Categories
entertainment Kerala news tourism

മകര വിളക്കിന് ഒരുങ്ങി ശബരിമല; സ്വാമിമാരുടെ തീർത്ഥാടക തിരക്ക് തുടരുന്നു

തിങ്കളാഴ്‌ച 95000 പേർ ദർശനം നടത്തി

ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ സ്വാമിമാരുടെ തീർഥാടക തിരക്ക് തുടരുന്നു. തിങ്കളാഴ്‌ച 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ മല ചവിട്ടുന്നുണ്ട്.

മകരവിളക്ക് പ്രമാണിച്ച് ജനുവരി 13ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധി ക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്ന് പുലർച്ചെ രണ്ട് മണിക്ക് തിരുനട തുറക്കും. 2.46ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവ് പൂജകള്‍ക്ക് ശേഷം അന്ന് വൈകീട്ട് അഞ്ചിനാണ് നടതുറക്കുക.

തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടൽ ചടങ്ങ് നടക്കും. വൈകീട്ട് 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15ന് കൊടിമര ചുവട്ടിൽ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30 ന് നടക്കും. ശേഷം മകരവിളക്ക്- മകരജ്യോതി ദര്‍ശനം എന്നിവ നടക്കും.

ജനുവരി 15ന് വൈകീട്ട് മണിമണ്ഡപത്തിൽ കളമെഴുത്ത് ആരംഭിക്കും. 15,16,17,18 തീയതികളില്‍ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18-ാം തീയതി വരെ ഭക്തർക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദർശിക്കാം. 19വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

19 ന് മണിമണ്‌ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. ജനുവരി 20ന് രാത്രി 10മണിക്ക് മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ ഗുരുതി നടക്കും. ജനുവരി 20വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. 21ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീകോവിൽ നടയടക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest