Categories
channelrb special local news news

ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാസം; വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ; പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ടി.ഷാജിത്ത്..

വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാസമെന്നും സൈദ പറഞ്ഞു.

കാസർകോട് / കോഴിക്കോട്: കാസർകോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാസമെന്നും സൈദ പറഞ്ഞു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ടി.ഷാജിത്ത് മുഖാന്തരമാണ് അപ്പീല്‍ നല്‍കുക. മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വിചാരണ കോടതി മാർച്ച് 30 നാണ് വെറുതെ വിട്ടത്. വിധിക്കെതിരെ സർക്കാറും ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം അപ്പീൽ നൽകിയിരുന്നു.

കൊലപാതകത്തില്‍ വിഷലിപ്ത വര്‍ഗ്ഗീയതയുണ്ടെന്നും മലയാള ഭാഷ വശമില്ലാത്ത ജഡ്ജിമാര്‍ സാക്ഷിമൊഴികള്‍ വ്യക്തമായി മനസിലാക്കിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അപ്പീല്‍ കാലയളവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹര്‍ജിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

വിചാരണക്കിടെ എട്ട് ജഡ്ജിമാര്‍ മാറിവന്നു. ചില ജഡ്ജിമാര്‍ മലയാള ഭാഷ നല്ല വശമില്ലാത്തവരായിരുന്നു. സാക്ഷികളുടെ മൊഴി കോടതിക്ക് മനസിലാക്കാനായില്ല. കൊലപാതകത്തില്‍ വിഷലിപ്ത വര്‍ഗ്ഗീയതയുണ്ട്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും വിചാരണ കോടതി പരിഗണിച്ചില്ല. ശക്തമായ സാഹചര്യ, ശാസ്ത്രീയ, ഡിജിറ്റല്‍ തെളിവുകള്‍ പ്രൊസിക്യൂഷന്‍ നല്‍കി. എല്ലാ കണ്ണികളും കൂട്ടിച്ചേര്‍ത്ത് നല്‍കിയ തെളിവുകള്‍ വിചാരണ കോടതി അവഗണിച്ചു. നിയമ വിരുദ്ധവും അനുചിതവും നീതിന്യായ ബോധത്തെ ഞെട്ടിക്കുന്നതുമാണ് വിചാരണ കോടതി വിധി. സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതില്‍ കോടതിക്ക് വീഴ്ച പറ്റി. സാക്ഷികള്‍ കളവ് പറഞ്ഞാലും സാഹചര്യത്തെളിവുകള്‍ കളവുപറയില്ല. വീഴ്ചയില്ലാത്ത അന്വേഷണമാണ് എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയത്. വിചാരണക്കോടതി വിധി ഒരു നിമിഷംപോലും നിലനില്‍ക്കരുത്. പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കണം എന്നിങ്ങനെയാണ് റിയാസ് മൗലവി വധക്കേസിലെ അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നത്.

പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെയും ശിക്ഷിക്കണമെന്നും അപ്പീലില്‍ പറയുന്നു. അപ്പീല്‍ കാലയളവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക ഹര്‍ജിയും സര്‍ക്കാര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അപ്പീലിൽ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തിനായി പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കാസർകോടും കുടുംബവും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest