Categories
local news news trending

നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കുന്നത് ഹിറ്റ്‌ലറുടെ മാതൃക; ഒരു പരിഷ്‌കൃത രാജ്യവും മത അടിസ്ഥാനത്തില്‍ അഭയാര്‍ഥികളെ വേര്‍തിരിക്കില്ല: മുഖ്യമന്ത്രി

പ്രതിപക്ഷ കക്ഷികള്‍ ചുവട് മാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ല, -പിണറായി

കാഞ്ഞങ്ങാട് / കാസർകോട്: നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കുന്നത് ഹിറ്റ്‌ലറുടെ കിരാതമായ മാതൃകയും മുസോളിനിയുടെ സംഘടനാ രീതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി എല്‍.ഡി.എഫ് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ ഒന്നിച്ചു കഴിയുന്നതിനോട് അവര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പ്രത്യയശാസ്ത്രം ഉയര്‍ത്തി കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്.

മൂല്യങ്ങളുടെ ശക്തമായ ലംഘനമാണ് പൗരത്വ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഒരു പരിഷ്‌കൃത രാജ്യവും മതാടിസ്ഥാനത്തില്‍ അഭയാര്‍ഥികളെ വേര്‍തിരിക്കില്ല. എന്നാല്‍ ആറ് വിഭാഗങ്ങള്‍ക്ക് മാത്രമാണ് പൗരത്വം നല്‍കുകയെന്നത് അംഗീകരിക്കാനാകില്ല. മുസ്‌ലിം അടക്കമുള്ള മതവിഭാഗങ്ങക്ക് പൗരത്വമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ തള്ളിപ്പറയാന്‍ ഐക്യരാഷ്ട്രസഭ തയ്യാറായി. ആംനസ്റ്റി ഇൻ്റെര്‍നാഷണല്‍ കടുത്ത ഭാഷയില്‍ ഇതിനോട് വിയോജിച്ചു.

അമേരിക്ക പോലും ഈ നിയമത്തിനെ അപലപിച്ചു. എന്നിട്ടും ഭരണാധികാരികള്‍ അവരുടെ വഴിയില്‍ മുന്നോട്ടു പോകുന്നു. മതേതരത്വത്തിന് ശക്തമായ ലംഘനവും മൗലികാവകാശം ഹനിക്കുന്ന രീതിയിലും ഒരു സര്‍ക്കാറിനും ഒരു നിയമവും കൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന മൂല്യങ്ങള്‍ ഇല്ലാതാക്കുന്ന, തുല്യ പരിരക്ഷ ഉറപ്പുവരുത്താത്ത ജനങ്ങളെ അവഗണിക്കുന്ന പൗരത്വ നിയമവുമായി മുന്നോട്ട് പോകുന്ന മോദി ഭരണത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സര്‍ക്കാറും ശക്തമായി അവഗണിക്കുക തന്നെ ചെയ്യുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ സംസ്ഥാനത്ത് എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് അതില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ ചുവട് മാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ല, പിണറായി പറഞ്ഞു.

സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കരുണാകരന്‍, എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എം.രാജഗോപാലന്‍, ഇടതുസ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്‍, സി.പി ബാബു, കെ.പി സതീശ് ചന്ദ്രന്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest