധാര്‍ഹമെന്നും പിന്‍വാങ്ങണമെന്നും ലീഗ് നേതാവ് റഷീദ് അലി തങ്ങള്‍ പറഞ്ഞിരുന്നു. കോഴിക്കോട് ലീഗ് വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു ലീഗ് നേതാവിൻ്റെ പ്രതികരണം.

കേരളത്തില്‍ ഭൂരിപക്ഷം മതവിശ്വാസികളേയും കണക്കിലെടുക്കാതെ ലിബറല്‍ ആശയം നടപ്പാക്കുന്നത് ഫാസിസമാണ്. കലാലയങ്ങളില്‍ ഭരണകൂടം ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് നീക്കം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നു എന്ന് ലീഗ് നേതാവും എം.എല്‍.എയുമായ എം.കെ മുനീറും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു മുനീറിൻ്റെ പരാമര്‍ശം. ഇതിനെതിരെ വലിയ വിമര്‍ശനവും ഉയർന്നിരുന്നു. ചില മത വിഭാഗത്തിൻ്റെ ആളുകളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കൾ ഈ ആധുനിക കാലത്തും പുരുഷാധിപത്യത്തിൻ്റെ അപ്പോസ്തലന്മാർ തന്നെയാകുന്നത് അപമാനകരമാണെന്ന വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest