Categories
Kerala news

ഏക സിവിൽ കോഡ് സെമിനാർ; സിപിഎം ക്ഷണം ലഭിച്ചു, പോകുന്നതിൽ ചർച്ച ചെയ്ത് തീരുമാനം: മുസ്ലിം ലീഗ്

ആത്മാർത്ഥതയോടെ സമീപിക്കുന്നവരുമായി സഹകരിക്കുമെന്നും പി.എം.എ സലാം

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സി.പി.എം കോഴിക്കോട് നടത്തുന്ന സെമിനാറിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചുവെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. യു.ഡി.എഫിൽ ചർച്ച ചെയ്‌ത്‌ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഏകസിവിൽ കോഡിലെ സി.പി.എം നിലപാട് ആത്മാർത്ഥമാകണമെന്നും മറ്റ് അജണ്ടകൾ പാടില്ലെന്നും പി.എം‌.എ സലാം പറഞ്ഞു.

സി.എ.എ- എൻ.ആർ.സി പ്രക്ഷോഭകാലത്തിന് സമാനമായി ഏകസിവിൽ​ കോഡ് പ്രതിഷേധത്തിലും പൊലീസ് കേസെടുക്കുമോയെന്ന് ആശങ്കയുണ്ടെന്ന് പി.എം.എ സലാം പറഞ്ഞു. സി.എ.എ സമരകാലത്ത് എടുത്ത കേസുകൾ പിൻവലിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടരവർഷം കഴിഞ്ഞിട്ടും കേസുകൾ പിൻവലിച്ചിട്ടില്ല.

ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുത്തെന്ന് കരുതി ലീഗിന്‍റെയോ യു.ഡി.എഫിന്‍റെയോ അടിത്തറ ദുർബലപ്പെടുമെന്ന് കരുതുന്നില്ലെന്ന് കഴിഞ്ഞ ദിവസം സലാം വ്യക്തമാക്കിയിരുന്നു. വാളയാറിനപ്പുറം കോൺഗ്രസും സി.പി.എമ്മും ലീഗുമെല്ലാം ഒന്നിച്ചാണ്. പൊതുകാര്യങ്ങളിൽ ആത്മാർത്ഥതയോടെ സമീപിക്കുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുസ്ലിം ലീഗിനെ കുടാതെ സമസ്‌ത നേതൃത്വത്തേയും സി.പി.എം സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിന് പരിപാടിയിലേക്ക് ക്ഷണമില്ല. ഏകസിവിൽ കോഡിൽ കോൺഗ്രസ് നിലപാടിന് വ്യക്തതയില്ലെന്നും അതിനാലാണ് അവരെ ക്ഷണിക്കാതിരുന്നതെന്നുമാണ് ഇതുസംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest