Categories
Kerala news trending

റോബിൻ ബസിനെ പിന്നിലാക്കി കെ.എസ്‌.ആർ.ടി.സി; പത്തനംതിട്ട കോയമ്പത്തൂർ പുതിയ സർവീസ് ആരംഭിച്ചു

റോബിൻ ബസ് റൂട്ടിൽ പുതിയ സർവീസുമായി കെഎസ്ആർടിസി രംഗത്തെത്തുന്നത്

തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി എ.സി ലോഫ്ലോർ ബസ് സർവീസ് ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്നും ഞായറാഴ്‌ച രാവിലെ 4:30നാണ് ബസ് പുറപ്പെട്ടത്. തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 4:30ന് സർവ്വീസ് നടത്തും. റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ, അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ്.

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സർവീസ് ആരംഭിച്ച റോബിൻ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയതും നാട്ടുകാർ സ്വീകരണം നൽകിയതുമൊക്കെ നേരത്തെ വലിയ വാർത്തയായിരുന്നു. അതിന് പിന്നാലെയാണ് കെഎസ്ആർടിസി ഇതേ റൂട്ടിൽ പുതിയ സർവീസുമായി രംഗത്തെത്തുന്നത്. പത്തനംതിട്ടയിൽനിന്ന് രാവിലെ അഞ്ച് മണിക്കാണ് റോബിൻ ബസ് പുറപ്പെടുന്നത്.

പാലാ തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ ചേര്‍ന്ന് റോബിന്‍ ബസിനെയും ഉടമ ബേബി ഗിരിഷിനെയും സ്വീകരിച്ചത്. മാല അണിയിച്ചും മിഠായി വിതരണം ചെയ്‌തുമാണ് റോബിന്‍ ബസിന്‍റെ വരവ് നാട്ടുകാര്‍ ആഘോഷിച്ചത്.

മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ എം.വി.ഡി തടഞ്ഞിരുന്നു. പെര്‍മിറ്റ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയുടെ പിഴയാണ് എം.വി.ഡി ചുമത്തിയത്.

ചെല്ലാന്‍ നല്‍കിയെങ്കിലും എം.വി.ഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരാന്‍ എം.വി.ഡി അനുവദിച്ചതോടെ അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര തുടര്‍ന്നത്. പിന്നീട് ഓരോ ജില്ലയിലും റോബിൻ ബസ് എം.വി.ഡി ഉദ്യോഗസ്ഥർ തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. തമിഴ്‌നാട്ടിൽ പ്രവേശിച്ചപ്പോൾ അവിടുത്തെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസ് തടഞ്ഞ് പിഴ ഈടാക്കി. എഴുപതിനായിരം രൂപയിൽ അധികമാണ് തമിഴ്‌നാട്ടിൽ പിഴയായി ഈടാക്കിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest