Categories
international news trending

നിമിഷ പ്രിയയുടെ മാതാവ് മകളെ തിരികെ എത്തിക്കാമെന്ന പ്രതീക്ഷയോടെ യെമനിലെത്തി; ഇനി നടക്കാനുള്ളത് നിര്‍ണായക ചര്‍ച്ചകള്‍

യെമന്‍ പൗരൻ്റെ കുടുംബവുമായി നടത്തുന്ന ചര്‍ച്ച വിജയകരമായാല്‍ നാട്ടിലെത്താനാകും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ മാതാവ് പ്രേമകുമാരി യെമനിലെത്തി. മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായാണ് യാത്ര. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മകളെ കാണാന്‍ പ്രേമ കുമാരിക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. കൊല്ലപ്പെട്ട യെമന്‍ പൗരൻ്റെ കുടുംബവുമായി പ്രേമകുമാരി ഉടന്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം.

ശനിയാഴ്‌ച രാത്രിയാണ് പ്രേമകുമാരി സേവ് നിമിഷപ്രിയ ഫോറം അംഗമായ സാമുവേല്‍ ജെറോമിനൊപ്പം യെമനിലെത്തിയത്. തുടര്‍ന്ന് ഇരുവരും കരമാര്‍ഗം സനയിലെത്താനിരിക്കുകയാണ്. നിമിഷ പ്രിയയെ ഏഴ് വര്‍ഷത്തിനുശേഷം കാണാന്‍ പ്രേമകുമാരിയ്ക്ക് അവസരമുണ്ടാകും.

അതിനുശേഷം യെമനിലെ ഗോത്ര തലവന്മാരുമായും പ്രേമകുമാരി ചര്‍ച്ചകള്‍ നടത്തും. കൊല്ലപ്പെട്ട യെമന്‍ പൗരൻ്റെ കുടുംബവുമായി പ്രേമകുമാരി നടത്തുന്ന ചര്‍ച്ച വിജയകരമായാല്‍ നിമിഷ പ്രിയയ്ക്ക് നാട്ടിലെത്താനാകും.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു.

ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രിംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമ പ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിൻ്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിൻ്റെ വാദം. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിൽ എത്തിയിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest