Categories
Kerala news

ആംബുലന്‍സ് അപകടത്തില്‍ രോഗി മരിച്ച സംഭവം; ഡ്രൈവര്‍ക്ക്‌ എതിരെ കേസ്, പോലീസ് അന്വേഷണം ആരംഭിച്ചു

മഴ കനത്ത് പെയ്യുന്നതിനാല്‍ അപകട വളവില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: പുതിയറയില്‍ അപകടത്തില്‍ ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തും.

നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തിയാണ് അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. ശസ്ത്രക്രിയക്കായി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും ഗുരുതര പരിക്കേറ്റു.

പുലര്‍ച്ചെ മൂന്നേകാലോടെ ആയിരുന്നു അപകടം. മിംസ് ആശുപത്രിയിൽ എത്തുന്നതിന് 500 മീറ്റര്‍ ദൂരെ പുതിയറ ഹുണ്ടായ് ഷോറൂമിന് മുന്നില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ്, വളവ് തിരിഞ്ഞുള്ള ഇറക്കത്തില്‍ ഇടത് ഭാഗത്തുള്ള കെട്ടിടത്തിലേക്കാണ് ഇടിച്ചുകയറുന്നത്, ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഇലക്ട്രിക് പോസ്റ്റിലിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രോഗിയായ സുലോചന ഒഴികെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ആറ് പേരും തല്‍ക്ഷണം പുറത്തുചാടി. സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അഞ്ച് മിനിറ്റിനകം ആംബുലന്‍സ് കത്തി, അവശനിലയില്‍ ആംബുലന്‍സില്‍ കുടുങ്ങിയ സുലോചനയെ രക്ഷിക്കാനായില്ല.

മഴ കനത്ത് പെയ്യുന്നതിനാല്‍ അപകട വളവില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. മലബാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറും രണ്ട് നഴ്‌സിങ് അസിസ്റ്റണ്ടുമാരും സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രനും അയല്‍വാസി പ്രസീതയും ഡ്രൈവറും ഉള്‍പ്പെടെ ഏഴ് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഡ്രൈവറും ഡോക്ടറും ഒരു നഴ്‌സിങ് അസിസ്റ്റണ്ടും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ചന്ദ്രന്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് പേരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *