Categories
channelrb special Kerala news

പാര്‍ട്ട്ടൈം ഓണ്‍ലൈൻ ജോലി വാഗ്ദ്ധാനം ചെയ്‌ത്‌ തട്ടിപ്പ്; ആറ് മാസത്തിനിടെ തട്ടിയെടുത്തത് മൂന്ന് കോടി, ജാഗ്രത വേണമെന്ന് സൈബര്‍ പൊലീസ്

ക്രിപ്റ്റോ കറൻസിയുടെ പേരില്‍ കഴിഞ്ഞ ദിവസം യുവാവിന് 93,000 രൂപയാണ് നഷ്ടപ്പെട്ടത്

കണ്ണൂര്‍: ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലിവാഗ്ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഭവം ജില്ലയില്‍ വീണ്ടും വര്‍ധിക്കുന്നതായി സൈബര്‍ സെല്‍ സി.ഐ കെ.സനല്‍കുമാര്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് കോടി രൂപ ജില്ലയില്‍ പലര്‍ക്കായി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണ്‍ലൈൻ പാര്‍ട്ട് ടൈം ജോലി വാഗ്‌ദാനത്തിന് പിന്നിലെ വൻ തട്ടിപ്പിനെ കുറിച്ച്‌ സൈബര്‍ പൊലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഉന്നത ഉദ്യാഗസ്ഥര്‍ പോലും ഇവരുടെ കെണിയില്‍ വീഴുകയാണ്.

അടുത്തിടെ കണ്ണൂരിലെ സര്‍ക്കാ‌ര്‍ ഉന്നത ഉദ്യോഗസ്ഥയ്ക്ക് 59 ലക്ഷമാണ് നഷ്ടമായത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും തട്ടിപ്പിന് ഇരകളാകുന്നുണ്ടെന്നും സി.ഐ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍,സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സോഫ്റ്റ്വെയര്‍ എൻജിനീയര്‍മാര്‍ എന്നിവര്‍ക്കെല്ലാം വൻ തുക ജില്ലയില്‍ നഷ്ടട്മായിട്ടുണ്ട്. യൂട്യൂബില്‍ ചാനലുകള്‍ക്ക് ലൈക്ക് കൊടുക്കല്‍, ഫിലിം റിവ്യൂ, ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കല്‍ എന്നിങ്ങനെയാണ് തുടക്കം.

പിന്നീട് ഇരയുടെ വിശ്വാസ്യത നേടിയ ശേഷം പ്രീമിയം കാറ്റഗറിയില്‍ ഉള്‍പ്പെടിത്തി ടെലിഗ്രാം അക്കൗണ്ടിലേക്ക് ലിങ്ക് നല്‍കി അതില്‍ ജോലി ചെയ്യാൻ ആവശ്യപ്പെടും. ഒരു ഗ്രൂപ്പുണ്ടാക്കി ഇരയെ ആ ഗ്രൂപ്പില്‍ ചേര്‍ക്കുകയും പിന്നീട് 10,000 രൂപയുടെ ടാസ്‌ക് നല്‍കി ക്രിപ്റ്റോ കറൻസിയില്‍ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.

15,000 രൂപ വരെ ഇരയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്‌ത്‌ നല്‍കുന്നതോടെ 50,000 ,ഒരു ലക്ഷം വരെ നിക്ഷേപിക്കാൻ പറയും. തട്ടിപ്പുകാര്‍ ഇരയുടെ അക്കൗണ്ടിലേക്ക് വലിയൊരു തുക ക്രെഡിറ്റ് ചെയ്‌തതിൻ്റെ വ്യാജ രേഖയും സ്ക്രീൻ ഷോട്ടും കാണിക്കും. ഈ തുക തിരിച്ചെടുക്കാൻ കഴിയാതെ വരുമ്പോള്‍ വീണ്ടും പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. അവസാനം വലിയ ഒരു തുക തന്നെ സാധാരണക്കാര്‍ക്ക് നഷ്ടമാകും.

ക്രിപ്റ്റോ കറൻസിയുടെ പേരില്‍ കഴിഞ്ഞ ദിവസം രാത്രി യുവാവിന് 93,000 രൂപയാണ് നഷ്ടപ്പെട്ടത്. വിവിധ സര്‍വ്വീസ് നമ്പറുകള്‍ക്കായി ഗൂഗിള്‍ സെര്‍ച്ച്‌ നടത്തുന്നത് വഴിയും ആളുകള്‍ പറ്റിക്കപ്പെടുന്നുണ്ട്. ഗൂഗിളില്‍ നല്‍കിയിരിക്കുന്ന സര്‍വ്വീസ് നമ്പറുകള്‍ തിരുത്താനുള്ള സാധ്യതയാണ് തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്.

ഹോട്ടലുകള്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ തിരുത്തി വൻ തട്ടിപ്പുകള്‍ നടതത്തുന്നുണ്ട്. എസ്.ബി.ഐയില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥന് ഗൂഗിളില്‍ ബാങ്കിൻ്റെ തന്നെ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ നഷ്‌ടമായത് ലക്ഷങ്ങളാണ്. ബാങ്കുകളുടെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സൈറ്റില്‍ കയറുമ്പോള്‍ യു.ആര്‍.എല്‍ വ്യക്ത്യമായി പിരശോധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിവിധ ആപ്പുകള്‍ വഴി തട്ടിപ്പ് സംഘങ്ങള്‍ വ്യാജ സൈറ്റുകളും സൃഷ്ടിക്കുന്നുണ്ട്. കൂടുതലായും ഓണ്‍ലൈൻ ജോലി വാഗ്ദാനത്തിൻ്റെ പേരിലാണ് തട്ടിപ്പ്. രണ്ടാമത് ഗൂഗിള്‍ സര്‍ച്ചും പിന്നീട് ക്രിപ്റ്റോ കറൻസിയുടെ മറവിലുമാണ് തട്ടിപ്പ് പറ്റിക്കപ്പെട്ടൂവെന്ന് മനസ്സിലായാല്‍ തിടുക്കമോ വെപ്രാളമോ വേണ്ടെന്നും- 1930 എന്ന നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെവിടെ നടന്ന തട്ടിപ്പും ഈ നമ്പറിലേക്ക് വിളിച്ച്‌ പരാതിപ്പെടാം. പൊലീസ് സ്റ്റേഷനിലേക്കോ ബാങ്കികളിലേക്കോ പോയി സമയം നഷ്‌ടപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest