Categories
articles Kerala news

പ്രതീക്ഷ നിറച്ച കണ്ണുകളില്‍ കണ്ണീര്‍ നിറച്ച്‌ അവസാനമായി ഒരുനോക്കു മാത്രം; ജന്മനാടിനോട് വിടപറഞ്ഞ കോടിയേരിയെ കാണാൻ ഒഴുകിയെത്തിയത് ജനസഹസ്രം

രാഷ്ട്രീയത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ഇതായിരുന്നു കോടിയേരി

മൃതദേഹം വഹിച്ചുള്ള ഘോഷയാത്രയിൽ അന്തിമോപചാരം അർപ്പിക്കാൻ കാത്തിരുന്നത് സ്ത്രീകളടക്കം പതിനായിരങ്ങൾ. പ്രതീക്ഷ നിറച്ച കണ്ണുകളില്‍ കണ്ണീര്‍ നിറച്ച്‌ അവസാനമായി ഒരുനോക്കു കാണാന്‍ ജന്മനാടിനോട് വിടപറഞ്ഞ കോടിയേരിയെ കാണാൻ ആദരവോടെ ജനസഹസ്രം കണ്ണൂരിലേക്ക് ഒഴുകിയെത്തി.

രാഷ്ട്രീയത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ഇതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എന്ന വ്യക്തി. മാനവികതയുടെ മഹാസൗധം നാടിന് സമര്‍പ്പിച്ചായിരുന്നു കോടിയേരിയുടെ മടക്കം എന്നതും യാദൃശ്ചികം. തിരുവനന്തപുരത്ത് ഇ.കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങായിരുന്നു കോടിയേരി പങ്കെടുത്ത അവസാന പൊതുപരിപാടി.

രാഷ്ട്രീയം, കക്ഷി രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം, മാനവികത… ഇതായിരുന്നു എന്നും കോടിയേരി… ശരീരത്തിലേക്ക് ഒളിച്ചെത്തിയ അര്‍ബുദം തന്‍റെ ജീവിതം കാര്‍ന്നു തിന്നുന്നുണ്ടെന്ന് ബോധ്യമുള്ള ഘട്ടത്തിലെല്ലാം ചിരിക്കാന്‍ ശ്രമിച്ച നേതാവാണ് കോടിയേരി… ആ മനോധൈര്യം എന്നും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു… എന്നാല്‍ തങ്ങളുടെ പ്രിയ നേതാവിന്‍റെ രോഗത്തിന്‍റെ പ്രഹരശേഷി ജനങ്ങള്‍ നേരിട്ടറിഞ്ഞത് ഓഗസ്റ്റ് 18നാണ്.

തലസ്ഥാനത്ത്‌ ചികിത്സയ്‌ക്ക്‌ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അഭയമേകിയ ഇ.കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പുതിയ മന്ദിരം നാടിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കുന്ന ചടങ്ങില്‍. ശരീരം എതിര്‍ത്തു കൊണ്ടേയിരുന്നിട്ടും കോടിയേരി ആ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തു. ഇതായിരുന്നു കോടിയേരി അവസാനമായി പങ്കെടുത്ത പൊതുപരിപാടിയും.. ഇരുന്നാണെങ്കിലും അദ്ദേഹം സംസാരിച്ചു.

സര്‍ക്കാരിനെയും പാര്‍ട്ടിയെയും തകര്‍ക്കാനുള്ള വര്‍ഗീയ ശക്തികളുടെ നീക്കത്തിനെതിരെ അദ്ദേഹം ആ ചടങ്ങില്‍ ആഞ്ഞടിച്ചു. സാന്ത്വന പരിചരണത്തില്‍ ഒരുലക്ഷം വളന്‍റിയര്‍മാരെ റിക്രൂട്ട്‌ ചെയ്യണമെന്നാണ്‌ പാര്‍ട്ടി തീരുമാനിച്ചത്‌.

സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ എല്ലായിടത്തും ശക്തിപ്പെടുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം. ഈ അഭ്യര്‍ഥനയോടെയാണ്‌ കോടിയേരി പ്രസംഗം അവസാനിപ്പിച്ചത്. പുത്തനാശയത്തിന്‍റെ പ്രതീക്ഷ നിറച്ച കണ്ണുകളില്‍ കണ്ണീർ നിറച്ചാണ് കോടിയേരിയുടെ മടക്കം…

വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി വാഹനം നിര്‍ത്തി. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്ബ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക. തുടര്‍ന്ന് ഞായറാഴ്‌ച മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

തിങ്കളാഴ്‌ച രാവിലെ 10 മണിമുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിൻ്റെ വീട്ടിലും 11 മണിമുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. തിങ്കളാഴ്‌ച മൂന്നുമണിക്ക് തലശ്ശേരി പയ്യാമ്പലം ബീച്ചിലെ കമ്യുണിസ്റ്റ് നേതാക്കളായ പൂർവ്വികർക്ക് ഒപ്പം സ്മൃതികുടീരത്തിന് അരികിൽ അന്ത്യവിശ്രമത്തിനായി സംസ്‌കരിക്കും. സംസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest