Categories
channelrb special Gulf Kerala news

മനുഷ്യ സ്നേഹികളുടെ യഥാര്‍ഥ ‘കേരള സ്റ്റോറി’; അബ്‌ദുൾ റഹീമിൻ്റെ മോചനം യാഥാര്‍ഥ്യത്തില്‍, ജുമുഅക്ക് ശേഷം മസ്‌ജിദുകളിലും ധന സമാഹരണം, മുഴുവൻ തുകയും സമാഹരിച്ചു

കൂട്ടായ പ്രവർത്തനം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം എത്തിക്കാൻ സഹായകമായി

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി അബ്‌ദുൾ റഹീമിൻ്റെ മോചനത്തിനായി മുഴുവൻ തുകയും പിരിച്ചു. 34 കോടി കൊടുക്കാനുള്ള സമയം അവസാനിക്കാൻ ഇനി മൂന്നു ദിവസമാണ് ബാക്കി നില്‍ക്കെ ഇനി പണം അയക്കേണ്ടെന്ന് ദയാധന സമാഹരണ കമ്മിറ്റി അറിയിച്ചു.

വധശിക്ഷ നടപ്പാക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംഘടനകളും ജീവകാരുണ്യ പ്രവർത്തകരും ജാതി-മത ഭേദമന്യേ മലയാളികള്‍ അടക്കമുള്ളവർ സഹായ ഹസ്‌തവുമായി സജീവമായി രംഗത്തെത്തി. വെള്ളിയാഴ്‌ച ജുമുഅക്ക് ശേഷം വിവിധ മസ്‌ജിദുകളില്‍ വ്യാപകമായി ധനസമാഹരണം നടത്തി.

മസ്‌ജിദ്‌ കമിറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ആയിരുന്നു ധനസമാഹരണം. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്. എംബിസി വഴി പണം കൈമാറാനുള്ള നടപടികള്‍ ശനിയാഴ്‌ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും.

‘സേവ് അബ്‌ദുൾ റഹീം’ എന്ന മൊബൈല്‍ ആപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് അബ്‌ദുൾ റഹീമിൻ്റെ വീട്ടിലേക്കും അബ്ദുള്‍ റഹീം ദയാധന സമാഹരണ കമ്മിറ്റിയേയും ധനസഹായവുമായി സമീപിച്ചത്. ഒരു നാടിൻ്റെ കൂട്ടായ പ്രവർത്തനം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം എത്തിക്കാൻ സഹായകമായി എന്നാണ് ദയാധന സമാഹരണ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ മാസം ഒരു കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞിടത്തു നിന്നാണ് ഒരു നാട് ഒരുമിച്ചപ്പോള്‍ ഒരു മാസം കൊണ്ട് മുഴുവൻ തുകയും സമാഹരിക്കാൻ കഴിഞ്ഞത്.

പണം സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതി തേടാൻ ശ്രമം തുടങ്ങി. കൈയ്യബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിലാണ് അബ്‌ദുൾ റഹീം 18 വർഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest