Categories
national news trending

അരിക്കൊമ്പനെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; വനത്തിൽ തുറന്നു വിടുമെന്ന നിലപാടിൽ തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനംചെക്‌പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ.

കമ്പത്തെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയതിന് പിന്നാലെ മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടുമെന്ന നിലപാടിലാണ് തമിഴ്‌നാട് വനംവകുപ്പ്. അരിക്കൊമ്പനെ തിരുനെൽവേലിയിൽ തുറന്നു വിടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.

ആനയെ മുൻപ് നിശ്ചയിച്ചതനുസരിച്ച് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ തുറന്നുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റബേക്ക ജോസഫ് നൽകിയ ഹർജിയിൽ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു ആവശ്യം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി ഇന്നു പരിഗണിച്ചിരുന്നു. തുടർന്നാണ് ഹർജി നാളെ പരിഗണിക്കുന്നതുവരെ ആനയെ തുറന്നുവിടരുതെന്ന് കോടതി ഉത്തരവിട്ടത്.

കോടതി ചൊവ്വാഴ്ച കേസിൽ വിശദമായ വാദം കേൾക്കും. അതുവരെ വനംവകുപ്പിൻ്റെ കസ്റ്റഡിയിൽ ആനയെ പാർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മയക്കുവെടി വെച്ചശേഷം അരിക്കൊമ്പനെ കളക്കാട് ടൈഗർ റിസർവ് കേന്ദ്രത്തിലേക്കെത്തിക്കാൻ അര മണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. ചൊവ്വാഴ്ച വനംവകുപ്പിൻ്റെയും തമിഴ്‌നാട് സർക്കാരിൻ്റെയും വാദം കേട്ട ശേഷമാകും അന്തിമ ഉത്തരവുണ്ടാകുക.

അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനംചെക്‌പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ. അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്‌നാട് വനംവകുപ്പ് കൃത്യമായ വിവരം നൽകിയിരുന്നില്ല. തിരുനെൽവേലി പാപനാശം കാരയാർ അണക്കെട്ട് വനമേഖലയിൽ തുറന്നുവിടുമെന്നായിരുന്നു സൂചന.

മേഘമലയിലെ വെള്ളിമലയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, മേഘമലയിൽ ആനയെ തുറന്നു വിട്ടില്ല. ഇതിനിടെ, അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടർന്ന മാധ്യമങ്ങളെ തമിഴ്‌നാട് പൊലീസ് തടഞ്ഞിരുന്നു. തമിഴ്‌നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്.

ശേഷം അരിക്കൊമ്പൻ്റെ കാലുകൾ ബന്ധിച്ചാണ് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആനയുടെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ട്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാൽ എവിടേക്ക് മാറ്റുന്നുവെന്ന് പറയാനാകില്ലെന്നും തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.

രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് അരിക്കൊമ്പന് മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. ഇവയുടെ സഹായത്തോടെയാണ് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest