Categories
articles Kerala national news

നാഷണല്‍ ഹെറാള്‍ഡ്‌ കേസ്‌; കള്ളപ്പണ ഇടപാടെന്ന്‌ ഇ.ഡി, അയ്യായിരം കോടി രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയെന്ന് വിവരം, കൂടുതൽ അറിയാം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും ജയിലില്‍ പോകേണ്ടി വരുമെന്ന് ഹര്‍ജിക്കാരന്‍

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നില കൂടുതല്‍ പരുങ്ങലിലേക്ക്. നാഷണല്‍ ഹെറാള്‍ഡിൻ്റെ നിലവിലെ ഉടമകളായ യങ്‌ ഇന്ത്യന്‍ കമ്പനിക്ക് നിരവധി വ്യാജ കമ്പനികളില്‍ നിന്ന് ഫണ്ടുകള്‍ ലഭിച്ചതിൻ്റെ രേഖാപരമായ തെളിവുകള്‍ ലഭിച്ചതായി ഇ.ഡി വൃത്തങ്ങള്‍ അവകാശപ്പെട്ടു.

2018-19 കാലയളവുവരെ ഇത്തരത്തില്‍ അനധികൃത ഫണ്ട് വരവുണ്ട്. കൊല്‍ക്കത്തയിലെ ഡൊടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന വ്യാജകമ്പനിയില്‍നിന്ന് ഒരു കോടി രൂപ യങ്‌ ഇന്ത്യന് ലഭിച്ചിരുന്നു.

ഇതില്‍ നിന്നുള്ള 50 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നാഷണല്‍ ഹെറാള്‍ഡിൻ്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍സിൻ്റെ 100 ശതമാനം ഓഹരിയും യങ്‌ ഇന്ത്യന്‍ സ്വന്തമാക്കിയത്.

യങ്‌ ഇന്ത്യൻ്റെ 76 ശതമാനം ഓഹരിയും സോണിയയുടെയും രാഹുലിൻ്റെയും പേരിലാണ്. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് യങ്‌ ഇന്ത്യന്‍ ഓഫീസ് അടക്കം 12 ഇടത്ത് ഇ ഡി റെയ്‌ഡ്‌ നടത്തിയിരുന്നു. കൊല്‍ക്കത്തയിലെയും മുംബൈയിലെയും ഹവാല നടത്തിപ്പുകാരുമായി യങ്‌ ഇന്ത്യന്‍ നടത്തിയിട്ടുള്ള ഇടപാടുകളുടെ തെളിവുകള്‍ റെയ്‌ഡിൽ ലഭിച്ചതായാണ് ഇ.ഡി അവകാശവാദം.

റെയ്‌ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യം ചെയ്തേക്കും. യങ്‌ ഇന്ത്യൻ്റെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായി നടത്തിയിരുന്നത് അന്തരിച്ച മോത്തിലാല്‍ വോറയാണെന്ന നിലപാടാണ് ചോദ്യം ചെയ്യലില്‍ സോണിയയും രാഹുലും സ്വീകരിച്ചത്. ഇത് വിശ്വസനീയമല്ലെന്നാണ് ഇ.ഡി നിലപാട്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും ജയിലില്‍ പോകേണ്ടി വരുമെന്ന് ഹര്‍ജിക്കാരനായ സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. അയ്യായിരം കോടി രൂപയുടെ സ്വത്തുക്കളാണ് ഇടപാടിലൂടെ സോണിയയും രാഹുലും സ്വന്തമാക്കിയത്- സ്വാമി പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസ് എന്താണ്?

നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ ഉടമകളായിരുന്ന, കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്- എ.ജെ.എൽ (Associated Journals Limited- AJL) എന്ന കമ്പനിയെ യങ് ഇന്ത്യൻ ലിമിറ്റഡ് (Young Indian Limited ) എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ആരോപണം. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. 2000 കോടിരൂപയോളം വരുന്ന സ്വത്ത് തുച്ഛമായ വിലക്ക് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയെന്നും പരാതിയിൽ പറയുന്നു. 90 കോടി രൂപ ബാധ്യതയുണ്ടായിരുന്നു കമ്പനിയെ 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. എ.ജെ.എല്ലിന് നൽകിയ വായ്‌പ നിയമ വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

കമ്പനി നിയമം ലംഘിച്ചെന്നും, സോണിയ ഗാന്ധിയുടെ ഔദ്യോഗിക വിലാസം ദുരുപയോഗം ചെയ്തെന്നും, ഓഹരി വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചെന്നും, എഐസിസി നിയമവിരുദ്ധമായി എ.ജെ.എൽ കമ്പനിക്ക് വായ്‌പ നൽകിയെന്നും ഒക്കെയാണ് മറ്റ് ആരോപണങ്ങൾ.

1.പൊതുസ്വത്ത് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചു.
2.ഇതിനായി ഗൂഡാലോചന നടത്തി.
3.ഓഹരി ഉടമകളെ അറിയിക്കാതെ വഞ്ചിച്ചു.
4.വസ്തുവകകൾ നിസാര തുകയ്ക്ക് കൈവശപ്പെടുത്താൻ ശ്രമിച്ചു.
എന്നിവയാണ് പ്രധാന സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണങ്ങൾ.

കോൺഗ്രസ് ട്രഷറർ മോത്തിലാൽ വോറ, ജനറൽ സെക്രട്ടറി ഓസ്‌കാർ ഫെർണാണ്ടസ്, മാധ്യമ പ്രവർത്തകൻ സുമൻ ദുബെ, സാങ്കേതിക വിദഗ്ധൻ സാം പിത്രോദ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇതിൽ മോത്തിലാൽ വോറ മരിച്ചതിനാൽ കോടതി 2021 ജനുവരിയിൽ കേസിൽ നിന്ന് ഒഴിവാക്കി. ഓസ്‌കാർ ഫെർണാണ്ടസും 2021സെപ്തംബറിൽ അന്തരിച്ചു.

എ.ജെ.എല്ലും യങ്ങ് ഇന്ത്യനും

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആരംഭിച്ച നാഷണൽ ഹെറാൾഡ് എന്ന പത്രത്തിൻ്റെ പ്രസാധകരായിരുന്നു എ.ജെ.എൽ. 1937 ലായിരുന്നു രൂപീകരണം. നെഹ്‌റുവിന് പുറമെ 5000 സ്വാതന്ത്ര്യ സമര സേനാനികൾ എ.ജെ.എല്ലിൽ ഓഹരി പങ്കാളികളായിരുന്നു. 2010 ആയപ്പോഴേക്കും പങ്കാളികളുടെ എണ്ണം 1000 ആയി കുറഞ്ഞെന്ന് ദി ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 90 കോടിയിലധികം കടബാധ്യത ഉണ്ടായതിനെ തുടർന്ന് 2008 -ൽ നാഷണൽ ഹെറാൾഡ് പൂട്ടി.

2010 നവംബറിൽ രാഹുൽ ​ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും 76 ശതമാനം ഓഹരി പങ്കാളിത്തത്തോടെ യംഗ് ഇന്ത്യൻ കമ്പനി രൂപീകരിച്ചു. ബാക്കി 24 ശതമാനം മോത്തിലാൽ വോറയും ഓസ്‌കാർ ഫെർണാണ്ടസും പങ്കിട്ടു. സുമൻ ദുബെ, പിത്രോദ എന്നിവർക്ക് ഓഹരിയില്ല. എ.ജെ.എലും യങ്ങ് ഇന്ത്യനും ഡൽഹി ഐ.ടിഒ.യിലെ ഹെറാൾഡ് ഹൗസിലാണ് രജിസ്റ്റർ ചെയ്തിട്ടുളളത്.

കോൺ​ഗ്രസ് പാർട്ടി ചെയ്‌തതെന്ത്?

സാമ്പത്തിക ബാധ്യത മൂലം നാഷനൽ ഹെറാൾഡ് പ്രസിദ്ധീകരണം നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പത്രം വഹിച്ച പങ്ക് ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടി പത്രം വീണ്ടും അച്ചടിക്കാൻ തീരുമാനിച്ചു.

പ്രസാധകരായ എ.ജെ.എല്ലിന് പാർട്ടി 90 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ചു. അത് തിരിച്ചടക്കുന്നതിൽ എ.ജെ.എൽ പരാജയപ്പെട്ടു.

പിന്നീട് എ.ജെ.എല്ലിൻ്റെ ആസ്‌തികൾ യങ്ങ് ഇന്ത്യനിലേക്ക് മാറ്റി. ഹെറാള്‍ഡ് ഹൗസും ഉത്തര്‍പ്രദേശിലും ഉള്‍പ്പെടെയുള്ള മറ്റു സ്വത്തുക്കളും ഇതിൽ ഉൾപ്പെടുന്നു. വെറും 50 ലക്ഷം രൂപ നൽകിയാണ് 2000 കോടിയുടെ സ്വത്തുക്കളുള്ള പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്തത് എന്നതാണ് സുബ്രമഹ്ണ്യൻ സ്വാമി ഉന്നയിക്കുന്ന പ്രധാന ആരോപണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എ.ജെ.എല്‍ നല്‍കാനുള്ള 90.25 കോടി രൂപ തിരിച്ചുപിടിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ യംഗ് ഇന്ത്യൻ ലിമിറ്റഡ് തുച്ഛമായ തുകയാണ് നല്‍കിയെന്നും സ്വാമി ആരോപിച്ചു.

രാഷ്ട്രീയ പാർട്ടികൾക്ക് വാണിജ്യ ആവശ്യങ്ങൾക്കായി പണം നൽ‌കാൻ അനുവദമില്ലെന്നും കോൺഗ്രസ് നൽകിയ വായ്‌പ നിയമ വിരുദ്ധമാണെന്നും സ്വാമി പറയുന്നു. എന്നാൽ കമ്പനിക്ക് നൽകിയ വായ്‌പയിൽ പാർട്ടിക്ക് വാണിജ്യ ലാഭമൊന്നും ലഭിച്ചിട്ടില്ലെന്നാണ് കോൺ​ഗ്രസിൻ്റെ മറുപടി.

കോടതിയുടെ നിലപാട് എന്ത്?

2014 ജൂണിൽ കോടതി സോണിയെയും രാഹുലിനെയും കേസിലെ മറ്റ് പ്രതികളെയും കോടതി വിളിച്ചു വരുത്തിയിരുന്നു. ഇതുവരെ ലഭിച്ച തെളിവുകളിൽ നിന്നും പൊതു സമ്പത്ത് വ്യക്തിഗത ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്ന് വ്യക്തമായതായി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗോമതി മനോച ചൂണ്ടിക്കാട്ടിയിരുന്നു. ആരോപണങ്ങൾ നിരസിക്കാനും തങ്ങളുടെ ഭാ​ഗം വാദിക്കാനുമുള്ള അവകാശം പ്രതികൾക്ക് ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജൂലൈയിൽ കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും സമൻസ് സ്റ്റേ ചെയ്യുകയും ചെയ്തു.

2016 ഫെബ്രുവരിയിൽ സോണിയാ ഗാന്ധിയും രാഹുൽ ​ഗാന്ധിയും കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളും ക്രിമിനൽ നടപടികൾ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ഇ.ഡി അന്വേഷണം

2014 ഓഗസ്റ്റിലാണ് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നറിയാൻ ഇഡി അന്വേഷണം ആരംഭിച്ചത്. നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ നടത്തിപ്പുകാരായിരുന്ന എ.ജെ.എലിൻ്റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.

അന്വേഷണത്തിൻ്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പല ദിവസങ്ങളിലായി മണിക്കൂറുകളോളം ഇ.ഡി ചോദ്യം ചെയ്തു. പല സുപ്രധാന വിവരങ്ങളും സീകരിച്ചതായും ചില റിപ്പോർട്ടുകളുണ്ട്.

കോൺ​ഗ്രസിൻ്റെ പ്രതികരണം

കേന്ദ്ര സർക്കാർ രാഷ്ട്രീയവൈര്യം തീർക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കള്ളപ്പണ ഇടപാടിന് യാതൊരു തെളിവുമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. കള്ളപ്പണം വെളുപ്പിച്ചതിനോ പണം കൈമാറ്റം ചെയ്തതിനോ തെളിവുകളില്ലെന്നാണ് കോൺ​ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി പറഞ്ഞത്. നാഷണൽ ഹെറാൾഡിനെതിരായ കേസിലൂടെ ബിജെപി സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയും അനാദരിക്കുകയും ചെയ്തെന്ന് കോൺ​ഗ്രസ് നേതാവ് രൺദീപ് സുർജേവാല പ്രതികരിചിരുന്നു. നാഷണൽ ഹെറാൾഡ് പത്രം ആരംഭിച്ചത് 1942 ലാണ്. അന്ന് ബ്രിട്ടീഷുകാർ അതിനെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു. ഇന്ന് മോദി സർക്കാർ ഇ.ഡിയെ അതിനായി ഉപയോഗിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest